modi- putin
സഹകരണമുറപ്പാക്കി മോദി- പുടിൻ കൂടിക്കാഴ്ച; ആയുധക്കരാർ
ആറ് ലക്ഷം എ കെ 203 തോക്ക് വാങ്ങും
ന്യൂഡൽഹി | ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിയുടെ ഭാഗമായി ഡൽഹിയിലെത്തിയ റഷ്യൻ പ്രസിഡന്റ്വ്ലാദിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്ക് മുന്നോടിയായി സുപ്രധാന ആയുധ കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. പ്രതിരോധ, വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത ടു പ്ലസ് ടു മന്ത്രിതല ചർച്ചയിലാണ് കരാറുകൾ ഒപ്പുവെച്ചത്. ആറ് ലക്ഷം എ കെ 203 തോക്കുകൾ വാങ്ങുന്നതുൾപ്പെടെയുള്ള കരാറുകളിലാണ് ഒപ്പുവെച്ചത്. ഇന്ത്യ, റഷ്യ പ്രതിരോധ മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സെർജി ഷൊയ്ഗുവ്, വിദേശകാര്യ മന്ത്രിമാരായ എസ് ജയ്ശങ്കർ, സെർജി ലവ്‌റോവ് കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കലാഷ്‌നിക്കോവ് സീരിസിലെ തോക്കുകൾ കൈമാറാനുള്ള കരാറിൽ ഭേദഗതി വരുത്താനും തീരുമാനമായി. സൈനിക സഹകരണം ഉറപ്പാക്കുന്നതിനും ആയുധങ്ങൾ വാങ്ങുന്നതിനുമുള്ള കരാറുകളിൽ ഒപ്പുവെച്ചതായി കൂടിക്കാഴ്ചക്ക് ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. റഷ്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ഇന്ത്യ വില മതിക്കുന്നുവെന്നും രാജനാഥ് സിംഗ് ട്വീറ്റ് ചെയ്തു.
ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ഇന്നലെ വൈകിട്ടാണ് മോദി- പുടിൻ കൂടിക്കാഴ്ച നടന്നത്. അഫ്ഗാൻ വിഷയം, ഭീകരവാദം, കൊവിഡ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇരുരാഷ്ട്ര നേതാക്കളും ചർച്ച ചെയ്തു. അഫ്ഗാൻ വിഷയത്തിലും പ്രാദേശിക വിഷയങ്ങളിലും റഷ്യയുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.
ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന് പുതിയ സംവിധാനം ആരംഭിച്ചതായും മോദി വ്യക്തമാക്കി. പരസ്പരം സഹായിക്കുക മാത്രമല്ല, സംവേദനക്ഷമത പുലർത്തുകയും ചെയ്തിട്ടുണ്ട്. ഇത് യഥാർഥത്തിൽ വിശ്വാസയോഗ്യമായ സൗഹൃദത്തിന്റെ അതുല്യമായ മാതൃകയാണ്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ആഗോള തലത്തിൽ വിവിധ അടിസ്ഥാന മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ, ഈ മാറ്റങ്ങൾക്കിടയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം സ്ഥിരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയെ വലിയ ശക്തിയായും സൗഹൃദരാഷ്ട്രമായും കാണുന്നുവെന്ന് പുടിൻ പറഞ്ഞു. ഭീകരതയുമായി ബന്ധപ്പെട്ട വിഷയത്തിൽ ആശങ്കാകുലരാണ്. ഭീകരതക്കെതിരെയുള്ള പോരാട്ടം മയക്കുമരുന്ന് കടത്തിനും സംഘടിത കുറ്റകൃത്യങ്ങൾക്കുമെതിരായ പോരാട്ടം കൂടിയാണ്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളിൽ ആശങ്കയുണ്ടെന്നും പുടിൻ വ്യക്തമാക്കി. കൂടിക്കാഴ്ചക്ക് ശേഷം പുടിൻ ഇന്നലെ രാത്രി തന്നെ തിരിച്ചു.
എസ് 400ൽ സമ്മർദത്തിന് വഴങ്ങില്ല
ന്യൂഡൽഹി | എസ്- 400 മിസൈൽ പ്രതിരോധ സംവിധാനം ഇന്ത്യക്ക് നൽകുന്നതിൽ അമേരിക്കൻ സമ്മർദത്തിന് വഴങ്ങില്ലെന്ന് റഷ്യ. ഇന്ത്യയും റഷ്യയും തമ്മിൽ പ്രതിരോധ സഹകരണത്തിലെത്തുന്നതിനെ അമേരിക്ക വിലകുറച്ച് കാണാൻ ശ്രമിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു.
അമേരിക്കയുടെ ഉത്തരവുകൾ അനുസരിക്കാൻ ഇന്ത്യക്ക് മേൽ സമ്മർദം ചെലുത്തുന്നത് ശരിയല്ലെന്നും ലാവ്‌റോവ് പറഞ്ഞു.