Kerala
മോദിയും പിണറായിയും സംസാരിക്കുന്നത് ഒരേ സ്വരത്തില്‍, കേരളത്തില്‍ യു ഡി എഫിന് 20 സീറ്റും ലഭിക്കും : വി ഡി സതീശന്‍
ദേശീയ തലത്തില്‍ വിസ്മയകരമായ മാറ്റം ഉണ്ടാവും.പൗരത്വനിയമം ഇല്ലാതാക്കുമെന്നാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും നിരന്തരം പറയുന്നത്.
മലപ്പുറം | ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുഴുവന്‍ സീറ്റും യുഡിഎഫിന് ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മോദിയും പിണറായിയും സംസാരിക്കുന്നത് ഒരേ സ്വരത്തിലാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. രണ്ട് പേരും വിമര്‍ശിക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്. രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടിയതാണെന്നാണ് മോദി പറയുന്നത്. പിണറായി വിജയന്‍ ഇത് ആവര്‍ത്തിക്കുകയാണ്. ആര് എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും സതീശന്‍ പറഞ്ഞു.
മോദിക്ക് എതിരെ പറഞ്ഞാല്‍ പിണറായിയുടെ പൊലീസ് കേസെടുക്കുകയാണ്. സംഘപരിവാറിനെക്കാള്‍ കൂടുതല്‍ ഗാന്ധിയെയും നെഹ്റുവിനെയും എതിര്‍ത്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.രാഹുല്‍ സംസാരിച്ച 40 മിനിറ്റില്‍ 38 മിനിറ്റും മോദിക്കെതിരെയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
ദേശീയ തലത്തില്‍ വിസ്മയകരമായ മാറ്റം ഉണ്ടാവും.പൗരത്വനിയമം ഇല്ലാതാക്കുമെന്നാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും നിരന്തരം പറയുന്നത്. എന്നിട്ടും ഈ കാര്യത്തില്‍ മുഖ്യമന്ത്രി നുണ പറയുകയാണ്. ‘ഇടത് ഇല്ലെങ്കില്‍ ഇന്ത്യയില്ല’ എന്ന് പറയുന്നവര്‍ എന്നാണ് ഇന്ത്യയെ അംഗീകരിച്ചിട്ടുള്ളതെന്നും സതീശന്‍ ചോദിച്ചു. ന്യൂനപക്ഷങ്ങളെ രക്ഷിക്കാന്‍ എല്‍ഡിഎഫ് മാത്രമാണെന്നാണ് പരസ്യം. അവര്‍ ആകെ മത്സരിക്കുന്നത് 19 സീറ്റിലാണ്. എന്നിട്ടാണോ ന്യൂനപക്ഷത്തെ സമീപിക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.