Connect with us

Editors Pick

മോദിയും ഗാന്ധിയും പിന്നെ സോഷ്യൽ മീഡിയയും

1982 ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ നിര്‍മ്മിച്ച ഗാന്ധി എന്ന സിനിമക്കു ശേഷമാണ് ലോകം ഗാന്ധിജിയെ അറിയുന്നത് എന്ന നരേന്ദ്ര മോദിയുടെ പരാമർശത്തിൽ പ്രതിഷേധം അലയടിച്ച് സോഷ്യൽ മീഡിയ.

Published

|

Last Updated

“ക്രിസ്തുദേവൻറെ പരിത്യാഗ ശീലവും,സാക്ഷാൽ
കൃഷ്ണനാം ഭഗവാന്റെ ധർമ്മരക്ഷോപായവും,
ബുദ്ധന്റെയഹിംസയും, ശങ്കരാചര്യരുടെ
ബുദ്ധിശക്തിയും, രന്തിദേവന്റെ ദയാവായ്പും
ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും മുഹമ്മദിന്‍
സ്ഥൈര്യവുമൊരാളില്‍‍ച്ചേര്‍‍ന്നൊത്തുകാണണമെങ്കില്‍
ചെല്ലുവിന്‍‍, ഭവാന്‍മാരെന്‍ ഗുരുവിന്‍‍ നികടത്തില്‍‍
അല്ലായ്കിലവിടുത്തെ ചരിത്രം വായിക്കുവിന്‍. “

( എന്‍റെ ഗുരുനാഥൻ: വള്ളത്തോള്‍ നാരായണമേനോൻ )

ചില പ്രതിലോമ രാഷ്ട്രീയക്കാരൊഴിച്ച്, ഇന്ത്യക്കാരായ മനുഷ്യരുടെ മുഴുവന്‍ വികാരമാണ് ഗാന്ധിജിയെന്ന് നാം ആദരവോടെ ഓര്‍മ്മിക്കുന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. ഇന്ത്യയിലെ കോണ്‍ഗ്രസ്സുകാരും സമാജ് വാദികളും ദ്രാവിഡ പാര്‍ടികളും മാത്രമല്ല കമ്മ്യൂണിസ്റ്റുകാരും‌ തമ്മില്‍ പോലും ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല.

സോഷ്യൽ മീഡിയ‌ ഇന്നലെ കൂറ്റന്‍ പ്രതിഷേധത്തിലായത് ഇതേ വികാരം പങ്കുവെച്ചുകൊണ്ടായിരുന്നു. എ.ബി.പി ന്യൂസിന് പ്രധാനമന്ത്രി നല്‍കിയ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങളെച്ചൊല്ലിയായിരുന്നു അത്. 1982 ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ നിര്‍മ്മിച്ച ഗാന്ധി എന്ന സിനിമക്കു ശേഷമാണ് ലോകം ഗാന്ധിജിയെ അറിയുന്നത് എന്നായിരുന്നു നരേന്ദ്രമോദിയുടെ പ്രസ്താവന.

ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണ വിവേചനത്തിരേ പോരാടിക്കൊണ്ടാണ് ബാരിസ്റ്ററാകാന്‍ പോയ മോഹന്‍ദാസ് തന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചതെന്ന് പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് പോലുമറിയാം. ദക്ഷിണാഫ്രിക്കയിൽ മഹാത്മാഗാന്ധി സ്ഥാപിച്ച ആദ്യത്തെ ആശ്രമത്തിൻ്റെ പേര് ടോൾസ്റ്റോയ് ഫാം എന്നായിരുന്നു. 1910-ൽ സ്ഥാപിച്ച ഈ ആശ്രമം ട്രാൻസ്വാളിലാണ്. വെള്ളക്കാര്‍ ഇന്ത്യക്കാർക്കെതിരായി നടത്തിയ വിവേചനത്തിനെതിരായ സത്യാഗ്രഹത്തിൻ്റെ ആസ്ഥാനമായി പ്രവർത്തിച്ചത് ഈ ആശ്രമമാണ്. ഇതിനെക്കുറിച്ച് ഹൈസ്കൂൾ വിദ്യാര്‍ത്ഥികള്‍ക്കുമറിയാം.

