Connect with us

National

മോദി 3.0 മന്ത്രിസഭ: ജെഡിയുവിന് രണ്ട് വകുപ്പുകളെന്ന് സൂചന

മുതിർന്ന നേതാക്കളായ ലാലൻ സിംഗ്, രാംനാഥ് ഠാക്കൂർ എന്നിവരുടെ പേരുകളാണ് മന്ത്രിസ്ഥാനത്തേക്ക് പാർട്ടി നിർദ്ദേശിച്ചിരിക്കുന്നത്

Published

|

Last Updated

ന്യൂഡൽഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻ ഡി എ മന്ത്രിസഭയിൽ നിതീഷ് കുമാർ നേതൃത്വം നൽകുന്ന ജനതാദൾ യുണൈറ്റഡിന് രണ്ട് വകുപ്പുകൾ ലഭിക്കുമെന്ന് പാർട്ടി കേന്ദ്രങ്ങൾ അറിയിച്ചു. മുതിർന്ന നേതാക്കളായ ലാലൻ സിംഗ്, രാംനാഥ് ഠാക്കൂർ എന്നിവരുടെ പേരുകളാണ് മന്ത്രിസ്ഥാനത്തേക്ക് പാർട്ടി നിർദ്ദേശിച്ചിരിക്കുന്നത്. ലാലൻ സിംഗ് ബീഹാറിലെ മുൻഗറിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗമാണ്. രാംനാഥ് താക്കൂർ നിലവിൽ രാജ്യസഭാ എംപിയാണ്. ഭാരതരത്‌ന ജേതാവ് കർപ്പൂരി താക്കൂറിൻ്റെ മകനാണ് രാംനാഥ് താക്കൂർ.

നാളെ സർക്കാരിൻ്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മന്ത്രിസഭാ അംഗങ്ങളെ തീരുമാനിക്കാൻ ചേർന്ന ദേശീയ ജനാധിപത്യ സഖ്യ (എൻഡിഎ) യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത് എന്നാണ് അറിയുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റുകൾ നേടിയതിന് പിന്നാലെ നിതീഷ് കുമാറിൻ്റെ ജെഡിയു രണ്ട് കാബിനറ്റ് സ്ഥാനങ്ങൾ തേടിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മറ്റൊരു പ്രധാന സഖ്യകക്ഷിയായ ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപി നാല് വകുപ്പുകളും പാർലമെൻ്ററി സ്പീക്കർ സ്ഥാനവുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഭൂരിപക്ഷ സർക്കാരിന് ആവശ്യമായ 272 സീറ്റ് ബിജെപിക്ക് ഒറ്റക്ക് നേടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സഖ്യ കക്ഷികളായ നിതീഷ് കുമാറും നായിഡുവും കിംഗ് മേക്കർമാരായി മാറിയത്. 543 അംഗ ലോക്‌സഭയിൽ എൻഡിഎ 293 സീറ്റുകൾ മാത്രമാണ് നേടിയത്.

Latest