Connect with us

National

നെഹ്‌റുവിനും ഗാന്ധി കുടുംബത്തിനുമെതിരെ മോദിയുടെ വിമര്‍ശന ശരം

കോണ്‍ഗ്രസ്സിലെ ഒരു കുടുംബം ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു; ആദ്യം ഭരണഘടനയെ ദുരുപയോഗം ചെയ്തത് നെഹ്‌റുവെന്നും മോദി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ഗാന്ധി കുടുംബത്തെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭയില്‍ ഭരണഘടനാ ചര്‍ച്ചക്കുള്ള മറുപടിക്കിടെയാണ് കോണ്‍ഗ്രസ്സിനെതിരെ നിശിത വിമർശമുന്നയിച്ചത്.

കോണ്‍ഗ്രസ്സിലെ ഒരു കുടുംബം ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു. ആദ്യം ഭരണഘടനയെ ദുരുപയോഗം ചെയ്തത് നെഹ്‌റുവാണ്. പിന്നീട് ഇന്ദിരാഗാന്ധിയും തുടര്‍ന്നു. 60 വര്‍ഷത്തിനിടെ 75 തവണയാണ് കോണ്‍ഗ്രസ്സ് ഭരണഘടനയില്‍ വെള്ളം ചേര്‍ത്തത്.

നെഹ്‌റു ഓര്‍ഡിനന്‍സുകളിലൂടെ ഭരണഘടന അട്ടിമറിച്ചെന്ന് ആരോപിച്ച മോദി, നെഹ്‌റു കുടുംബം എപ്പോഴും ഭരണഘടനയെ അട്ടിമറിക്കാറുണ്ടെന്നും പറഞ്ഞു. നെഹ്‌റു നടപ്പാക്കിയത് സ്വന്തം ഭരണഘടനയാണ്. സ്വന്തം നേട്ടത്തിനായാണ് നെഹ്‌റു ഭരണഘടന അട്ടിമറിച്ചത്. കടുത്ത സംവരണ വിരോധിയായിരുന്നു നെഹ്‌റുവെന്നും മോദി ആരോപിച്ചു.


അടിയന്തരാവസ്ഥയുടെ പാപത്തില്‍ നിന്ന് കോണ്‍ഗ്രസ്സിന് മോചനമില്ല. അടിയന്തരാവസ്ഥ കറുത്ത അധ്യായമാണ്. കസേര സംരക്ഷിക്കാനായിരുന്നു അടിയന്തരാവസ്ഥ. 1947 മുതല്‍ 1952വരെ രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്ലായിരുന്നു. കോടതികളുടെ അധികാരം ഇന്ദിരാ ഗാന്ധി കവര്‍ന്നു. അയോഗ്യയാക്കിയ ജഡ്ജിയെ വെറുതെ വിട്ടില്ല.

ഷാബാനു കേസില്‍ രാജീവ് ഗാന്ധി സുപ്രീം കോടതി വിധി അട്ടിമറിച്ചു. രാഹുല്‍ അഹങ്കാരിയെന്നും മേദി പരോക്ഷമായി വിമര്‍ശിച്ചു. അഹങ്കാരിയായ വ്യക്തി മന്ത്രിസഭാ തീരുമാനം കീറിയെറിഞ്ഞെന്നായിരുന്നു വിമര്‍ശം. സര്‍ക്കാറിനെക്കാള്‍ പ്രധാനം പാര്‍ട്ടിയെന്ന് മന്‍ഹോന്‍ സിംഗ് പറഞ്ഞു. മന്‍ഹോന്‍ ഭരണ കാലത്ത് സോണിയാ ഗാന്ധി സൂപ്പര്‍ പ്രധാനമന്ത്രിയായിരുന്നുവെന്നും മോദി വിമര്‍ശിച്ചു.

 

 

Latest