ആ അറിവുകൾ തന്നെയാണ് പ്രതിഷേധത്തിന്‍റെ പ്രധാന ഘടകമായതും. വാര്‍ത്ത കൊടുത്ത കേരള കൗമുദി ഓണ്‍ലൈനിനുതാഴെ ആത്മീയാചാര്യനും ഗീതാപ്രഭാഷകനുമായ സ്വാമി സന്ദീപാനന്ദഗിരി ഇങ്ങനെ കമന്‍റ് എഴുതിയിരിക്കുന്നു.

“ഗാന്ധി സിനിമ പുറത്ത് ഇറങ്ങുന്നതിനും എത്രയോ വർഷം മുമ്പ് പുറത്ത് ഇറങ്ങിയ Freedom at midnight ഈ ഗുജറാത്തി പതിപ്പിന്റെ പുറം ചട്ടെയെങ്കിലും ഈ വായിച്ചിരുന്നെങ്കിൽ “

ഡൊമിനിക് ലാപിയറും ഹാരി കോളിന്‍സും‌ ചേര്‍ന്നൊഴുതിയ ” Freedom at midnight ” എന്ന പുസ്തകത്തിന്‍റെ ഗുജറാത്തി പതിപ്പിന്‍റെ പുറംചട്ടയും അദ്ദേഹം ആ കമന്‍റില്‍ ചേര്‍ത്തിട്ടുണ്ട്.

ഇന്ത്യൻ സ്വാതന്ത്ര്യസമരം…അത് പോട്ടെ, അറിയില്ലെന്ന് വയ്ക്കാം
കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ വിജയത്തിലെത്തിയ രണ്ടു സ്വാതന്ത്ര്യ സമര പ്രസ്‌ഥാനങ്ങളായിരുന്നു ദക്ഷിണ ആഫ്രിക്കൻ സ്വാതന്ത്ര്യ സമരവും അമേരിക്കൻ സിവിൽ റൈറ്റ്സ് മൂവ്മെന്റും.
മനുഷ്യാന്തസ്സ്‌ എന്ന ഒരൊറ്റ വിഷയത്തിന്മേൽ ആയിരക്കണക്കിന് മനുഷ്യർ സ്വന്തം ജീവൻ ബലികൊടുത്തുകൊണ്ടാണ് ഈ സമരങ്ങളെ വിജയത്തിലെത്തിച്ചത്.
ഈ രണ്ടു സമരങ്ങളുടെയും പ്രചോദനം മഹാത്മാ ഗാന്ധിയായിരുന്നു എന്ന് പറഞ്ഞത് യഥാക്രമം നെൽസൺ മണ്ടേലയും ഡോ. മാർട്ടിൻ ലൂഥർ കിങ്ങുമാണ്.
എന്തൊരതിചയം, അക്കാലത്തു ‘ഗാന്ധി’ സിനിമ ഇറങ്ങിയിട്ടുമില്ല.
***
പി എസ്: ആരാണ് ഈ മണ്ടേല, ഡോ. കിംഗ് എന്നൊന്നും ചോയ്ച്ചു വരല്ല്, പ്ലീസ്.
താങ്ങൂല്ല.

പലരും പരിഹസിക്കുന്നത് എന്‍റയര്‍ പൊളിറ്റിക്സില്‍ ഡിഗ്രിയുണ്ടെന്നവകാശപ്പെടുന്ന മോദിയുടെ രാഷ്ട്രീയ വിജ്ഞാനത്തെക്കുറിച്ചാണ്. കഥാകൃത്ത് കൂടിയായ ഡോക്ടർ മനോജ് വെള്ളനാടിന്‍റെ പോസ്റ്റ് നല്ല സറ്റയറാണ്.

