Connect with us

International

മുഹമ്മദ് മുഖ്ബർ ഇറാന്റ ഇടക്കാല പ്രസിഡന്റ്; അലി ബാഗേരി കനി ആക്ടിംഗ് വിദേശകാര്യ മന്ത്രി

കൊല്ലപ്പെട്ട റഈസിയെ പോലെ 68കാരനായ മുഖ്ബറും ഇറാൻ പരമോന്നത നേതാവുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്.

Published

|

Last Updated

മുഹമ്മദ് മുഖ്ബർ, അലി ബാഗേരി കനി

ടെഹ്റാൻ | ഇറാൻ പ്രസിഡന്റ് ഇബ്റാഹീം റെയ്സി കോപ്റ്റർ അപകടത്തിൽ മരിച്ചതോടെ ഇറാനിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ സജീവമായി. ഇടക്കാല പ്രസിഡന്‍റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്‍റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. അലി ബാഗേരി കനി ഇറാൻ്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രിയായും നിയമിതനായി. ഇറാൻ പരമോന്നത നേതാവ് അലി ഖാംനഈയാണ് ഇടക്കാല നേതാക്കളെ പ്രഖ്യാപിച്ചത്.

ഇറാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 അനുസരിച്ച് പ്രസിഡന്റ് അധികാരത്തിലിരിക്കെ മരിക്കുകയോ, അസുഖബാധിതനാവുകയോ ചെയ്താൽ പരമോന്നത നേതാവിന്റെ അനുമതിയോടെ രാജ്യത്തെ ആദ്യത്തെ വൈസ് പ്രസിഡന്റിന് ഇടക്കാല പ്രസിഡന്റാകാം. 50 ദിവസത്തേക്കാണ് ഇടക്കാല പ്രസിഡന്റായി മുഖ്ബർ ചുമതലയേൽക്കുക. ഈ കാലയളവിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കണം. ആദ്യ വൈസ് പ്രസിഡന്‍റ്, പാർലമെന്‍റ് സ്പീക്കർ, ജുഡീഷ്യറി മേധാവി എന്നിവരടങ്ങുന്ന ഉന്നതാധികാര കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 2025ലാണ് ഇനി ഇറാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.

കൊല്ലപ്പെട്ട റഈസിയെ പോലെ 68കാരനായ മുഖ്ബറും ഇറാൻ പരമോന്നത നേതാവുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്. റഈസി പ്രസിഡന്‍റായി ചുമതലയേറ്റതിനു പിന്നാലെ 2021 ആഗസ്റ്റിലാണ് മുഖ്ബറിനെ ഒന്നാം വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കുന്നത്. അതിനു മുമ്പ് 14 വർഷം ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള നിക്ഷേപ ഫണ്ടായ ‘സെറ്റാഡി’ന്റെ തലവനായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം.

ആണവ, ബാലിസ്റ്റിക് മിസൈല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്നാരോപിച്ച് 2010ല്‍ യൂറോപ്യന്‍ യൂനിയന്‍ ഉപരോധ പട്ടികയില്‍ ഉൾപ്പെടുത്തിയവരിൽ മുഖ്ബറും ഉൾപ്പെട്ടിരുന്നു. രണ്ടു വർഷത്തിനുശേഷം അദ്ദേഹത്തെ പട്ടികയിൽനിന്ന് ഒഴിവാക്കുകയായിരുന്നു.

അപകടത്തിൽ കൊല്ലപ്പെട്ട വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുല്ല ഹിയാൻ്റെ ഡെപ്യൂട്ടി ആയി സേവനമനുഷ്ഠിച്ചയാളാണ് ആക്ടിംഗ് വിദേശകാര്യ മന്ത്രി ബാഗേരി. ബാഗേരിയും ആയത്തുല്ല അലി ഖാംനഇയുടെ അടുത്തയാളാണ്. ബഗേരിയുടെ സഹോദരൻ്റെ ഭാര്യാപിതാവാണ് ആയത്തുള്ള അലി ഖാംനഇ. ഇറാന്റെ ആണവ പദ്ധതികളിലും അദ്ദേഹത്തിന് ശക്തമായ ഇടപടലുണ്ട്.

Latest