Connect with us

articles

മധ്യകാലത്തിന് തിരുത്തല്ല ആധുനിക ഇന്ത്യ

ആരാധനാലയത്തിന്റെ മതപരമായ സ്വഭാവത്തില്‍ തര്‍ക്കമുന്നയിക്കുന്ന ഒരു ഹരജിയും സുപ്രീം കോടതിയുടെ അനുമതി ഇല്ലാതെ കോടതികള്‍ സ്വീകരിക്കരുതെന്ന അസാധാരണ ഉത്തരവ് സാമൂഹികാന്തരീക്ഷം വഷളായിക്കൊണ്ടിരിക്കുന്ന നടപ്പു കാലത്തെ അനിവാര്യതയാണ്. അതിന് ഭരണഘടനയുടെ 142ാം അനുഛേദ പ്രകാരമുള്ള സവിശേഷാധികാരം സുപ്രീം കോടതി വിനിയോഗിക്കണം. ഏതെങ്കിലുമൊരു സിവില്‍ ജഡ്ജിയുടെ വിവേകരഹിതമായ തീര്‍പ്പില്‍ രാജ്യത്തെ സാമുദായിക ഐക്യം താറുമാറായിക്കൂടാ.

Published

|

Last Updated

ഷാബാനു കേസിലെ സുപ്രീം കോടതി വിധി രാജ്യത്ത് ശരീഅത്ത് വിവാദത്തിന് തിരികൊളുത്തിയ നാളുകള്‍. മുസ്‌ലിം വ്യക്തിനിയമത്തില്‍ കോടതി കൈകടത്തുന്നെന്ന പ്രചാരണത്തിനൊപ്പം ശരീഅത്ത് വിരുദ്ധ, മുസ്‌ലിം വിദ്വേഷ പ്രചാരണങ്ങള്‍ക്ക് രാജ്യത്തെ തീവ്രവലതുപക്ഷം നേതൃത്വം നല്‍കിയപ്പോള്‍ കാര്യങ്ങള്‍ വര്‍ഗീയ ധ്രുവീകരണത്തിലേക്ക് എളുപ്പം വഴുതിവീണു.

വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെ പ്രഗത്ഭ നിയമ പണ്ഡിതനായ വി ആര്‍ കൃഷ്ണയ്യര്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് അയച്ച കത്തില്‍ നല്‍കിയ മുന്നറിയിപ്പിന് പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ സവിശേഷ പ്രാധാന്യമുണ്ട്. ഉറങ്ങിക്കിടക്കുന്ന ഹിന്ദു സ്വത്വങ്ങളെ പ്രകോപിപ്പിക്കരുതെന്നായിരുന്നു ആ മുന്നറിയിപ്പ്. ഇന്നിപ്പോള്‍ രാജ്യത്തെ മസ്ജിദുകളില്‍ അവകാശം സ്ഥാപിക്കാന്‍ ഉണര്‍ന്നിരിക്കുന്ന ഹിന്ദുത്വ ശക്തികളുടെ കൈയിലേക്ക് കച്ചിത്തുരുമ്പ് നല്‍കിയിരിക്കുന്നത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് കഴിഞ്ഞ മാസം വിരമിച്ച ഡി വൈ ചന്ദ്രചൂഡാണ്. ബാബരിയുടെ ഓര്‍മകള്‍ക്ക് മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന ഘട്ടത്തിലായിരുന്നു രാജ്യത്തിന്റെ മതനിരപേക്ഷതക്ക് വലിയ പോറലേല്‍പ്പിക്കാന്‍ പോന്ന പണ്ടോറ പെട്ടി മിസ്റ്റര്‍ ചന്ദ്രചൂഡ് തുറന്നത്.

