Uae
മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
അഞ്ച് വർഷത്തിനുള്ളിൽ 50 രാജ്യങ്ങളിലെ 50 കോടി ആളുകളിലേക്ക് എത്തിച്ചേരും

അബൂദബി| ആഗോള ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി. ആരോഗ്യത്തിലും സമഗ്ര വികസനത്തിലും സുസ്ഥിരമായ ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെയാണ് ഫൗണ്ടേഷൻ സ്ഥാപിച്ചത്. സായിദ് മാനുഷിക ദിനത്തോടനുബന്ധിച്ച് രൂപീകൃതമായ ഫൗണ്ടേഷൻ വ്യക്തികളെയും സമൂഹങ്ങളെയും ശാക്തീകരിക്കുന്ന നൂതന പരിഹാരങ്ങൾക്കായി പ്രവർത്തിക്കും. സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികളെ നേരിടാൻ ലോകമെമ്പാടുമുള്ള ദേശീയ സ്ഥാപനങ്ങളുമായി ചേർന്നാവും പ്രവർത്തിക്കുക.
ഖസർ അൽ ശാതിയിൽ നടന്ന ചടങ്ങിൽ, ഫൗണ്ടേഷന്റെ ദൗത്യത്തെക്കുറിച്ച് യു എ ഇ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ അവലോകനം ചെയ്തു. നവീകരണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും ആഗോള പങ്കാളിത്തങ്ങൾ വളർത്തുന്നതിലും സുസ്ഥിരമായ മാറ്റം ഉണ്ടാക്കുന്നതിലും ഫൗണ്ടേഷൻ നിർണായക പങ്ക് വഹിക്കുമെന്ന് ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ പറഞ്ഞു. യു എ ഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പാരമ്പര്യത്തെ ഇത് ശക്തിപ്പെടുത്തും.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 50-ലധികം രാജ്യങ്ങളിലായി 500 ദശലക്ഷത്തിലധികം ആളുകളിലേക്ക് ഫൗണ്ടേഷൻ എത്തിച്ചേരാൻ ലക്ഷ്യമിടുന്നു. പോളിയോ, മലേറിയ, അവഗണിക്കപ്പെട്ട ഉഷ്ണമേഖലാ രോഗങ്ങൾ എന്നിവ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങൾ, ഏറ്റവും ആവശ്യമുള്ള സമൂഹങ്ങളിൽ ദീർഘകാലവും അർഥവത്തായതുമായ പരിവർത്തനം എന്നിവയും ഇതിന്റെ ലക്ഷ്യമാണ്.
ഇർത് സായിദ് ഫിലാന്ത്രോ പീസിന്റെ കുടക്കീഴിൽ പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ, ആഗോള വികസനത്തിനും പ്രതിസന്ധി പരിഹാരത്തിനുമുള്ള യു എ ഇയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്്യാന്റെ മാനുഷിക പാരമ്പര്യത്തിന്റെ തുടർച്ച നടത്തുമെന്നും ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്്യാനും വ്യക്തമാക്കി.