Connect with us

Siraj Article

മോദിയുടെ നെഞ്ചളവും ചൈനാ പേടിയും

നൂറുകണക്കിന് എടുപ്പുകളുള്ള പി എല്‍ എ ക്യാമ്പിനെ കുറിച്ച് മാസങ്ങള്‍ക്ക് മുന്നേ ചര്‍ച്ച ഉണ്ടായിരുന്നു. അന്ന് ബി ജെ പി അത് പറഞ്ഞവര്‍ക്ക് പിറകെ വാളെടുത്തു. ഇപ്പോള്‍ അമേരിക്കയുടെ പ്രതിരോധ വകുപ്പിന്റെ റിപ്പോര്‍ട്ട് വന്നപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ മിണ്ടാതെ മൂടിവെച്ച വിവരങ്ങളൊക്കെ നാട്ടുകാര്‍ ശരിക്കുമറിയുന്നത്. പെന്റഗണിലൂടെ വേണം നമ്മുടെ രാജ്യത്ത് നടക്കുന്ന വിദേശ കൈയേറ്റങ്ങളെ കുറിച്ചറിയാന്‍ എന്നത് എന്തുമാത്രം വലിയ കഷ്ടമാണ്

Published

|

Last Updated

മോദി കാരണം ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ മൂല്യം കൂടി എന്നൊരു പ്രസ്താവനയുണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി നടത്തിയ ഈ മോദി സ്തുതി വസ്തുതാ വിരുദ്ധമാണെന്ന് മാത്രമല്ല ഇന്ത്യയുടെ വൈദേശിക നയം തന്നെ ഒരു തമാശയാക്കി മാറ്റിയ സ്ഥിതിയാണുള്ളത്. ഏറ്റവും ഒടുവില്‍ വരുന്ന വാര്‍ത്തകള്‍ അരുണാചലില്‍ നിന്നാണ്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ പ്രദേശില്‍ ഇന്ത്യയുടേതെന്ന് നമ്മള്‍ അവകാശപ്പെടുന്ന സ്ഥലത്ത് ഒരു ഭീമന്‍ പട്ടാള ക്യാമ്പ് പണിതിരിക്കുകയാണ് ചൈനീസ് ലിബറേഷന്‍ ആര്‍മി.

ഫോട്ടോഗ്രാഫറെയും കൊണ്ട് ലോകം ചുറ്റി നടന്ന് ലോക നേതാക്കളുടെ തോളില്‍ കൈയിട്ട് വെളുക്കെ ചിരിച്ചാല്‍ അതൊക്കെ എന്തോ വലിയ നയതന്ത്ര വിജയമാണെന്ന് പറഞ്ഞു പരത്താന്‍ കാത്തുകെട്ടിക്കിടക്കുന്ന മന്ത്രിമാരുണ്ടല്ലോ എന്നതാണ് മോദിയുടെ ആശ്വാസം. 2020 മാര്‍ച്ച് മുതല്‍ ഇന്ത്യയും ചൈനയും തമ്മില്‍ തുടരുന്ന അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ മുഴുവനും ഇന്ത്യക്ക് നഷ്ടം മാത്രമാണ് നല്‍കിയത്. ഗാൽവൻ അതിര്‍ത്തിയിലുണ്ടായ ചൈനീസ് ആക്രമണത്തില്‍ ഇരുപതോളം ജവാന്മാര്‍ കൊല്ലപ്പെടുന്ന സാഹചര്യം വരെയുണ്ടായി.

എന്നിട്ടും പാര്‍ലിമെന്റ് സമ്മേളനങ്ങളില്‍ പോലും ഇതേകുറിച്ച് ഒരക്ഷരം പോലും പ്രധാനമന്ത്രി മിണ്ടിയില്ല. പ്രതിപക്ഷ ബഹളം കനത്തപ്പോള്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സഭയില്‍ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു. ഇരു രാജ്യങ്ങളുടെയും സൈനികര്‍ ഇപ്പോഴുള്ള ഇടങ്ങളില്‍ നിന്ന് പിറകോട്ട് മാറുമെന്ന് തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു (2021 ഫെബ്രുവരി, ബജറ്റ് സെഷന്‍).
എന്നാല്‍ ഇന്ത്യ പിന്മാറാതെ തങ്ങള്‍ പിറകോട്ടില്ലെന്ന് ചൈനീസ് സൈന്യം പറഞ്ഞു എന്നാണ് അവരുടെ ഔദ്യോഗിക ഭാഷ്യം. എന്നാല്‍ ചൈനീസ് കടന്നുകയറ്റമുണ്ടായിട്ടുണ്ടെന്നത് സമ്മതിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഈ വിഷയം തുടരെ ഉന്നയിച്ചിരുന്നതാണ്. മാത്രവുമല്ല, ചൈനീസ് സൈന്യത്തോട് തോറ്റുപിന്മാറുന്നതിന് തുല്യമാണ് നേരത്തേ ഇന്ത്യയുടെ കൈയിലുണ്ടായിരുന്ന പ്രദേശങ്ങളില്‍ നിന്ന് കൂടിയുള്ള ഇന്ത്യയുടെ പിന്മാറ്റം എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

