Milad 2021
മാതൃകാ വെളിച്ചം തിരുനബി(സ)
മാതൃകാ വെളിച്ചം തിരുനബി(സ)മാതൃകാ വെളിച്ചം തിരുനബി(സ)തിരുനബി (സ) യുടെ മദ്ഹ് പറയുന്നവരുടെ ഓരത്ത് ചേര്‍ന്നു നില്‍ക്കാന്‍ നമുക്ക് സാധിച്ചു എന്നതാണ് അല്ലാഹു നമുക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്ന്. അതുകൊണ്ട് വിമര്‍ശകരുടെ മുമ്പില്‍ തളരാതെ തലഉയര്‍ത്തി തിരുനബിയെ പറയലാണ് നമ്മുടെ പരമപ്രധാനമായ ദൗത്യങ്ങളിലൊന്ന്.
തിരുനബി (സ) ലോകത്തിന്റെ ഹൃദയ താളമാകുന്ന നിമിഷങ്ങളിലൂടെയാണ് നമ്മള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അവിടുന്ന് ലോകത്തിന് മുമ്പില്‍ പകര്‍ന്നു നല്‍കിയ ഓരോ നിമിഷങ്ങളെയും ഇഷ്ടക്കാരും അനിഷ്ടക്കാരും ഇഴകീറി പരിശോധിക്കുന്നുണ്ട്. ഒരു കൂട്ടര്‍ സ്വയം മറന്ന് തിരുജീവിതത്തിന്റെ മാഹാത്മ്യം പറയുന്നു. മറുവിഭാഗം നഖശിഖാന്തം ആക്രമിച്ചു കൊണ്ടിരിക്കുന്നു. ഈ രണ്ട് വിഭാഗങ്ങളും തിരുനബി (സ) പ്രബോധനം ആരംഭിച്ച കാലം മുതല്‍ നിലനില്‍ക്കുന്നവരാണ്. ആദ്യമായി അല്ലാഹു ഏകനാണെന്നും അവനാണ് നമ്മുടെ സൃഷ്ടികര്‍ത്താവെന്നും തിരുനബി (സ) മക്കക്കാരോട് പ്രഖ്യാപിച്ച സമയത്ത് “നീ നശിച്ചു പോട്ടെ’ എന്നുപറഞ്ഞ് അവിടുത്തെ എതിര്‍ത്തത് പിതൃസഹോദരനായ അബൂലഹബാണ്. അതിന് മറുപടിയെന്നോണമാണ് വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുല്‍ മസദ് അവതരിപ്പിക്കപ്പെടുന്നത്.
തുടര്‍ന്നിങ്ങോട്ട് ഒരേസമയം ശക്തമായ വിമര്‍ശങ്ങളെയും സ്നേഹവായ്പുകളെയും എതിരേറ്റുകൊണ്ട് തന്നെയാണ് തിരുനബി (സ) ജീവിച്ചത്. അവിടുന്ന് ഇഹലോക വാസം വെടിഞ്ഞതിനു ശേഷവും നമ്മളിന്നു നില്‍ക്കുന്ന ഈ നിമിഷം വരെയും ഈ രണ്ട് വിഭാഗങ്ങളും ലോകത്ത് നിലനില്‍ക്കുന്നുണ്ട്. അതില്‍ തിരുനബി (സ) യുടെ മദ്ഹ് പറയുന്നവരുടെ ഓരത്ത് ചേര്‍ന്നു നില്‍ക്കാന്‍ നമുക്ക് സാധിച്ചു എന്നതാണ് അല്ലാഹു നമുക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്ന്. അതുകൊണ്ട് വിമര്‍ശകരുടെ മുമ്പില്‍ തളരാതെ തലഉയര്‍ത്തി തിരുനബിയെ പറയലാണ് നമ്മുടെ പരമപ്രധാനമായ ദൗത്യങ്ങളിലൊന്ന്.