International
മോദിയും സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഇന്ന് കൂടിക്കാഴ്ച നടത്തും
ഊര്‍ജവും കൃഷിയും ഉള്‍പ്പെടെ നിരവധി സുപ്രധാന കരാറുകളില്‍ ഇരുവരും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂഡല്‍ഹി| പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. ഊര്‍ജവും കൃഷിയും ഉള്‍പ്പെടെ നിരവധി സുപ്രധാന കരാറുകളില്‍ ഇരുവരും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ഫെബ്രുവരിക്ക് ശേഷം സഊദി കിരീടാവകാശിയുടെ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ സന്ദര്‍ശനമാണിത്.
ജി20 ഉച്ചകോടിക്കായി സെപ്തംബര്‍ എട്ടിന് ഡല്‍ഹിയിലെത്തിയ അദ്ദേഹം മോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ തുടരുകയായിരുന്നു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ, സുരക്ഷ, പ്രതിരോധം, വ്യാപാരം, സാമ്പത്തിക, സാംസ്‌കാരിക മേഖലകള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. ഇന്ത്യ-സഊദി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ ആദ്യ മീറ്റിംഗില്‍ ഔപചാരിക ഒപ്പിടല്‍ ഹൈദരാബാദ് ഹൗസില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
ഇന്ന് വൈകുന്നേരത്തോടെ സഊദി കിരീടാവകാശിയെ രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു സ്വീകരിക്കും. ഇത് പരസ്പര താല്‍പ്പര്യങ്ങള്‍ പുനഃസ്ഥാപിക്കുന്ന സംഭാഷണത്തിനും ഇരു രാജ്യങ്ങളെയും ബാധിക്കുന്ന പ്രാദേശികവും അന്തര്‍ദേശീയവുമായ കാര്യങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കും. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഉഭയകക്ഷി വ്യാപാരം എക്കാലത്തെയും ഉയര്‍ന്ന 52.75 ബില്യണ്‍ ഡോളറിലെത്തിയ പശ്ചാത്തലത്തിലാണ് സഊദി കിരീടാവകാശിയുടെ സന്ദര്‍ശനം.