Connect with us

From the print

മോദി- പുടിൻ കൂടിക്കാഴ്ച; ലക്ഷ്യം നൂറ് ബില്യൺ ഡോളറിന്റെ വ്യാപാരം

പ്രതിരോധ, സുരക്ഷാ മേഖലകളിൽ സഹകരണം • ഒന്പത് കരാറുകളിൽ ഒപ്പുവെച്ചു

Published

|

Last Updated

മോസ്‌കോ | 2030 ഓടെ പ്രതിവർഷം നൂറ് ബില്യൺ ഡോളറിന്റെ (പതിനായിരം കോടി) ഉഭയകക്ഷി വ്യാപാരം ലക്ഷ്യമിട്ട് ഇന്ത്യയും റഷ്യയും. വ്യാപാര ബന്ധം ശക്തമാക്കുന്നതുൾപ്പെടെ വിവിധ വിഷയങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ്വ്ലാദിമിർ പുടിനും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ചർച്ചയായി. വാണിജ്യം, മൂലധന നിക്ഷേപം, ശാസ്ത്ര- സാങ്കേതിക സഹകരണം, പ്രതിരോധം, സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു.

കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 65.7 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങൾക്കിടയിൽ നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 33 ശതമാനത്തിന്റെ വർധനവാണുണ്ടായത്. വ്യാപാര പങ്കാളിത്തം മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് എങ്ങനെ പ്രോത്സാഹനമാകുമെന്നതും കൂടിക്കാഴ്ചയിൽ ഉയർന്നു. ഇന്ത്യയുടെ കാർഷിക, വ്യാവസായിക ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി ലഭ്യമാകുന്നതിന് ശ്രമിക്കും.
റഷ്യയുടെ നേതൃത്വത്തിലുള്ള യുറേഷ്യൻ ഇക്കണോമിക് യൂനിയനു (ഇ ഇ യു) മായി സ്വതന്ത്ര വ്യാപാര കരാറിൽ മുന്നോട്ടുപോകുന്നതിന്റെ ആവശ്യകതയും നിർദിഷ്ട ചെന്നൈ- വ്ലാഡിവോസ്റ്റോക് ഈസ്റ്റേൺ മാരിടൈം ഇടനാഴി സംബന്ധിച്ചും ഇരുവരും സംസാരിച്ചു. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ ചർച്ച നടക്കും. സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടതുൾപ്പെടെ ഒമ്പത് കരാറുകളിൽ ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ചു.

യുദ്ധം അവസാനിപ്പിക്കണം
നിരപരാധികളായ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് ഹൃദയഭേദകമാണെന്നും യുക്രൈനിൽ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകണമെന്നും വ്ലാദിമിർ പുടിനോട് നരേന്ദ്ര മോദി അഭ്യർഥിച്ചു. കീവിലെ കുട്ടികളുടെ ആശുപത്രി റഷ്യൻ ആക്രമണത്തിൽ തകർന്ന സംഭവത്തിന് പിന്നാലെയാണ് പുടിനുമായുള്ള അനൗദ്യോഗിക കൂടിക്കാഴ്ചക്കിടെ മോദി ആശങ്ക അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കണമെന്നതുൾപ്പെടെയുള്ള യു എൻ ചാർട്ടറിനെ ഇന്ത്യ ബഹുമാനിക്കുന്നുവെന്നും ചർച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും പ്രശ്‌നം പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

ഇന്ത്യക്കാരെ തിരിച്ചെത്തിക്കണം
അനധികൃതമായി റഷ്യൻ സൈന്യത്തിന്റെ ഭാഗമായ ഇന്ത്യക്കാരെ കുറിച്ചുള്ള ആശങ്കയും മോദി രേഖപ്പെടുത്തി. യുക്രൈനുമായുള്ള റഷ്യയുടെ യുദ്ധത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടിരുന്നു. സേനയുടെ ഭാഗമായി നിരവധി പേർ അവിടെ അകപ്പെട്ടിട്ടുണ്ട്. ഇവരെ തിരിച്ചെത്തിക്കാൻ റഷ്യ നടപടി സ്വീകരിച്ചേക്കും.

മോദിക്ക് പരമോന്നത ബഹുമതി
റഷ്യയിലെ പരമോന്നത ബഹുമതിയായ ദ ഓഡർ ഓഫ് സെന്റ് ആൻഡ്രു നരേന്ദ്ര മോദിക്ക് പുടിൻ സമ്മാനിച്ചു. ഇന്ത്യയിലെ ജനങ്ങൾക്ക് ഇത് സമർപ്പിക്കുന്നുവെന്ന് ബഹുമതി സ്വീകരിച്ചതിന് പിന്നാലെ മോദി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഈ ബഹുമതി സമ്മാനിക്കുന്നത്. 2019ൽ പ്രഖ്യാപിച്ച പുരസ്‌കാരമാണ് ഇപ്പോൾ സമ്മാനിച്ചത്.

Latest