1962ലെ യുദ്ധത്തോടെയാണ് ഇപ്പോള്‍ പി എല്‍ എ ക്യാമ്പ് ഇരിക്കുന്ന സ്ഥലത്തെ ഇന്ത്യയുടെ നിയന്ത്രണം നഷ്ടമാകാന്‍ തുടങ്ങുന്നത്. അതുവരെ മാസ ക്യാമ്പ് എന്നൊരു ഇന്ത്യന്‍ സൈനിക പോസ്റ്റ് അവിടെയുണ്ടായിരുന്നു. മക്മഹോന്‍ അതിര്‍ത്തിയിലെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ (എല്‍ എ സി) വിട്ട് ഇന്ത്യക്കകത്തേക്ക് നാലഞ്ച് കിലോമീറ്ററെങ്കിലും കടന്നാണ് ഉത്തര സുബന്‍സിരി പ്രദേശത്ത് ഇപ്പോഴുള്ള ക്യാമ്പുള്ളതെന്ന സ്ഥിരീകരണം കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു.
അതിര്‍ത്തിക്കപ്പുറത്ത് പാക്കിസ്ഥാനാണെങ്കില്‍ മാത്രം തിളക്കുന്നതാണോ ബി ജെ പിയുടെ ദേശീയത എന്ന ചോദ്യം വളരെ പ്രസക്തമാണ്. ചൈനയോട് ഒരു കൊടും യുദ്ധം വേണമെന്ന തരത്തില്‍ സംസാരിക്കുന്നത് തന്നെ ശരിയല്ലെന്ന് സമ്മതിക്കാം. അതേസമയം, അയല്‍ രാജ്യങ്ങളുമായി ഇന്ത്യ നടത്തുന്ന നയതന്ത്ര ഇടപാടുകള്‍ ഇന്ത്യക്കകത്തെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരെ തരാതരം കൊണ്ടുവരുന്ന ബി ജെ പിയുടെ “ദേശീയതാ’ രാഷ്ട്രീയം ഈയവസരത്തില്‍ മറയില്ലാതെ വിചാരണക്ക് വിധേയമാക്കപ്പെടേണ്ടതാണ്. ഇരുപത് ജവാന്മാരുടെ രക്തസാക്ഷിത്വത്തിന് ഇന്ത്യ എന്ത് പകരം നല്‍കിയെന്നത് ഏറെ ശക്തമായ ചോദ്യമാണ്. അത് ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവിലോ കഴിവുകേടിലോ ചെന്നെത്തുന്നതല്ല, അത് തറക്കേണ്ടത് ന്യൂഡല്‍ഹിയിലെ ഭരണകൂട നിയന്താക്കളുടെ നെറ്റിയിലാണ്.

താലിബാന്‍ ഇന്ത്യക്ക് നേരേ വന്നാല്‍ വ്യോമാക്രമണം നടത്തുമെന്നും താലിബാനെ തകര്‍ക്കുമെന്നും അഫ്ഗാനിസ്ഥാനുമായി യാതൊരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലാത്ത ഉത്തര്‍ പ്രദേശിന്റെ മുഖ്യന്‍ യോഗി ആദിത്യനാഥ് വീമ്പ് പറയുന്നത് കേട്ടു. ചൈനയുടെ വിഷയത്തില്‍ ഇങ്ങനെ എന്തെങ്കിലും ഒരു പഞ്ചിന് വേണ്ടി പോലും മിണ്ടില്ല എന്നതാണ് പറഞ്ഞു വരുന്നതിന്റെ ആകെത്തുക. കാരണം, ചൈനക്കെതിരെ തോറ്റിരിക്കുമ്പോള്‍ ഇതുപോലുള്ള വെടിപൊട്ടിച്ചാല്‍ അതൊന്നും വോട്ടാകില്ല. അതിന് ഏറ്റവും കുറഞ്ഞത് പാക്കിസ്ഥാന്റെ നെഞ്ചത്ത് കയറണം. ഇനിയിപ്പോള്‍ അഫ്ഗാനിസ്ഥാനായാലും മതിയാകും.

