Kannur
ആധുനിക രീതി ശാസ്ത്രങ്ങൾ സാമൂഹിക പുരോഗതിക്ക് വേണ്ടിയാവണം: പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ
എസ് എസ് എഫ് കണ്ണൂർ ജില്ല ക്യാമ്പസ് അസംബ്ലി സമാപിച്ചു
ഇരിട്ടി | ശാസ്ത്രീയവും സാങ്കേതികവുമായ ആധുനിക രീതി ശാസ്ത്രങ്ങൾ സാമൂഹിക പുരോഗതിക്ക് വേണ്ടിയാവണം ഉപയോഗിക്കേണ്ടതെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ. ലെറ്റ്സ് സ്മൈൽ ഇറ്റ്സ് ചാരിറ്റി എന്ന പ്രമേയത്തിൽ ഡിസംബർ 25,26 തിയ്യതികളിൽ എസ് എസ് എഫ് കണ്ണൂർ ജില്ല കമ്മിറ്റി ഉളിയിൽ മജ്‌ലിസിൽ സംഘടിപ്പിച്ച ക്യാമ്പസ് അസംബ്ലി ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണത്തിന് ഇസ്‌ലാം വലിയ പ്രാധാന്യം നൽകുന്നുണ്ട്. വിദ്യാർത്ഥികളുടെ വിജയത്തിൽ വിമർശനാത്മക അന്വേഷണത്തിനുള്ള ഇടം തിരിച്ചറിയുകയും ഉപയോഗിക്കുകയും വേണമെന്നും, വൈവിധ്യമാർന്ന സെഷൻസ് ഉൾക്കൊള്ളുന്ന ക്യാമ്പസ് അസ്സംബ്ലി വിദ്യാർത്ഥികൾക്ക് വലിയ രീതിയിൽ പ്രചോദനമാകുമെന്നും അദ്ദേഹം അഭിപ്രായപെട്ടു.
കെ. മുഹമ്മദ് അനസ് അമാനി അധ്യക്ഷത വഹിച്ചു. രണ്ടു ദിവസമായി നടന്ന കാമ്പസ് അസംബ്ലിയിൽ ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ, ഇബ്രാഹിം സഖാഫി പുഴക്കാട്ടീരി, അബ്ദുൽഖാദർ കരുവഞ്ചാൽ, ഡോ. നൂറുദ്ധീൻ റാസി, എം അബ്ദുൽമജീദ് അരിയല്ലൂർ, മുഹമ്മദ് മദനി (മാനേജിങ് ഡയറക്ടർ എ ബി സി ഗ്രൂപ്പ് ) സി.കെ. റാഷിദ് ബുഖാരി, ഫിർദൗസ് സഖാഫി കടവത്തൂർ, സിദ്ധീഖ് അലി, സ്വാബിർ സഖാഫി എന്നിവർ സംസാരിച്ചു .
സമാപന സമ്മേളനം എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ. ജഅഫർ സ്വാദിഖ് ഉത്ഘാടനം ചെയ്തു. അബ്ദുൽ ലത്തീഫ് സഅദി പഴശ്ശി, കെ. അബ്ദുറഷീദ് നരിക്കോട്,നിസാർ അതിരകം, സാജിദ് ആറളം എന്നിവർ സംബന്ധിച്ചു.