Connect with us

National

മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റു; ആദ്യം ഒപ്പുവച്ചത് കിസാന്‍ നിധി ഫയലില്‍

ഇരുപതിനായിരം കോടി രൂപയോളമാണ് കിസാന്‍ നിധി പ്രകാരം വിതരണം ചെയ്യുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി|മൂന്നാം തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്ര മോദി ആദ്യം ഒപ്പുവച്ചത് പിഎം കിസാന്‍ നിധി പതിനേഴാം ഗഡു വിതരണം ചെയ്യുന്നതിനുള്ള ഫയലില്‍. ഇരുപതിനായിരം കോടി രൂപയോളമാണ് കിസാന്‍ നിധി പ്രകാരം വിതരണം ചെയ്യുന്നത്. രാജ്യത്തെ 9.3 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് തന്റേതെന്ന്  മോദി വ്യക്തമാക്കി. അതാണ് ആദ്യം ഒപ്പിടുന്ന ഫയലായി പിഎം കിസാന്‍ നിധിയെ തിരഞ്ഞെടുത്തത്. വരും ദിവസങ്ങളില്‍ കൃഷിയുടെയും കര്‍ഷകരുടെയും ക്ഷേമത്തിനായി കൂടുതല്‍ തീരുമാനങ്ങളുണ്ടാവുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ പത്തൊമ്പതാമത്തെ പ്രധാനമന്ത്രിയായി ഇന്നലെ വൈകിട്ടാണ് നരേന്ദ്ര ദാമോദര്‍ദാസ് സത്യപ്രതിജ്ഞ ചെയ്തത്. ഈശ്വര നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സത്യാവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശേഷം രാജ്നാഥ് സിങ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നരേന്ദ്രമോദിക്കും രാജ്നാഥ് സിങ്ങിനും ശേഷം മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയില്‍ ആഭ്യന്ത്രമന്ത്രിയായിരുന്നു അമിത് ഷാ.

മുന്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, നിര്‍മല സീതാരാമന്‍, സുബ്രമണ്യ ജയശങ്കര്‍, മനോഹര്‍ ലാല്‍ തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു. 72 അംഗ മന്ത്രിസഭയും ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. അതില്‍ 30 കാബിനറ്റ് മന്ത്രിമാരും, 5 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും, 36 സഹമന്ത്രിമാരും ഉള്‍പ്പെടും.

ജെ.ഡി.യുവിലെയും ടി.ഡി.പിയിലേയും രണ്ട് പേര്‍ വീതം മന്ത്രിമാരായി അധികാരമേല്‍ക്കും. ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രി ആകുന്ന രണ്ടാമത്തെ വ്യക്തിയാണ് മോദി.

 

 

 

 

Latest