നരേന്ദ്ര മോദി അധികാരമേറ്റതിന് ശേഷം ഇന്ത്യയുടെ വിദേശ നയത്തില്‍ ഇന്ത്യക്ക് പറഞ്ഞഭിമാനിക്കാന്‍ മാത്രം വലിയ എന്തെങ്കിലും നേട്ടമുണ്ടായതായി അറിവില്ല. അയല്‍ രാജ്യങ്ങളോടുള്ള താരതമ്യം വരെ നാണക്കേടുണ്ടാകുമാറ് സാമ്പത്തികമായി മൂക്കുകുത്തിയിരിക്കുകയാണ് നമ്മള്‍. ഈയവസരത്തിലാണ് തലങ്ങും വിലങ്ങും മോദിക്ക് തലവേദനയുണ്ടാക്കുന്ന വിഷയങ്ങള്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്നുണ്ടാകുന്നത്. ഇക്കൂട്ടത്തില്‍ മാറ്റമില്ലാതെ തുടരുന്നത് പാക്കിസ്ഥാനുമായുള്ള ബന്ധങ്ങള്‍ മാത്രമായിരിക്കണം. അതേസമയം ചൈനക്ക് പുറമെ നേപ്പാളും ഇന്ത്യയോട് സ്വരം കടുപ്പിച്ചാണുള്ളത്.

നേപ്പാള്‍ ഇന്ത്യയുടെ സ്ഥലം കൂടി ഉള്‍പ്പെടുത്തി പുതിയൊരു “ഭൂപടം’ രൂപപ്പെടുത്തുന്നതിനെ പറ്റി ആലോചിക്കുന്നതായി ചില വൃത്താന്തങ്ങള്‍ കേട്ടിരുന്നു ഈയടുത്ത്. പൗരത്വ ഭേദഗതി നിയമം പാര്‍ലിമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ ആഭ്യന്തര മന്ത്രി ബംഗ്ലാദേശിനെ കുറിച്ച് ഇല്ലാ കഥകളും കണക്കുകളും പറഞ്ഞു എന്ന് ധാക്കയും പരിഭവം പറഞ്ഞതാണ്. ഇങ്ങനെയൊരവസരത്തില്‍ തന്നെയാണ് ഇന്ത്യക്ക് ചുറ്റും ഇതിനകം ചൈന ഒരു വലിയ സഖ്യ വലയം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് മനസ്സിലാക്കേണ്ടത്. താലിബാന്‍ അഫ്ഗാനിസ്ഥാന്റെ അധികാരമുറപ്പിച്ച ഉടനെ അവരെ അംഗീകരിച്ച രാജ്യം ചൈനയാണ്. പാക്കിസ്ഥാനുമായി ചൈനക്ക് വലിയ വ്യാപാര ബന്ധങ്ങളുണ്ട്. ഇന്ത്യന്‍ സമുദ്രത്തിലുമുണ്ട് ചൈനക്ക് മരതക സഖ്യം. ശ്രീലങ്കയിലും മൗറീഷ്യസിലും ചൈന നോട്ടമിടുമ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മേഖലയായ ലക്ഷദ്വീപിലെ ജനങ്ങളെ വേട്ടയാടുന്നതില്‍ രസം കണ്ടെത്തുകയാണ് മോദി ഭരണകൂടം.

ചൈനീസ് പ്രസിഡന്റിനെ ഇവിടേക്ക് വിളിച്ചുവരുത്തി ഊഞ്ഞാലാടിയാല്‍ ഇന്ത്യക്ക് നേരേയുള്ള ചൈനീസ് വെല്ലുവിളി തീരുമെന്ന് മോദിയെ ആരായിരിക്കും പറഞ്ഞുപറ്റിച്ചത്? എന്തായാലും അവര്‍ തന്നെയാണ് ഗാൽവന്‍ വിഷയത്തില്‍ ചൈനക്ക് മറുപടിയായി അവരുടെ കുറച്ച് ആപ്പുകള്‍ നിരോധിച്ചാല്‍ മതിയെന്ന് ഉപദേശിച്ചു കാണുക. ഇതൊക്കെ കണ്ടിട്ട് മോദിയെ പുകഴ്ത്തി പ്രൈം ടൈം ചര്‍ച്ച ഓടിച്ച മാധ്യമ കമ്പനികളെ കാണുമ്പോഴാണ്, അയ്യേ പറയാന്‍ ഏറ്റവും കൂടുതല്‍ തോന്നുന്നത്.

