FUEL TAX
ഇന്ധന നികുതി കുറക്കാന്‍ ബി ജെ പിയിതര സര്‍ക്കാറുകളോട് ആവശ്യപ്പെട്ട് മോദി
രാജ്യത്തുടനീളമുള്ള പ്രധാന നഗരങ്ങളിലെ ഇന്ധന വില മോദി ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹി | ഇന്ധനത്തിന്റെ മൂല്യവര്‍ധിത നികുതി (വാറ്റ്) കുറക്കണമെന്ന് ബി ജെ പിയിതര സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഹകരണാത്മക ഫെഡറലിസത്തിന്റെ ശക്തിക്ക് ഇന്ധന നികുതി കുറക്കണമെന്നാണ് മോദിയുടെ അഭ്യര്‍ഥന. രാജ്യത്ത് ഇന്ധന വില റോക്കറ്റ് കണക്കെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യപ്പെടല്‍.
രാജ്യത്തുടനീളമുള്ള പ്രധാന നഗരങ്ങളിലെ ഇന്ധന വില മോദി ചൂണ്ടിക്കാട്ടി. വാറ്റ് കുറച്ച സംസ്ഥാനങ്ങളില്‍ ഇന്ധന വില താരതമ്യേന കുറവാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരെ ശക്തമായി പോരാടിയ അതേ ശക്തിയില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കെതിരെ പോരാടണമെന്നും മോദി പറഞ്ഞു.
യുദ്ധസമാന സാഹചര്യം ആഗോളതലത്തില്‍ നിലനില്‍ക്കുന്നതിലാണ് സാമ്പത്തിക പ്രശ്‌നമുണ്ടാകുന്നത്. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, കേരളം, തെലങ്കാന, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്ധന നികുതി കുറച്ചില്ലെന്നും മോദി പറഞ്ഞു. ഉത്തര്‍ പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കഴിഞ്ഞ നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ധനത്തിന്റെ എക്‌സൈസ് നികുതി കുറച്ചിരുന്നു. ബി ജെ പി സര്‍ക്കാറുകളും നികുതി കുറച്ചു. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വില കുത്തനെ ഇടിയുമ്പോഴെല്ലാം സെസും എക്‌സൈസ് നികുതിയും കേന്ദ്രം വര്‍ധിപ്പിക്കുന്ന ശൈലിയാണ് മാറ്റേണ്ടതെന്നും കേന്ദ്രമാണ് നികുതി വര്‍ധിപ്പിച്ചതെന്നും അത് കുറക്കുകയാണ് വേണ്ടതെന്നും ബി ജെ പിയിതര സംസ്ഥാന സര്‍ക്കാറുകള്‍ ചൂണ്ടിക്കാട്ടുന്നു.