National
മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനം ഉചിതമായ സമയത്തല്ല: സി പി ഐ എം പി. സന്തോഷ് കുമാര്‍
'രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ പ്രതിസന്ധിയിലാണ്. ആഭ്യന്തരവും വൈദേശികവുമായ കടങ്ങള്‍ അതിവേഗം വര്‍ധിക്കുകയാണ്.'
ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തെ വിമര്‍ശിച്ച് സി പി ഐ. ഇന്ത്യ-ഫ്രാന്‍സ് സി ഇ ഒ ഫോറത്തില്‍ പങ്കെടുക്കാനുള്ള ഇത്തരമൊരു സന്ദര്‍ശനത്തിന് ഉചിതമായ സമയമല്ല ഇതെന്ന് സി പി ഐ എം പി. സന്തോഷ് കുമാര്‍ കുറ്റപ്പെടുത്തി.
‘രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ പ്രതിസന്ധിയിലാണ്. രാജ്യത്തിന്റെ ആഭ്യന്തരവും വൈദേശികവുമായ കടങ്ങള്‍ അതിവേഗം വര്‍ധിക്കുകയാണ്. അഞ്ചു വര്‍ഷത്തിനിടിയല്‍ സാമ്പത്തിക രംഗം വന്‍ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ആഭ്യന്തര ഉത്പാദനം (ജി ഡി പി) വര്‍ധിക്കുമ്പോള്‍ തന്നെ ധനക്കമ്മിയും വര്‍ധിച്ചു വരികയാണ്.’- സി പി ഐ എം പി. പറഞ്ഞു.
ദ്വിദിന സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി ഫ്രാന്‍സില്‍ എത്തിയത്. പാരീസില്‍ എ ഐ ആക്ഷന്‍ ഉച്ചകോടിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനൊപ്പം അദ്ദേഹം അധ്യക്ഷ പദവി പങ്കിട്ടു. വ്യാപാര രംഗത്ത് ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാന്‍ മോദി ഫ്രഞ്ച് ബിസിനസ് മേഖലയോട് അഭ്യര്‍ഥിച്ചു. നിക്ഷേപം ഊര്‍ജിതമാക്കുന്നതിനും വ്യാപാരം നടത്തുന്നതിനുള്ള സാഹചര്യങ്ങള്‍ സുഗമമാക്കുകയും മറ്റും ലക്ഷ്യമിട്ട് അടുത്തിടെ ബജറ്റില്‍ അവതരിപ്പിച്ച സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു.
ബി ജെ പി അധികാര മോഹികളുടെ പാര്‍ട്ടിയാണെന്ന്, ഡല്‍ഹി ബി ജെ പി എം എല്‍ എമാര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് പരാമര്‍ശിക്കവേ സന്തോഷ് കുമാര്‍ ആരോപിച്ചു. ഇരുമ്പുമുഷ്ടിയുള്ള നേതൃത്വം കാരണമാണ് അത് വെളിപ്പെടാത്തത്. ഒന്നോ രണ്ടോ വര്‍ഷത്തിനകം ബി ജെ പി വിമതന്മാരുടെ ഒരു ഗ്രൂപ്പായി തീരും. അധികാരമുള്ളതു കൊണ്ട് നടത്തുന്ന താത്ക്കാലിക ക്രമീകരണം മാത്രമാണ് അവരില്‍ ഭൂരിഭാഗം പേര്‍ക്കുമിതെന്നും സന്തോഷ് കുമാര്‍ പറഞ്ഞു.