നൂറുകണക്കിന് എടുപ്പുകളുള്ള പി എല്‍ എ ക്യാമ്പിനെ കുറിച്ച് മാസങ്ങള്‍ക്ക് മുന്നേ ചര്‍ച്ച ഉണ്ടായിരുന്നു. അന്ന് ബി ജെ പി അത് പറഞ്ഞവര്‍ക്ക് പിറകെ വാളെടുത്തു. ഇപ്പോള്‍ അമേരിക്കയുടെ പ്രതിരോധ വകുപ്പിന്റെ റിപ്പോര്‍ട്ട് വന്നപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ മിണ്ടാതെ മൂടിവെച്ച വിവരങ്ങളൊക്കെ നാട്ടുകാര്‍ ശരിക്കുമറിയുന്നത്. പെന്റഗണിലൂടെ വേണം നമ്മുടെ രാജ്യത്ത് നടക്കുന്ന വിദേശ കൈയേറ്റങ്ങളെ കുറിച്ചറിയാന്‍ എന്നത് എന്തുമാത്രം വലിയ കഷ്ടമാണ്. നമ്മുടെ വിപണികളെ മാത്രമല്ല ഇനി നമ്മുടെ ഭൂപ്രദേശങ്ങള്‍ കൂടി ചൈനക്കാര്‍ കൈവെച്ച് ഭരിക്കുന്നിടത്തേക്ക് കാര്യങ്ങളെത്തുമ്പോള്‍ ഏതോ ഉഡായിപ്പ് പി ആര്‍ കൂട്ടത്തിന്റെ “ശക്തനായ ഭരണാധികാരി’ പട്ടത്തിന്റെ സുഖത്തില്‍ ഉറങ്ങുകയാണ് മോദിയും പാര്‍ട്ടിയും ഭരണകൂടവും. ലോകത്തേറ്റവും ആദരിക്കപ്പെട്ട നെഹ്റുവിന്റെ കാലത്ത് പോലും ഇന്ത്യ ചൈനയോട് കാണിച്ച വിശ്വാസത്തിന് വഞ്ചനയാണ് ചൈന കാണിച്ചത്. അപ്പോള്‍ പിന്നെ ഇത്രമേല്‍ ഉള്ളുപൊള്ളയായ ഒരിന്ത്യയെ ചൈനക്ക് എളുപ്പം വരുതിയിലാക്കാവുന്നതേയുള്ളൂ എന്ന കാര്യത്തില്‍ സംശയം വേണ്ട.

സാമ്പത്തിക രംഗത്ത് മാത്രമല്ല, ഇന്ത്യയുടെ സകല മേഖലകളും തകര്‍ന്നു തരിപ്പണമായ ഒരു സമയത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഏഷ്യാ ഭൂഖണ്ഡത്തില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും തങ്ങളുടേതായ രാഷ്ട്രീയ അധികാരം പല രൂപത്തിലും ഉറപ്പിക്കാന്‍ വേണ്ടതൊക്കെ ചൈന ചെയ്യുന്നുണ്ട്. ഭീമമായ നിക്ഷേപങ്ങളായും സൈനിക നീക്കങ്ങള്‍ നടത്തിയും പല രാജ്യങ്ങളിലും ചൈനക്ക് ഇതിനകം പ്രകടമായതും അല്ലാത്തതുമായ നിയന്ത്രണവും അധികാരവുമുണ്ട്. ഇന്ത്യ ചൈനക്ക് ഒരു വെല്ലുവിളിയായി വളര്‍ന്നുവരുന്ന സാഹചര്യവും നേരത്തേ ഉണ്ടായിരുന്നു. എന്നാല്‍ ബീജിംഗിന് ആശ്വാസം എന്നല്ലേ 2014ന് ശേഷമുള്ള ഇന്ത്യന്‍ സാഹചര്യത്തെ കുറിച്ച് പറയാനുള്ളൂ. യുദ്ധവും സംഘര്‍ഷവും വേണ്ട, അതാരോടും വേണ്ട. പക്ഷേ, അതിര്‍ത്തികളും ദേശ രാഷ്ട്ര സങ്കല്‍പ്പവും ഇതൊക്കെ അടിസ്ഥാനമാക്കിയുള്ള ദേശീയതയും ഇവിടെ നിലനില്‍ക്കുന്നിടത്തോളം കാലം ഇന്ത്യക്കകത്തേക്ക് ആരും അധികാരം നീട്ടാതിരിക്കണം, അതിന് ഊതി വീര്‍പ്പിച്ച ഭരണാധികാരിയല്ല വേണ്ടത് എന്ന് മാത്രം.

Latest