നാനാത്വത്തിലെ ഏകത്വത്തില്‍ വിശ്വസിക്കുന്ന മതനിരപേക്ഷ ഇന്ത്യയോട് ചെയ്ത മാപ്പര്‍ഹിക്കാത്ത അഭിപ്രായ പ്രകടനമായിരുന്നു ഗ്യാന്‍വാപി കേസിന്റെ വിചാരണക്കിടെ 2022 മെയ് മാസത്തില്‍ ഡി വൈ ചന്ദ്രചൂഡ് നടത്തിയത്. 1947 ആഗസ്റ്റ് പതിനഞ്ചിന് ഒരു ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം എന്തായിരുന്നെന്ന് നിര്‍ണയിക്കാന്‍ 1991ലെ ആരാധനാലയ നിയമം തടസ്സമല്ലെന്നായിരുന്നു ആ വിവാദ നിരീക്ഷണം. തുടര്‍ന്ന് അദ്ദേഹം നേതൃത്വം നല്‍കിയ സുപ്രീം കോടതി ബഞ്ച് ഗ്യാന്‍വാപി മസ്ജിദില്‍ അവകാശവാദമുന്നയിക്കുന്ന ഹരജി തടയാന്‍ വിസമ്മതിക്കുകയും ഹരജി നിയമപരമായി നിലനില്‍ക്കുന്നതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ വിചാരണാ കോടതിയില്‍ ഉന്നയിക്കാമെന്നുള്ള തീര്‍പ്പിലെത്തുകയുമായിരുന്നു. രാജ്യത്തെ ന്യൂനപക്ഷ ആരാധനാലയങ്ങള്‍ക്ക് മേല്‍ ശൂന്യതയില്‍ നിന്ന് അവകാശ തര്‍ക്കങ്ങള്‍ രൂപപ്പെടുത്തി കൊണ്ടിരിക്കുന്ന അപകടകരമായ പ്രവണതയെ മുളയിലേ നുള്ളാനുള്ള ആദ്യ അവസരം നഷ്ടപ്പെടുത്തുകയായിരുന്നു സുപ്രീം കോടതി. ഡി വൈ ചന്ദ്രചൂഡിന്റെ അബദ്ധപൂര്‍ണവും അവധാനതയില്ലാത്തതുമായ സമീപനത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങളാണ് രാജ്യമിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള മസ്ജിദുകള്‍ക്കെതിരെ സംഘ്പരിവാര്‍ തിരശ്ശീലക്കപ്പുറത്ത് നിന്ന് പണിയെടുത്ത് കൊണ്ടിരിക്കുന്നതിന്റെ ഫലമാണ് പുതിയ അവകാശ തര്‍ക്കങ്ങള്‍ കോടതിയിലെത്തുന്നത്. 1991ലെ ആരാധനാലയ നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന അവകാശ തര്‍ക്ക ഹരജികള്‍ ഇടംവലം നോക്കാതെ വാങ്ങിവെക്കുന്ന സിവില്‍ കോടതികള്‍ ഹരജികള്‍ നിലനില്‍ക്കുമെന്നതിന് നിദാനമായി ചൂണ്ടിക്കാട്ടുന്നത് സുപ്രീം കോടതിയില്‍ ഡി വൈ ചന്ദ്രചൂഡ് വാക്കാല്‍ എഴുന്നള്ളിച്ച അബദ്ധമാണ്. മതപരമായ സ്വഭാവമെന്തെന്നത് തര്‍ക്കത്തിലായിരുന്നു.

അതിനാല്‍ 1947 ആഗസ്റ്റ് പതിനഞ്ചിന് പ്രസ്തുത കെട്ടിടം പള്ളിയോ ക്ഷേത്രമോ എന്നത് തീരുമാനിക്കേണ്ടിയിരിക്കുന്നെന്ന് ഗ്യാന്‍വാപി മസ്ജിദിനെ പ്രതി തികഞ്ഞ ലാഘവത്തോടെയാണ് ഹരജി നിലനില്‍ക്കുമെന്നതിന് അലഹബാദ് ഹൈക്കോടതി ന്യായം പറഞ്ഞത്. മഥുരയിലെ ശാഹി ഈദ് ഗാഹ് മസ്ജിദ് കേസിലും മേല്‍ചൊന്ന ന്യായം ചൂണ്ടിക്കാട്ടി ഹരജി നിലനില്‍ക്കുമെന്ന വിധിയിലെത്തുകയായിരുന്നു അലഹബാദ് ഹൈക്കോടതി.

