Articles
മോദിക്ക് സംസ്ഥാനങ്ങളെ കേള്‍ക്കേണ്ടി വരും
സംസ്ഥാന സര്‍ക്കാറുകളെ അവഗണിച്ചും ഫെഡറല്‍ തത്ത്വങ്ങളോട് മുഖം തിരിച്ചും ഇനി ഏറെ ദൂരം മുന്നോട്ടു പോകാനാകില്ല മോദി സര്‍ക്കാറിന്. ജി എസ് ടി കൗണ്‍സിലില്‍ പ്രാദേശിക രാഷ്ട്രീയ കക്ഷികളും പ്രതിപക്ഷം ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളും സമ്മര്‍ദ ശക്തികളാകുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വിയര്‍ക്കും. ഓരോ തര്‍ക്കവും മനസ്സുകൊടുത്ത് കേട്ടും അവധാനതയോടെ പരിഗണിച്ചും തീരുമാനത്തിലെത്തേണ്ടി വരും മോദി സര്‍ക്കാറിന്.
മൂന്നാം മോദി സര്‍ക്കാര്‍ ആദ്യ ബജറ്റ് അവതരിപ്പിക്കാനിരിക്കെ സംസ്ഥാനങ്ങളുമായുള്ള ധനകാര്യ ബന്ധം മേലില്‍ എന്തായിരിക്കുമെന്ന ചോദ്യം പ്രസക്തമാണ്. ഏകാധിപത്യ പ്രവണത പ്രകടിപ്പിച്ചിരുന്ന കേന്ദ്രാധികാരം മുന്നണി രാഷ്ട്രീയത്തിലൂടെ കുറച്ചെങ്കിലും വികേന്ദ്രീകൃതമായിരിക്കുകയാണല്ലോ ഇപ്പോള്‍. രണ്ട് പ്രധാന പ്രാദേശിക രാഷ്ട്രീയ കക്ഷികളെ പിണക്കാതെ വേണം ഭരിക്കാന്‍ എന്നതിനാല്‍ ധനകാര്യ ഫെഡറലിസത്തെ മുമ്പത്തെ പോലെ അവഗണിച്ച് മുന്നോട്ടു പോകാന്‍ പുതിയ മോദി സര്‍ക്കാറിനാകില്ല.
രാജ്യത്ത് ജി എസ് ടി നടപ്പാക്കിയത് മുതല്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ക്കിടയിലെ തര്‍ക്കങ്ങളുടെ മര്‍മം സംസ്ഥാനങ്ങള്‍ക്കുള്ള ജി എസ് ടി നഷ്ടപരിഹാരവും ജി എസ് ടി കൗണ്‍സിലിന്റെ ഘടനയും തീരുമാനങ്ങളുടെ സ്വഭാവവുമാണെന്ന് കാണാം. ഒരു രാജ്യം, ഒറ്റ നികുതി എന്ന നിലയില്‍ കൊണ്ടുവന്ന ഏകീകൃത നികുതി സംവിധാനത്തിന് കീഴില്‍ ഉപഭോക്തൃ സംസ്ഥാനങ്ങള്‍ നികുതി ശേഖരിക്കുന്നവരായി മാറി. അത് ഉത്പാദക സംസ്ഥാനങ്ങളുടെ വരുമാനത്തെ കാര്യമായി ബാധിച്ചപ്പോള്‍ കണ്ട മറുമരുന്നാണ് ജി എസ് ടി നഷ്ടപരിഹാരം.
ജി എസ് ടി സാധ്യമാക്കാന്‍ കൊണ്ടുവന്ന 101ാം ഭരണഘടനാ ഭേദഗതി നിയമത്തിന്റെ 18ാം വകുപ്പില്‍ അക്കാര്യം പറയുന്നത് ഇങ്ങനെ വായിക്കാം: “ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലം വരുമാന നഷ്ടം സംഭവിച്ച സംസ്ഥാനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ജി എസ് ടി കൗണ്‍സിലിന്റെ ശിപാര്‍ശ പ്രകാരം പാര്‍ലിമെന്റ് തീരുമാനമെടുക്കണം’. സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം നികത്താനുള്ള ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാറിനുണ്ടെന്ന് ഭരണഘടനാ ഭേദഗതി പറഞ്ഞുവെക്കുമ്പോഴും ജി എസ് ടിയില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ക്കിടയില്‍ വലിയ തര്‍ക്കം നിലനിന്നു പലപ്പോഴും. പ്രത്യേകിച്ച് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ജി എസ് ടിയിലും ചിറ്റമ്മ നയം സ്വീകരിച്ചു കേന്ദ്ര സര്‍ക്കാര്‍.