എന്തിനാണ് ദൈവ ദൂതന്മാര്‍ എന്ന് ചോദിക്കുന്നവരുണ്ട്. മറുപടി കൃത്യമാണ്, നന്മയും തിന്മയും വേര്‍തിരിച്ചു മനസ്സിലാക്കി തരാനും നന്മയില്‍ അടിയുറച്ച് നില്‍ക്കണമെന്നും എങ്കിലേ നമുക്ക് വിജയിക്കാനാകൂ എന്ന് ബോധ്യപ്പെടുത്താനുമാണ്. നന്മയും തിന്മയും വേര്‍തിരിച്ചറിയുമ്പോഴേ മനുഷ്യനിലെ കാട്ടാളനില്‍ നിന്ന് മാനവികതയെ പുറത്തെടുക്കാന്‍ സാധിക്കുകയുള്ളൂ. ഈ കാര്യം ശാസ്ത്രത്തിന് സാധിക്കുകയില്ലേ? രണ്ടാമത്തെ ചോദ്യമാണ്. ഇല്ല. നമ്മുടെ മുമ്പിലുള്ള കാര്യം നന്മയാണോ തിന്മയാണോ എന്ന് ബോധ്യപ്പെടുത്താന്‍ ഒരിക്കലും ശാസ്ത്രത്തിനോ ഭൗതിക യുക്തിക്കോ സാധിക്കുകയില്ല. ഉദാഹരണമായി പറഞ്ഞാല്‍ ഉമ്മയും ഭാര്യയും. ശാസ്ത്രത്തിന് മുമ്പില്‍ ഇവര്‍ രണ്ട് പേരും സ്ത്രീകള്‍ മാത്രമാണ്. എന്നാല്‍ മതമാണ് അവരെ ഉമ്മയും ഭാര്യയുമായി വേര്‍തിരിച്ചു തരുന്നത്. ലോകത്ത് ഏത് വിശ്വാസമില്ലാത്തവനും കാത്തുസൂക്ഷിക്കുന്ന ധാര്‍മിക ബോധം അവന്‍ ആര്‍ജിച്ചത് പ്രവാചകന്മാര്‍ ലോകത്ത് പഠിപ്പിച്ചു പോയ ധാര്‍മിക മൂല്യങ്ങളില്‍ നിന്നാണ്. എന്തായിരുന്നു തിരുനബി (സ) ലോകത്തിന് സമ്മാനിച്ച ധാര്‍മിക ബോധം എന്ന് വ്യക്തമാകണമെങ്കില്‍ അവിടുന്ന് നിയുക്തമായ ആറാം നൂറ്റാണ്ടിന്റെ സാമൂഹിക അന്തരീക്ഷമെന്തായിരുന്നു എന്നുള്ള ചരിത്രാന്വേഷണം കൂടെ നടത്തണം. ചരിത്രം അറിയാത്തവന് വര്‍ത്തമാനവും ഭാവിയുമില്ലായെന്ന ഒരു അറബി ആപ്തവാക്യമുണ്ട്. സത്യമാണത്. ആധുനിക ലോകത്ത് നമ്മള്‍ വായിച്ചും കേട്ടും നേരിട്ടനുഭവിച്ച ഒന്ന് രണ്ട് സംഭവങ്ങളെ ഉദാഹരിച്ചതിന് ശേഷം ഇതേ സന്ദര്‍ഭം തിരുനബി (സ)യുടെ കാലത്ത് സംഭവിച്ചപ്പോള്‍ അവിടുത്തെ നിലപാട് എന്തായിരുന്നു എന്നുകൂടെ പഠിച്ചാല്‍ ഇത് വളരെ പെട്ടെന്ന് ഗ്രഹിക്കാന്‍ സാധിക്കും. ഒന്ന്, 2020 മെയ് 25ന് അമേരിക്കയിലെ മിനസോട്ടയിലെ മിനിയാപോലിസ് നഗരത്തില്‍, വ്യാവസായിക കേന്ദ്രത്തിനു തെക്കുള്ള അയല്‍ പ്രദേശമായ പൗഡര്‍ഹോണ്‍ എന്ന സ്ഥലത്തുവെച്ചാണ് ജോര്‍ജ് ഫ്ളോയിഡ് എന്ന