ബാബരിയില്‍ ഒടുക്കമല്ല, തുടക്കമെന്ന്
ബാബരി വിധി തെറ്റായ കീഴ്്വഴക്കം സൃഷ്ടിച്ചെന്നത് നേര് തന്നെ. അപ്പോഴും വിധിയാനന്തരം മസ്ജിദ് – മന്ദിര്‍ തര്‍ക്കങ്ങള്‍ എക്കാലത്തേക്കുമായി കൊട്ടിയടക്കപ്പെടുമെന്ന് മതനിരപേക്ഷ ഇന്ത്യ കരുതി. ആ വിചാരമാകാം രാമക്ഷേത്രം നിര്‍മിക്കുന്നത് അനുവദിക്കാന്‍ സുപ്രീം കോടതിയെ പ്രേരിപ്പിച്ചതും. അങ്ങനെയായിരുന്നെങ്കില്‍ പോലും ബാബരി വിധി തെറ്റായിരുന്നുവെന്നത് വേറെക്കാര്യം. നേരത്തേ ഉണ്ടായിരുന്നു എന്നവകാശപ്പെടുന്ന ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചതെന്നതിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്നതും 1949ല്‍ പള്ളിക്കുള്ളില്‍ പ്രതിഷ്ഠ വെച്ചതും 1992ല്‍ മസ്ജിദ് തകര്‍ത്തതും നിയമവിരുദ്ധമാണെന്നതുമായിരുന്നല്ലോ ബാബരി വിധിയുടെ ഉള്ളടക്കം.

മധ്യകാല ഭരണാധികാരികളുടെ ചരിത്രപരമായ തെറ്റുകളെ ഇന്ത്യയെന്ന ആധുനിക ആശയത്തിന്റെ നീതിന്യായ സംവിധാനത്തിന് തിരുത്താനാകില്ലെന്ന് വിധിയെഴുതിയ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബഞ്ച് 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ ഭരണഘടനാ സാധുത നിസ്സംശയം ശരിവെച്ചു. വിധിയിലെ അഞ്ച് പേജ് പ്രസ്തുത നിയമത്തിലെ ഭരണഘടനാപരതയും മതനിരപേക്ഷ മൂല്യവും എടുത്തുകാട്ടുന്നതായിരുന്നു. എല്ലാ മതങ്ങള്‍ക്കും തുല്യത ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വവും മതനിരപേക്ഷത ഭരണഘടനയുടെ അടിസ്ഥാന സ്വഭാവവുമാണ്. ആരാധനാലയ നിയമത്തിന്റെ പൊരുള്‍ ഇതാണെന്ന് ബാബരി വിധിയില്‍ പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടിയെങ്കില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ മസ്ജിദുകള്‍ക്ക് മേല്‍ അവകാശവാദമുന്നയിച്ചു കൊണ്ടുള്ള ഹരജികള്‍ ഓരോന്നായി കോടതി കയറുന്നതാണ് നാം കണ്ടത്.

മഥുരയിലെ ശാഹി ഈദ് ഗാഹ് മസ്ജിദ്, വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ് എന്നിവ അതില്‍ പ്രധാനമാണെങ്കില്‍ അതിപ്പോള്‍ സംഭല്‍ ശാഹി ജുമാ മസ്ജിദിലെത്തിയിരിക്കുകയാണ്. അടുത്ത മസ്ജിദ് ഏതെന്ന് ചോദിക്കുകയേ വേണ്ടൂ എന്ന നിലയിലാണ് തെളിവുകളില്‍ അശേഷം ഊന്നിക്കാണാത്ത ഹരജികളുടെ പോക്ക്. സംഭലില്‍ വിചാരണാ കോടതി കാണിച്ച തിടുക്കം അമ്പരപ്പിക്കുന്നതായിരുന്നു. ഏകപക്ഷീയ വിധിയും അഡ്വക്കേറ്റ്‌സ് കമ്മീഷനെ നിയമിക്കലും നമ്മുടെ ജുഡീഷ്യറി പരിചയിച്ചിട്ടില്ലാത്ത വേഗത്തിലായിരുന്നു. ഒടുവില്‍ സര്‍വേ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നല്ലോ.

