National
പ്രശ്‌നങ്ങളുണ്ടാക്കാനല്ല, പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് മോദി
കുംഭമേള ഉള്‍പ്പെടെ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം
ന്യൂഡല്‍ഹി | ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തെ ആഞ്ഞടിച്ചും ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നന്ദിപ്രമേയത്തിന്മേലുള്ള മറുപടി പ്രസംഗം. പ്രശ്‌നങ്ങളുണ്ടാക്കാനല്ല, പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് മോദി പറഞ്ഞു.
ഈ സര്‍ക്കാര്‍ ഭരണഘടനയുടെ മൂല്യം തിരിച്ചറിയുന്നു. ഭരണഘടനയെ പോക്കറ്റിലിട്ട് നടക്കാനല്ല, അത് അംഗീകരിച്ച് നടപ്പാക്കുകയാണ് ഈ സര്‍ക്കാര്‍. വാക്ക് ഒന്നും പ്രവൃത്തി മറ്റൊന്നുമാണ് പ്രതിപക്ഷത്തിന്റേതെന്ന് മോദി വിമര്‍ശിച്ചു.
25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി. 10 വര്‍ഷത്തിനിടെ നാല് കോടി പാവങ്ങള്‍ക്ക് വീട് നല്‍കി. ചിലര്‍ അധികാരം കിട്ടിയപ്പോള്‍ വലിയ മാളുകള്‍ പണിതെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ പരോക്ഷമായി വിമര്‍ച്ച് മോദി പറഞ്ഞു. മറ്റ് ചിലര്‍ പാവപ്പെട്ടവരുടെ വീട്ടില്‍ പോയി ഫോട്ടോയെടുത്ത് രസിക്കുന്നുവെന്നും മോദി വിമര്‍ശിച്ചു.
ഈ സര്‍ക്കാര്‍ എല്ലാ വീടുകളിലും വെള്ളമെത്തിച്ചെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. എന്‍ ഡി എ സര്‍ക്കാര്‍ മുന്നോട്ടുവെച്ച ദാരിദ്ര നിര്‍മാര്‍ജന പദ്ധതി ലക്ഷ്യം കണ്ടു. രാഷ്ട്രീയ നേട്ടത്തിനല്ല, എല്ലാം ജനങ്ങളുടെ നന്മക്കാണെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ്സ് നിരവധി കപട വാഗ്ദാനങ്ങള്‍ നല്‍കി. എന്നാല്‍ തങ്ങള്‍ അത് പ്രാവര്‍ത്തികമാക്കിയെന്നും മോദി അവകാശപ്പെട്ടു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ കുംഭമേള ഉള്‍പ്പെടെ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചു. തട്ടിപ്പിലൂടെയാണ് മോദി ഭരണം പിടിച്ചതെന്നും പ്രതിപക്ഷം മറുപടി നല്‍കി. മോദിയുടെ പ്രസംഗം തടസ്സപ്പെടുത്താനുള്ള പ്രതിപക്ഷ നീക്കം സ്പീക്കര്‍ ഓം ബിര്‍ള തടഞ്ഞു. എന്നാല്‍ അവര്‍ എവന്തെങ്കിലും പറഞ്ഞോട്ടെ വിഷമമുണ്ടാകുമെന്നായിരുന്നു മോദിയുടെ പരിഹാസം.