കറുത്തവര്‍ഗക്കാരന്‍ കൊലചെയ്യപ്പെടുന്നത്. ഡെറെക് ഷോവിന്‍ എന്ന കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥന്‍ എട്ട് മിനുട്ട് 46 സെക്കന്‍ഡ് സമയം ഫ്ളോയിഡിന്റെ കഴുത്തില്‍ മുട്ടുകുത്തി ശ്വാസം മുട്ടിച്ചപ്പോഴാണ് മരണം സംഭവിച്ചത്. 2.53 മിനുട്ടില്‍ തന്നെ അദ്ദേഹത്തിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടിരുന്നു. “എനിക്ക് ശ്വാസം മുട്ടുന്നേ’ എന്ന് അദ്ദേഹം നിലവിളിച്ചിരുന്നു. എന്നിട്ടൊന്നും ആ വെള്ളക്കാരനായ പോലീസിന്റെ മനസ്സലിഞ്ഞില്ല. കാരണം ഫ്ളോയിഡ് ഒരു കറുത്ത വര്‍ഗക്കാരനായിരുന്നു. പുരോഗമന വാദത്തിന്റെ തലസ്ഥാന നഗരിയെന്ന് വീമ്പു പറയുന്ന അമേരിക്കയിലെ വര്‍ണ വിവേചനത്തിന്റെ ആധുനിക മുഖമാണ് നമ്മളന്ന് കണ്ടത്.രണ്ട്, ഈയിടെ ഞാന്‍ കേട്ട, എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു അഭിമുഖമാണ്. അത് അമേരിക്കന്‍ ബോക്സറായിരുന്ന മുഹമ്മദലി ക്ലേയുടേതാണ് (കാഷ്യസ് മാര്‍ഷ്യലസ് ക്ലേ എന്ന പേരില്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം പിന്നീട് മുസ്‌ലിമായതാണ്). ആ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു: “ചെറുപ്പത്തില്‍ ഞാനെന്റെ അമ്മയോട് ചോദിക്കുമായിരുന്നു, അമ്മേ എന്തുകൊണ്ടാണ് എല്ലാം വെളുത്തിരിക്കുന്നത്? ജീസസിന് എന്തുകൊണ്ടാണ് ചുകന്ന മുടിയും നീല കണ്ണുകളും? അവസാന അത്താഴത്തിലെ എല്ലാവരും വെളുത്തിരിക്കുന്നത് എന്തുകൊണ്ടാണ്? എല്ലാ മാലാഖമാര്‍ക്കും വെളുത്ത നിറം എന്തുകൊണ്ടാണ്? വിശുദ്ധ മറിയവും പോപ്പുമാരും എല്ലാം വെളുത്തിരിക്കുന്നല്ലോ….’ തുടര്‍ന്ന് അദ്ദേഹം വളരെ ആക്ഷേപഹാസ്യ രൂപേണ ചോദിക്കുന്നുണ്ട്, “അമ്മേ, നമ്മള്‍ മരിച്ചാല്‍ സ്വര്‍ഗത്തിലേക്ക് പോകുമോ’? അമ്മ പറഞ്ഞു, “അതേ, സ്വാഭാവികമായും നമ്മള്‍ സ്വര്‍ഗത്തിലേക്ക് പോകും’. “അപ്പോള്‍ അവിടെയുള്ള കറുത്ത മാലാഖമാരൊക്കെ നമ്മോടൊപ്പം ഫോട്ടോയെടുക്കുമോ! ഹോ എനിക്കറിയാം, അവിടെ സ്വര്‍ഗത്തില്‍ വെളുത്തവരും ഉണ്ടാകുമല്ലോ. ആ സമയത്ത് അവര്‍ക്കു വേണ്ട തേനും പാലും അടുക്കളയില്‍ ഒരുക്കുന്ന തിരക്കിലായിരിക്കുമല്ലേ കറുത്ത മാലാഖമാര്‍.’ തന്റെ ആ അഭിമുഖത്തില്‍ വളരെ രസകരമായ രീതിയില്‍, എന്നാല്‍ ചിന്തിപ്പിക്കുന്ന തരത്തില്‍ അദ്ദേഹം താനനുഭവിച്ച വര്‍ണ വിവേചനത്തെ കുറിച്ച് പറയുന്നു. അമേരിക്കക്ക് വേണ്ടി ഒളിമ്പിക്സ് മെഡല്‍ നേടിയതിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ മുഹമ്മദലി ഒരുദിവസം ഹോട്ടലില്‍ കയറി അഭിമാനത്തോടെ ജ്യൂസ് ഓഡര്‍ ചെയ്യുന്ന സന്ദര്‍ഭം കൂടെ അദ്ദേഹം വിവരിക്കുന്നുണ്ട്. വെയ്റ്റര്‍ അദ്ദേഹത്തിന്റെ മുഖത്ത് നോക്കി പറഞ്ഞുവത്രെ, “ഞങ്ങളിവിടെ നീഗ്രോകള്‍ക്ക് സെര്‍വ് ചെയ്യാറില്ല’യെന്ന്.ഈ സാഹചര്യമുള്ള ആധുനിക ലോകത്ത് നിന്ന് ഇനി 1,500 വര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള തിരുനബി (സ) യുടെ കാലത്തിലേക്ക് പോകാം. അവിടെ ഹബ്ശക്കാരനായ കറുകറുത്ത നീഗ്രോ വംശജനായ ബിലാലുബ്നു റബാഹയുണ്ടായിരുന്നു. മനുഷ്യനായിട്ടാണ് ജനിച്ചതെങ്കിലും ജീവിതത്തിലൊരിക്കല്‍ പോലും ആ പരിഗണന ലഭിക്കാത്തവനായിരുന്നു അദ്ദേഹം. യജമാനന്മാരുടെ ഒട്ടക തൊഴുത്തില്‍ പോലും അന്തിയുറങ്ങാന്‍ യോഗ്യതയില്ലാത്തവനെന്ന് വിധി എഴുതപ്പെട്ടവന്‍. ആട്ടും തുപ്പുമായി ജീവിതം നയിച്ചിരുന്നവര്‍. അവസാനം ഇസ്‌ലാം സ്വീകരിക്കുകയും അബൂബക്കര്‍ സിദ്ദീഖ് (റ)വിലൂടെ അവിടുന്ന് അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. തുടര്‍ന്നിങ്ങോട്ട് ഒരു തരത്തിലുള്ള വിവേചനവും അവിടുന്ന് അനുഭവിച്ചിട്ടില്ല. എന്നു മാത്രമല്ല, മക്കാ വിജയത്തിന് ശേഷം ലോക മുസ്‌ലിംകളുടെ ആശാ കേന്ദ്രവും ലോകത്തിലെ ആദ്യത്തെ അല്ലാഹുവിന്റെ ഭവനവുമായ വിശുദ്ധ കഅ്ബയില്‍ കയറി ബാങ്ക് വിളിക്കാന്‍ തിരുനബി (സ) ബിലാല്‍ (റ)വിനെ ഏല്‍പ്പിക്കുന്ന സന്ദര്‍ഭമുണ്ട്. തലമുതിര്‍ന്ന ഗോത്ര നേതാക്കളെല്ലാമുള്ള ആ സദസ്സില്‍ വെച്ചാണ് തിരുനബി (സ) ബിലാല്‍ എന്നവരെ ഏറ്റവും മഹത്തരമായ ആ ഉത്തരവാദിത്വമേല്‍പ്പിക്കുന്നത്.
