National
മോദി ജി, ഒരു നല്ല വിദ്യാലയം ഞങ്ങള്‍ക്ക് പണിതു തരൂ; വൈറലായി പെണ്‍കുട്ടിയുടെ വീഡിയോ
സ്‌കൂളിലെ സുഹൃത്തുക്കളോടൊപ്പം വൃത്തിഹീനമായ തറയില്‍ ഇരുന്ന് പഠിക്കേണ്ടി വന്നതിലെ വിഷമം വീഡിയോയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കുകയാണ്.
കത്വ| ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ലോഹായി-മല്‍ഹാര്‍ ഗ്രാമത്തില്‍ നിന്നുള്ള കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. സീരത് നാസ് എന്ന പെണ്‍കുട്ടി തന്റെ സ്‌കൂളിലെ സുഹൃത്തുക്കളോടൊപ്പം വൃത്തിഹീനമായ തറയില്‍ ഇരുന്ന് പഠിക്കേണ്ടി വന്നതിലെ വിഷമം വീഡിയോയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കുകയാണ്. ദയവായി മോദി ജി, ഒരു നല്ല വിദ്യാലയം ഞങ്ങള്‍ക്ക് പണിതു തരൂ എന്ന് പെണ്‍കുട്ടി നിഷ്‌കളങ്കമായി വീഡിയോയില്‍ പറയുന്നു. രാജ്യത്തെ ഏറ്റവും ശക്തനായ പ്രധാനമന്ത്രിയായ നിങ്ങള്‍ക്ക് ഇതിന് പരിഹാരം കാണാന്‍ കഴിയുമെന്നും പെണ്‍കുട്ടി പറയുന്നു.
ലോക്കല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് പെണ്‍കുട്ടി വീഡിയോ ആരംഭിക്കുന്നത്. അവള്‍ ഫ്രെയിമില്‍ നിന്ന് മാറി സ്‌കൂള്‍ കോമ്പൗണ്ടിലൂടെ നടക്കുമ്പോള്‍ മോദി-ജി’ക്ക് അതെല്ലാം മനസ്സിലാക്കി കൊടുക്കുന്നു. ലെന്‍സിലേക്ക് നോക്കിക്കൊണ്ട് അവള്‍ പറയുന്നു. മോദി ജി, എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്. നോക്കൂ, തറ എത്ര വൃത്തിഹീനമാണെന്ന്. അവര്‍ ഞങ്ങളെ ഇവിടെയാണ് ഇരുത്തുന്നത്. ഞങ്ങളുടെ സ്‌കൂളിലെ വലിയ കെട്ടിടം ഞാന്‍ കാണിച്ചുതരാം. അവള്‍ മുന്നോട്ട് നടന്ന് കാമറ വലതുവശത്തേക്ക് ചൂണ്ടുമ്പോള്‍, ഒരു പൂര്‍ത്തിയാകാത്ത കെട്ടിടം ദൃശ്യമാകുന്നു. കഴിഞ്ഞ 5 വര്‍ഷമായി കെട്ടിടം എത്ര വൃത്തിഹീനമാണെന്ന് നോക്കൂ.
ഞങ്ങള്‍ക്ക് നല്ലൊരു സ്‌കൂള്‍ പണിയാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. ഇപ്പോള്‍ ഞങ്ങള്‍ക്ക് തറയില്‍ ഇരിക്കേണ്ടിവരുന്നു, അത് കാരണം ഞങ്ങളുടെ യൂണിഫോം വൃത്തികെട്ടതാണ്. യൂണിഫോം വൃത്തി ഇല്ലാത്തതിന് ഞങ്ങളുടെ അമ്മമാര്‍ ഞങ്ങളെ ശകാരിക്കും. ദയവായി മോദിജി, സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ദയവായി എന്റെ ആഗ്രഹം സാധിച്ചു തരൂ.
സ്‌കൂളിലെ ടോയ്‌ലറ്റിന്റെ ശോച്യാവസ്ഥയും പ്രധാനമന്ത്രിയോട് പറയാന്‍ അവള്‍ മടിക്കുന്നില്ല. ടോയ്ലറ്റ് എത്ര വൃത്തിഹീനമാണെന്ന് നോക്കൂ. പ്രധാനമന്ത്രി മോദിയോടുള്ള അഭ്യര്‍ത്ഥനയോടെയാണ് പെണ്‍കുട്ടി വീഡിയോ അവസാനിപ്പിക്കുന്നത്. പറയുന്നത് ശ്രദ്ധിക്കുക, ഞങ്ങള്‍ക്കായി ഒരു നല്ല സ്‌കൂള്‍ നിര്‍മ്മിച്ചു തരൂ. ഞങ്ങള്‍ക്ക് ഇനി മുതല്‍ തറയില്‍ ഇരുന്ന് പഠിക്കേണ്ട അവസ്ഥ ഉണ്ടാകരുത്. യൂണിഫോം വൃത്തികേടാക്കിയതിന് അമ്മ ശകാരിക്കാതിരിക്കണം. നല്ല വിദ്യാലയമായാല്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും നന്നായി പഠിക്കാന്‍ കഴിയും. ദയവായി ഞങ്ങള്‍ക്കായി ഒരു നല്ല സ്‌കൂള്‍ നിര്‍മ്മിച്ചു തരൂ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
ജമ്മു കശ്മീരില്‍ നിന്നുള്ള ‘മാര്‍മിക് ന്യൂസ്’ എന്ന പേജാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വെറും അഞ്ച് മിനിട്ടിനു താഴെ മാത്രമുള്ള വീഡിയോ ഇപ്പോള്‍ ഏകദേശം 2 മില്യണ്‍ ആളുകള്‍ കണ്ടു കഴിഞ്ഞു. ഇതുവരെ 1,16,000ത്തില്‍ അധികം ലൈക്കുകളും ലഭിച്ചു.