“ഇൻ്റർവ്യുവർ : സർ, ഗാന്ധിയെ പറ്റി ഇന്നോർക്കുമ്പോൾ എന്താണ് പറയാനുള്ളത്?

നടൻ : പ്രത്യേകിച്ച് ഒന്നുമില്ല. അയാൾ അത്യാവശ്യം നന്നായി ഒക്കെ അഭിനയിക്കുന്നുണ്ട്. ഓസ്കാറോ വനിതയോ എന്തോ കിട്ടിയെന്നും കേട്ടു.

ഇ : അതേത് ഗാന്ധി! ഞാൻ ചോദിച്ചത് മഹാത്മാ..

ന : ഓ, മഹാത്മയിൽ അഭിനയിച്ച ആ നടൻ. അയാളെ ഞാൻ തൃശൂരെടുക്കാൻ വിട്ടേക്കുവാണ്. ഉടനെ വരും. പക്ഷെ, അയാൾ എന്തോ ഗോപി അല്ലെ, ഗാന്ധി എന്നല്ലല്ലോ..

ഇ : അതല്ല സർ. ഞാനുദ്ദേശിച്ചത് നിങ്ങളെല്ലാരും കൂടി വെടി വെച്ച് കൊന്ന ഒരു ഗാന്ധിയില്ലേ.

ന : വെടിവച്ചോ? ഓ, അത്. അന്ന് പത്ത് രണ്ടായിരം പേർ മരിച്ചില്ലേ. അവരുടെ എല്ലാം പേര് എങ്ങനെ ഓർക്കാനാണ്.

ഇ : ഇപ്പൊഴത്തെ കാര്യമല്ല സർ. സ്വാതന്ത്ര്യ സമരത്തിൽ ഒക്കെ പങ്കെടുത്ത പഴയൊരു ഗാന്ധിയില്ലേ. കഷണ്ടി തലയൊക്കെ ആയിട്ട്.

ന : കഷണ്ടി ഒക്കെ ഇന്നൊരു പ്രശ്നമാണോ? കേരളത്തിൽ കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ നല്ല എണ്ണ കിട്ടും. അത് വാങ്ങി തേക്കാൻ പറയണം പുള്ളിക്കാരനോട്.

ഇ : ശരി സർ. പറയാം. “

1961 ജനുവരിയിലാണ് അമേരിക്ക ആദ്യമായി ഗാന്ധി ചിത്രമുള്ള ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കുന്നത്. 1967 -ൽ കോംഗോയും ഇതേ കാര്യം ചെയ്തു. 1969- ൽ, ഗാന്ധിജിയുടെ ജന്മശതാബ്ദി വർഷമായപ്പോൾ 40 ലോക രാജ്യങ്ങളിൽ ഗാന്ധിജി സ്റ്റാമ്പ് രൂപത്തിൽ ഉണ്ടായിരുന്നു.

കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരിക്കുമ്പോഴും ഗാന്ധിജിയെ അറിയാന്‍ ആറ്റന്‍ബറോയുടെ സിനിമ വേണ്ടിവന്നു എന്നു പറയുമ്പോള്‍ ആര്‍ക്കാണ് ദ്വേഷ്യം വരാതിരിക്കുക. ആയിരക്കണക്കിന് ആളുകൾ ഇതിനെതിരേ പലതരത്തില്‍ പ്രതിഷേധിച്ചിട്ടുണ്ട്. സാധാരണ കേള്‍ക്കാറുള്ള എതിര്‍ശബ്ദങ്ങളൊന്നും കേള്‍ക്കാനേയില്ല. പ്രതിരോധിക്കേണ്ടവര്‍ ഓടിയൊളിക്കുന്നതിനും ഒരു കാരണമുണ്ട്. വിഷയം‌ ഗാന്ധിജിയാവുമ്പോള്‍ സോഷ്യൽ മീഡിയയുടെ ക്ഷോഭം നൂറുശതമാനം ന്യായമാണെന്ന് പറയേണ്ടിവരും.

Latest