ചരിത്രത്തില്‍ തങ്കലിപികളാല്‍ തുന്നിച്ചേര്‍ക്കപ്പെട്ട ആ സന്ദര്‍ഭം ആധുനിക ലോകത്തെ മേല്‍പറഞ്ഞ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി ആലോചിക്കണം. തിരുനബി (സ)യുടെ തീരുമാനത്തെ മടിയേതും കൂടാതെ സ്വീകരിച്ച പ്രിയപ്പെട്ട പ്രവാചകാനുചരന്മാര്‍ക്ക് മുമ്പില്‍ ആധുനിക പുരോഗമനവാദികള്‍ക്ക് പാഠമില്ലേ. അവിടുത്തെ മുമ്പില്‍ തറവാടോ വര്‍ണമോ വര്‍ഗമോ ആയിരുന്നില്ല മാനദണ്ഡം. ഓരോ മനുഷ്യരിലും അന്തര്‍ലീനമായിട്ടുള്ള കഴിവും പ്രാപ്തിയുമായിരുന്നു, അവരുടെ വിശുദ്ധമായ ഹൃദയവും.മതം ഗുണകാംക്ഷയാകുന്നു, മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്, കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍പ്പെട്ടവനല്ല, വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണ്, ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പറയരുത്, നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്, നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്, ഒരാള്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം, ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം, പരസ്പരം കരാറുകള്‍ പലിക്കണം, അതിഥികളെ ആദരിക്കണം, അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലൂടെയോ വന്നാലും സ്വീകരിക്കരുത്, ആപത്കരമെങ്കിലും സത്യം പറയുക, വിജയം അതിലാണുള്ളത്. തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും തുടങ്ങി മാനവികതയുടെ വാചകങ്ങള്‍ മാത്രം 14 നൂറ്റാണ്ടുകള്‍ക്കപ്പുറം ഒരു മനുഷ്യന്‍ ലോകര്‍ക്ക് മുമ്പില്‍ പറഞ്ഞും മാതൃക കാട്ടിയും ജീവിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അതൊരു സാധാരണ മനുഷ്യനാകാന്‍ വഴിയില്ല. തിരുനബി(സ) സ്ഥാപിച്ച ഈ ഇസ്‌ലാമിനെ ഇന്ന് പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ എങ്ങനെയാണ് ലോകത്തിന് സാധിക്കുന്നത്? എന്ന് മുതലാണ് ലോകത്തിന് മുമ്പില്‍ ഇസ്‌ലാം പ്രതിസ്ഥാനത്ത് വന്നുതുടങ്ങിയത് എന്ന എന്റെ വ്യക്തിപരമായ അന്വേഷണത്തിന്റെ ഒരുവശം ചെന്നു നിന്നത് അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 1992ല്‍ സാമുവല്‍ പി ഹണ്ടിംഗ്ടണ്‍ അവതരിപ്പിച്ച തീസിസിലാണ്. “ദ ക്ലാഷ് ഓഫ് സിവിലൈസേഷന്‍’ എന്ന തന്റെ പഠന പ്രബന്ധത്തില്‍ അദ്ദേഹം പറയുന്ന കാര്യം “ഭാവിയില്‍ യുദ്ധങ്ങള്‍ രാജ്യങ്ങള്‍ തമ്മില്‍ ആയിരിക്കുകയില്ല, മറിച്ച് സംസ്‌കാരങ്ങള്‍ തമ്മിലായിരിക്കും എന്നാണ്. 1991ല്‍ യു എസ് എസ് ആറിന്റെ വീഴ്ചയോട് കൂടി മുതലാളിത്ത രാജ്യങ്ങള്‍ക്ക് അവര്‍ക്ക് മുമ്പില്‍ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ശത്രുക്കളില്ലാത്ത അവസ്ഥ സംജാതമായി. എന്നാല്‍ ഈ പ്രശ്നത്തിന് അവര്‍ കണ്ട പരിഹാരമാണ് ഇസ്‌ലാം. അങ്ങനെ ലോകത്ത് നടക്കുന്ന തെറ്റുകളുടെയെല്ലാം ഉത്തരവാദിത്വം അവര്‍ ഇസ്‌ലാമിന്റെ മേല്‍ കെട്ടിവെച്ചു. തെറ്റിദ്ധരിക്കപ്പെട്ടവരോട് പറയാനുള്ളത്, അടുത്തറിയാന്‍ ശ്രമിക്കുകയെന്നതാണ്. പ്രത്യേകിച്ച് തിരുനബി(സ)യുടെ ജീവിതവും അധ്യാപനങ്ങളും.