Connect with us

National

മോദിയുടെ വിദ്യാഭ്യാസ യോഗ്യത: മാനനഷ്ട കേസ് ചോദ്യം ചെയ്ത് കെജരിവാൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി

നരേന്ദ്ര മോദിയുടെ അക്കാദമിക് യോഗ്യതയുടെ സാധുത ചോധ്യം ചെയ്ത് കെജരിവാൾ പൊതുവേദികളിലും പത്രസമ്മേളനങ്ങളിലും നടത്തിയ പരാമർശങ്ങൾക്ക് എതിരെ ഗുജറാത്ത് സർവകലാശാലയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

Published

|

Last Updated

ന്യൂഡൽഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് നടത്തിയ പരാമർശങ്ങളിൽ തനിക്ക് എതിരെ എടുത്ത മാനനഷ്ട കേസ് ചോദ്യം ചെയ്ത് ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ് രിവാൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ്വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.

നരേന്ദ്ര മോദിയുടെ അക്കാദമിക് യോഗ്യതയുടെ സാധുത ചോധ്യം ചെയ്ത് കെജരിവാൾ പൊതുവേദികളിലും പത്രസമ്മേളനങ്ങളിലും നടത്തിയ പരാമർശങ്ങൾക്ക് എതിരെ ഗുജറാത്ത് സർവകലാശാലയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ഗുജറാത്ത് സർവകലാശാലയിൽ നിന്നുള്ള മോദിയുടെ ബിരുദത്തിന്റെ സാധുതയെയാണ് കെജരിവാൾ പ്രധാനമായും ചോദ്യം ചെയ്തിരുന്നത്.

ഫെബ്രുവരിയിൽ ഗുജറാത്ത് ഹൈക്കോടതി കെജരിവാളിന്റെ ഹർജി തള്ളിയിരുന്നു. പിന്നാലെയാണ് അദ്ദേഹം സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഗുജറാത്തിലെ വിചാരണ കോടതി നൽകിയ ക്രിമിനല് മാനനഷ്ട സമന്സ് റദ്ദാക്കണമെന്നായിരന്നു ഹർജിയിലെ ആവശ്യം. കൂട്ടുപ്രതി എഎപി നേതാവായ സഞ്ജയ് സിംഗും സമാനമായ ഹർജി നല്കിയിരുന്നു.

കെജരിവാളിന്റെ പരാമര്ശങ്ങൾ അവഹേളനപരവും യശസ്സിന് ഹാനികരവുമാണെന്ന് വിലയിരുത്തിയാണ് ഗുജറാത്ത് സർവകലാശാല കെജരിവാളിന് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. കെജരിവാളിനും എഎപി നേതാവ് സഞ്ജയ് സിംഗിനുമെതിരെ സർവകലാശാല രജിസ്ട്രാർ പീയൂഷ് പട്ടേൽ ആണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

Latest