സംഭല്‍ മസ്ജിദ്ആരാധനാലയം മാത്രമോ
ആരാധനാലയം ചരിത്ര സ്മാരകമാണെങ്കില്‍ 1958ലെ ആന്‍ഷ്യന്‍ഡ് മൊന്യുമെന്റ്‌സ് ആന്‍ഡ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്‌സ് ആന്‍ഡ് റിമൈന്‍സ് ആക്ടിന്റെ പരിധിയിലാണ് വരുന്നത്. അവിടെ 1991ലെ ആരാധനാലയ നിയമം ബാധകമല്ല. മേൽപ്പറഞ്ഞ ആക്ടിലെ 16ാം വകുപ്പ് പ്രകാരം സംരക്ഷിത സ്മാരകം ആരാധനാലയമാണെങ്കില്‍ അതിന്റെ സ്വഭാവവുമായി പൊരുത്തപ്പെടാത്ത ഒരാവശ്യത്തിനും അത് ഉപയോഗിക്കാവതല്ല. അപ്പോള്‍ സംരക്ഷിത സ്മാരകം മസ്ജിദാണെങ്കില്‍ അത് ക്ഷേത്രമായി ഉപയോഗിക്കാന്‍ പാടില്ല തന്നെ.

സംഭല്‍ മസ്ജിദ് 1904ലെ ആന്‍ഷ്യന്‍ഡ് മൊന്യുമെന്റ്‌സ് പ്രിസര്‍വേഷന്‍ ആക്ടിന് കീഴില്‍ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കപ്പെട്ടതാണ്. ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട 1904ലെ നിയമത്തിന് ബദലായി കൊണ്ടുവന്ന, പരിഷ്‌കരിച്ച നിയമമാണ് 1958ലെ ആന്‍ഷ്യന്‍ഡ് മൊന്യുമെന്റ്‌സ് ആന്‍ഡ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്‌സ് ആന്‍ഡ് റിമൈന്‍സ് ആക്ട്. സംഭല്‍ മസ്ജിദിനെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി അംഗീകരിച്ചതുമാണ്. പക്ഷേ മസ്ജിദിന് ഗുണവിശേഷങ്ങള്‍ എന്തുണ്ടായാലും അതൊന്നും സംഘ്പരിവാറിനെ തങ്ങളുടെ ചരിത്ര അപനിര്‍മാണ ശ്രമങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പോന്നതല്ലെന്ന് തന്നെയാണ് മനസ്സിലാകുന്നത്.

ആരാധനാലയ നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നു
സംഭലില്‍ സംഭവിച്ചത് പോലെയുള്ള സംഘര്‍ഷങ്ങളിലേക്ക് രാജ്യം എടുത്തെറിയപ്പെടാതിരിക്കാനാണ് 1991ലെ ആരാധനാലയ നിയമം. പിന്നെയെങ്ങനെയാണ് മസ്ജിദുകള്‍ക്ക് മേല്‍ അവകാശവാദമുന്നയിക്കുന്ന ഹരജികള്‍ കോടതികള്‍ സ്വീകരിക്കുന്നതെന്ന കാര്യം ഗൗരവമായി കാണേണ്ടതാണ്.

ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം നിര്‍ണയിക്കുന്നതിനെ 1991ലെ ആരാധനാലയ നിയമം തടയുന്നില്ലെന്ന വ്യാഖ്യാനം പ്രസ്തുത നിയമത്തിന്റെ പൊരുളിന് നിരക്കാത്തതാണ്. ആരാധനാലയത്തിന് മാറ്റം വരുത്തുന്നത് മേല്‍ചൊന്ന നിയമപ്രകാരം നിയമവിരുദ്ധമാണെങ്കില്‍ രാജ്യം സ്വാതന്ത്ര്യം നേടിയ ദിനത്തിലെ അതിന്റെ മതപരമായ സ്വഭാവം എന്തായിരുന്നെന്ന് നിര്‍ണയിക്കുന്നതും നിയമവിരുദ്ധം തന്നെ. ആരാധനാലയത്തിന് മാറ്റം വരുത്താനാകില്ലെങ്കില്‍ അതിന്റെ മതപരമായ സ്വഭാവം മറ്റെന്തോ ആണെന്ന് പ്രഖ്യാപിക്കുന്നതിന്റെ ലക്ഷ്യമെന്താണ്? ആ പ്രഖ്യാപനം യഥാര്‍ഥത്തില്‍ ആരാധനാലയത്തിന് മാറ്റംവരുത്തല്‍ തന്നെയാണ്. അതായത് നിയമം പ്രത്യക്ഷത്തില്‍ നിരോധിച്ചത് പരോക്ഷമായി ചെയ്യുന്നു. അതിന് കോടാലിക്കൈയായ രാജ്യത്തിന്റെ മുന്‍ മുഖ്യ ന്യായാധിപന്‍ ചരിത്രത്തിന്റെ ഇരുണ്ട ഏടുകളിലാണ് തന്റെ നാമം എഴുതി ചേര്‍ത്തിരിക്കുന്നത്. മുക്കാല്‍ നൂറ്റാണ്ട് മുമ്പുള്ള, മതപരമായ സ്വഭാവം പുതിയ കാലത്ത് കോടതികള്‍ എങ്ങനെയാണ് നിര്‍ണയിക്കുകയെന്നതും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

രാജ്യത്ത് മതം സെന്‍സിറ്റീവ് ഇഷ്യൂവാണെന്ന കാര്യം നമ്മുടെ ജുഡീഷ്യറി മറക്കുന്നത് ക്ഷന്തവ്യമല്ല. നൂറ്റാണ്ടുകളായി ഒരു വിഭാഗം ആരാധന നടത്തിപ്പോരുന്ന ആരാധനാലയത്തില്‍ അവകാശവാദമുന്നയിച്ച് സമര്‍പ്പിക്കുന്ന സിവില്‍ ഹരജി സാധാരണ ഹരജിയല്ല. രാജ്യത്തെ സാമുദായിക ഐക്യവും സാധാരണക്കാരുടെ ജീവിതവും മുന്‍നിര്‍ത്തി അവധാനതയോടെ മാത്രമേ അത്തരം ഹരജികളോട് കോടതികള്‍ പ്രതികരിക്കാവൂ. സംഭലിലുണ്ടായ ദാരുണമായ സംഭവങ്ങള്‍ നമ്മുടെ ജുഡീഷ്യറിയുടെ കണ്ണുതുറപ്പിക്കണം. 1991ലെ ആരാധനാലയ നിയമത്തിന്റെ ലക്ഷ്യവും ഉദ്ദേശ്യവും പരിഗണിച്ചു കൊണ്ടുള്ള വ്യക്തത വരുത്തല്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടാകണം.

ആരാധനാലയത്തിന്റെ മതപരമായ സ്വഭാവത്തില്‍ തര്‍ക്കമുന്നയിക്കുന്ന ഒരു ഹരജിയും സുപ്രീം കോടതിയുടെ അനുമതി ഇല്ലാതെ കോടതികള്‍ സ്വീകരിക്കരുതെന്ന അസാധാരണ ഉത്തരവ് സാമൂഹികാന്തരീക്ഷം വഷളായിക്കൊണ്ടിരിക്കുന്ന നടപ്പു കാലത്തെ അനിവാര്യതയാണ്. അതിന് ഭരണഘടനയുടെ 142ാം അനുഛേദ പ്രകാരമുള്ള സവിശേഷാധികാരം സുപ്രീം കോടതി വിനിയോഗിക്കണം. ഏതെങ്കിലുമൊരു സിവില്‍ ജഡ്ജിയുടെ വിവേകരഹിതമായ തീര്‍പ്പില്‍ രാജ്യത്തെ സാമുദായിക ഐക്യം താറുമാറായിക്കൂടാ. ഇന്ത്യയെന്ന ആധുനിക ആശയത്തിന്റെ വര്‍ത്തമാനവും ഭാവിയും ഭൂതകാലത്തിന്റെ തടവറയില്‍ ഞെരിഞ്ഞമര്‍ന്ന് മൃതിയടയാനും പാടില്ല.

Latest