durand cup 2023
കൊല്‍ക്കത്ത ഡെര്‍ബിയില്‍ മോഹന്‍ ബഗാന്‍; ഡ്യൂറന്‍ഡ് കപ്പില്‍ മുത്തമിട്ടു
മോഹന്‍ ബഗാന്റെ 17ാം ഡ്യൂറന്‍ഡ് കപ്പ് നേട്ടമാണിത്.
കൊല്‍ക്കത്ത | ബംഗാള്‍ കടുവകളുടെ പോരാട്ടത്തിനൊടുവില്‍ ഡ്യൂറന്‍ഡ് കപ്പ് മോഹന്‍ ബഗാന്. ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയം. പത്ത് പേരുമായി കളിച്ചാണ് മോഹന്‍ ബഗാന്‍ എതിരാളികളായ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്.
71ാം മിനുട്ടില്‍ ദിമി പെട്രട്ടോസ് ആണ് മോഹന്‍ ബഗാന്റെ വിജയ ഗോള്‍ നേടിയത്. മോഹന്‍ ബഗാന്റെ അനിരുദ്ധ് ഥാപക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതിനാൽ ടീം പത്ത് പേരിലേക്ക് ചുരുങ്ങി. 62ാം മിനുട്ടില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കൂടി ലഭിച്ചതോടെയായിരുന്നു ഥാപ്പക്ക് പുറത്തുപോകേണ്ടി വന്നത്.
മോഹന്‍ ബഗാന്റെ കോച്ച് യുവാന്‍ ഫെറാന്‍ഡോയോട് തട്ടിക്കയറിയതിന് ഈസ്റ്റ് ബംഗാളിന്റെ അസിസ്റ്റന്റ് കോച്ച് ദിമസ് ഡെല്‍ഗാദോക്കും ചുവപ്പ് കാര്‍ഡ് ലഭിച്ചു. മോഹന്‍ ബഗാന്റെ 17ാം ഡ്യൂറന്‍ഡ് കപ്പ് നേട്ടമാണിത്. ഇന്ത്യയിലെ പഴക്കം ചെന്ന ടൂര്‍ണമെന്റായ ഡ്യൂറന്‍ഡ് കപ്പിന്റെ 132ാം പതിപ്പാണ് സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ അരങ്ങേറിയത്. 391ാം കൊല്‍ക്കത്തെ ഡര്‍ബി കൂടിയായിരുന്നു.