ജി എസ് ടി നഷ്ടപരിഹാരത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ക്കിടയിലെ തര്‍ക്കം കൊവിഡ് കാലത്ത് മൂര്‍ധന്യതയിലെത്തുകയും ചെയ്തു. ലോക്ക്ഡൗണില്‍ നികുതി വരുമാനത്തില്‍ ഇടിവ് സംഭവിക്കുക കൂടി ചെയ്തതോടെ ജി എസ് ടി നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ മടിച്ചു. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് ജി എസ് ടി നഷ്ടപരിഹാരം ലഭ്യമാക്കുകയെന്നത് കേന്ദ്ര സര്‍ക്കാറിന്റെ നിയമപരവും ധാര്‍മികവുമായ ബാധ്യതയാണെന്നതിനാല്‍ വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ ശക്തമായി പ്രതിഷേധിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസ്ഥാന ക്യാബിനറ്റും ഒരുവേള ഡല്‍ഹിയിലെത്തി പ്രതിഷേധിക്കുക പോലുമുണ്ടായി. ജി എസ് ടി നഷ്ടപരിഹാരം നല്‍കാതിരിക്കുക വഴി സംസ്ഥാനങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിനെതിരെ കേരളവും തമിഴ്‌നാടും പശ്ചിമ ബംഗാളുമെല്ലാം സ്വരമുയര്‍ത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല.
ഭരണഘടനയുടെ 279എ അനുഛേദപ്രകാരം ജി എസ് ടി കൗണ്‍സിലില്‍ തീരുമാനമെടുക്കാനുള്ള അധികാരത്തിന്റെ മൂന്നിലൊന്ന് ഭാഗധേയത്വം കേന്ദ്ര സര്‍ക്കാറിനാണ്. അതുവഴി കൗണ്‍സില്‍ തീരുമാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മേധാവിത്വം ഉറപ്പിക്കപ്പെടുകയും ഭരണകൂട താത്പര്യങ്ങള്‍ ഒരിളക്കവും തട്ടാതെ സംരക്ഷിക്കപ്പെടുകയും ചെയ്തു. അങ്ങനെയിരിക്കെ ജി എസ് ടി കൗണ്‍സിലിന്റെ ഘടനയും സ്വഭാവവും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. 2022ലെ മോഹിത് മിനറല്‍സ് കേസില്‍ ജി എസ് ടി കൗണ്‍സില്‍ തീരുമാനം കേന്ദ്ര സര്‍ക്കാറിന് ബാധകമാകുമെന്ന തീര്‍പ്പുണ്ടായതോടെ കൗണ്‍സിലിന്റെ ഘടനക്ക് പരമോന്നത നീതിപീഠത്തിന്റെ കൂടി കൈയൊപ്പ് ലഭിക്കുകയായിരുന്നു. ഭരണഘടനയുടെ 246എ അനുഛേദപ്രകാരം ജി എസ് ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാറിനുമുള്ള അധികാരം 279എ ആര്‍ട്ടിക്കിള്‍ അനുസരിച്ച് ജി എസ് ടി കൗണ്‍സിലിന് തീരുമാനമെടുക്കാനുള്ള അധികാരവുമായി രമ്യതയിലാകണമെന്നും ചൂണ്ടിക്കാട്ടി സുപ്രീം കോടതി. അതായത് ജി എസ് ടിയുമായി ബന്ധപ്പെട്ട് കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ക്കുള്ള നിയമനിര്‍മാണ അധികാരത്തിന് മുകളില്‍ ജി എസ് ടി കൗണ്‍സിലിനെ പ്രതിഷ്ഠിച്ചു. ജി എസ് ടി കൗണ്‍സിലിലാണെങ്കില്‍ കേന്ദ്ര സര്‍ക്കാറിന് മേധാവിത്വവും. അതുപയോഗിച്ച് ന്യായമായ നികുതി വിഹിതം ലഭിക്കാനുള്ള സംസ്ഥാന സര്‍ക്കാറുകളുടെ അവകാശം നിഷേധിക്കുകയായിരുന്നു മോദി സര്‍ക്കാര്‍ ഇതുവരെ.
