Connect with us

isl 2022

കൊച്ചിയില്‍ ഗോള്‍മഴ തീർത്ത് മോഹന്‍ ബഗാന്‍; നാട്ടുകാര്‍ക്ക് മുന്നില്‍ നാണംകെട്ട് ബ്ലാസ്‌റ്റേഴ്‌സ്

രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് എ ടി കെ, ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്.

Published

|

Last Updated

കൊച്ചി | ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മഞ്ഞത്തിരമാല തീര്‍ത്ത ബ്ലാസ്റ്റേഴ്‌സ് കാണികളെ സാക്ഷി നിര്‍ത്തി ഗോള്‍ മഴ പെയ്യിച്ച് എ ടി കെ മോഹന്‍ ബഗാന്‍. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് എ ടി കെ, ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. എ ടി കെയുടെ ദിമിത്രി പെട്രാടോസ് ഹാട്രിക് ഗോള്‍ നേടി. കളിയുടെ തുടക്കത്തില്‍ തന്നെ എതിരാളികളെ ഞെട്ടിച്ച് ഗോള്‍ നേടിയെങ്കിലും വിജയിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല.

ആറാം മിനുട്ടില്‍ സഹല്‍ സമദിന്റെ അസിസ്റ്റില്‍ ഇവാന്‍ കലിയുഴ്‌നീ ആണ് എ ടി കെയുടെ ഗോള്‍വല ചലിപ്പിച്ചത്. എന്നാല്‍ 26ാം മിനുട്ടില്‍ എ ടി കെ ഗോള്‍ മടക്കി. ഹ്യൂഗോ ബൂമൂസിന്റെ അസിസ്റ്റില്‍ ദിമിത്രി പെട്രോടോസ് ആണ് സമനില ഗോള്‍ നേടിയത്. ആദ്യ പകുതി അവസാനിക്കും മുമ്പ് ലീഡ് ഗോളും എ ടി കെ അടിച്ചെടുത്തു.

38ാം മിനുട്ടില്‍ മന്‍വീര്‍ സിംഗിന്റെ അസിസ്റ്റില്‍ ജോണി കൗകോയാണ് എ ടി കെയുടെ രണ്ടാം ഗോള്‍ നേടിയത്. 45ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹര്‍മന്‍ജോത് ഖാബ്രക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ മൂന്നാം ഗോളും എ ടി കെ അടിച്ചു. ലിസ്റ്റണ്‍ കൊളാകോയുടെ അസിസ്റ്റില്‍ ദിമിത്രി പെട്രോടോസ് തന്നെയാണ് മൂന്നാം ഗോള്‍ നേടിയത്. 79ാം മിനുട്ടില്‍ കളി വൈകിപ്പിച്ചതിന് എ ടി കെയുടെ ഗോളി വിശാല്‍ കൈതിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

81ാം മിനുട്ടില്‍ കാണികളിലെ നിരാശക്ക് ശമനം നല്‍കി രാഹുല്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ നേടി. എന്നാല്‍ തൊട്ടുടനെ 88ാം മിനുട്ടില്‍ ലെന്നി റോഡ്രിഗസിലൂടെ എ ടി കെ ലീഡ് നില ഉയര്‍ത്തി. ഇഞ്ചുറി ടൈമില്‍ ദിമിത്രി പെട്രാടോസിന്റെ കാലില്‍ നിന്ന് തന്റെ ഹാട്രിക് ഗോളും എ ടി കെയുടെ അഞ്ചാം ഗോളും പിറന്നു.

Latest