Kerala
ബ്ലാസ്‌റ്റേഴ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി മോഹന്‍ ബഗാന്‍
ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് നിറംമങ്ങി.

കൊച്ചി \ ഐപിഎല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന്‍ ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് നിറംമങ്ങി.
സ്വന്തം തട്ടകത്തില്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് ആദ്യം മുതല്‍ തന്നെ കാലിടറി. 28-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ ജെയ്മി മക്ലാരന്‍ ലീഡെടുത്തു. 40-ാം മിനിറ്റില്‍ ജേസണ്‍ കമ്മിങ്സിന്റെ അസിസ്റ്റില്‍ മക്ലാരന്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ വല കുലുക്കി.66-ാം മിനിറ്റില്‍ ആല്‍ബര്‍ട്ടോ റോഡ്രിഗസ് ബഗാനായി മൂന്നാം ഗോള്‍ നേടിയതോടെ ബ്ലാസ്റ്റേഴ്സ് പരാജയത്തോടെ മടങ്ങി.
മത്സരത്തില്‍ 67 ശതമാനമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ബോള്‍ പൊസെഷനെങ്കിലും അവസരങ്ങള്‍ സൃഷ്ടിക്കാനോ ലഭിച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റാനോ സാധിച്ചില്ല.20 കളികളില്‍ നിന്ന് 24 പോയിന്റോടെ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഏഴ് കളികള്‍ ജയിച്ചപ്പോള്‍ 10 എണ്ണം തോറ്റു. 21 കളികളില്‍ നിന്ന് 49 പോയിന്റുമായി മോഹന്‍ ബഗാന്‍ പട്ടികയില്‍ ഒന്നാമതാണ്.