Connect with us

National

ചൗഹാനെ തഴഞ്ഞു; മോഹന്‍ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രി

ശിവരാജ് സിംഗ് ചൗഹാനെ ഉള്‍പ്പെടെയുള്ള നേതാക്കളെ തഴഞ്ഞാണ് മോഹന്‍ യാദവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്

Published

|

Last Updated

ഭോപ്പാല്‍ |  മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാറിനെ മോഹന്‍ യാദവ് നയിക്കും. ദക്ഷിണ ഉജ്ജയിനിലെ എംഎല്‍എയും മുന്‍ വിദ്യാഭ്യാസ മന്ത്രിയും പ്രമുഖ ഒബിസി നേതാവുമാണ് മോഹന്‍ യാദവ്. ശിവരാജ് സിംഗ് ചൗഹാനെ ഉള്‍പ്പെടെയുള്ള നേതാക്കളെ തഴഞ്ഞാണ് മോഹന്‍ യാദവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

ജഗദീഷ് ദേവ്ഡ, രാജേഷ് ശുക്ല എന്നിവരായിരിക്കും ഉപമുഖ്യമന്ത്രിമാര്‍. കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ സ്പീക്കറായേക്കും. അതേ സമയം, ശിവരാജ് സിംഗ് ചൗഹാന് തല്‍ക്കാലം പദവികളൊന്നും നല്‍കിയിട്ടില്ല.

ഇന്നു ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ഉള്‍പ്പെടെ കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ആയിരുന്നു എംഎല്‍എമാരുടെ യോഗം. ശിവരാജ് സിങ് ചൗഹാന്‍, നരേന്ദ്രതോമര്‍, കൈലാഷ് വിജയവാര്‍ഗിയ എന്നിവരുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നെങ്കിലും അവസാനം മോഹന്‍ യാദവിനെ നറുക്ക് വീഴുകയായിരുന്നു.

നവംബര്‍ 17ന് നടന്ന തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ 230 അംഗ നിയമസഭയില്‍ 163 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് 66 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

;

 

---- facebook comment plugin here -----

Latest