നമ്മുടെ ഭരണഘടനയുടെ മൗലിക ഘടനയുടെ ഭാഗമാണ് ഫെഡറല്‍ സംവിധാനമെങ്കില്‍ അതിനോട് നീതി പുലര്‍ത്താത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാട് കേരളമടക്കമുള്ള സംസ്ഥാന സര്‍ക്കാറുകളെ വലിയ സാമ്പത്തിക ഞെരുക്കത്തിലെത്തിച്ചു എന്നതാണ് സത്യം.
1969ലെ അഞ്ചാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ പ്രകാരമാണ് പ്രത്യേക പരിഗണന വേണ്ട സംസ്ഥാനങ്ങളെയും മേഖലകളെയും വര്‍ഗീകരിക്കാന്‍ തുടങ്ങിയത്. അതുവഴി അധിക നികുതി വിഭവവും സാമ്പത്തിക സഹായവും ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. ആദ്യ രണ്ട് മോദി സര്‍ക്കാറുകളുടെ കാലത്ത് അത്തരം ആവശ്യങ്ങള്‍ പരിഗണിക്കപ്പെടാതിരിക്കുക സ്വാഭാവികമാണ്. ഭരിക്കാന്‍ ബി ജെ പിക്ക് ആരുടെയും കാല് പിടിക്കേണ്ടിയിരുന്നില്ല എന്നതിനാല്‍ ഘടക കക്ഷികളൊക്കെ മിണ്ടാതിരുന്ന ആ ദശാബ്ദം പോയിമറഞ്ഞു. ഇന്നിപ്പോള്‍ ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും വിചാരിച്ചാലേ ഭരണം മുന്നോട്ടു പോകുകയുള്ളൂ എന്ന സ്ഥിതിയാണ്.
നിയോ ലിബറല്‍ വികസന കാഴ്ചപ്പാടുകളുടെ വക്താവായ ചന്ദ്രബാബു നായിഡു ആന്ധ്രാ പ്രദേശിന്റെ ആവശ്യങ്ങള്‍ക്കായി നിരന്തരം സംസാരിക്കുന്നത് നാം കാണുന്നുണ്ട്. 2014ല്‍ ആന്ധ്രാ പ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപവത്കരിച്ചത് മുതല്‍ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ സി പിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പിയും ആന്ധ്രക്ക് പ്രത്യേക പദവിയും പാക്കേജും വേണമെന്ന് രായ്ക്കുരാമാനം പറഞ്ഞുകൊണ്ടിരിക്കുന്നു. നേരത്തേ തന്നെ ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ മുന്നണിയുടെ ഭാഗമായിരുന്ന ടി ഡി പി 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുമ്പ് മുന്നണി വിട്ടത് ആന്ധ്രാ പ്രദേശിന്റെ പ്രത്യേക പദവിയെച്ചൊല്ലിയാണെന്ന് കൂടി ഓര്‍ക്കണം.
മൂന്നാം മോദി സര്‍ക്കാറിനെ താങ്ങിനിര്‍ത്തുന്ന രണ്ടാമതൊരു രാഷ്ട്രീയ ചാണക്യന്‍, നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാണ്. രാജ്യത്തെ പിന്നാക്ക സംസ്ഥാനങ്ങളിലൊന്നായ ബിഹാറിന് വേണ്ടി പലതും ചോദിക്കാനിരിക്കുന്നു നിതീഷ്. അതിനാല്‍ സംസ്ഥാന സര്‍ക്കാറുകളെ അവഗണിച്ചും ഫെഡറല്‍ തത്ത്വങ്ങളോട് മുഖം തിരിച്ചും ഇനി ഏറെ ദൂരം മുന്നോട്ടു പോകാനാകില്ല മോദി സര്‍ക്കാറിന്. ജി എസ് ടി കൗണ്‍സിലില്‍ പ്രാദേശിക രാഷ്ട്രീയ കക്ഷികളും പ്രതിപക്ഷം ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളും സമ്മര്‍ദ ശക്തികളാകുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വിയര്‍ക്കും. ഓരോ തര്‍ക്കവും മനസ്സുകൊടുത്ത് കേട്ടും അവധാനതയോടെ പരിഗണിച്ചും തീരുമാനത്തിലെത്തേണ്ടി വരും മോദി സര്‍ക്കാറിന്. അതിനാല്‍ തന്നെ മോദി സര്‍ക്കാറിന്റെ മൂന്നാമൂഴത്തില്‍ ഫെഡറല്‍ തത്ത്വങ്ങള്‍ക്ക് ചെവി കൊടുക്കാതെ മുന്നോട്ടു പോകാനാകില്ല ഭരണകൂടത്തിനെന്നതിനാല്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്.