Uae
മോൾഡോവൻ - ഇസ്റാഈലി പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾക്ക് വധശിക്ഷ
ഈ വിധി യു എ ഇയുടെ തീവ്രവാദത്തിനെതിരായ ഉറച്ച നിലപാടിനെയും നീതി, ന്യായമായ വിചാരണ, നിയമവാഴ്ച എന്നിവയോടുള്ള പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

അബൂദബി | മോള്‍ഡോവന്‍-ഇസ്‌റാഈലി പൗരനായ സ്വി കോഗന്റെ തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും അബൂദബി ഫെഡറല്‍ കോടതിയുടെ അപ്പീല്‍ വിഭാഗത്തിലെ സ്റ്റേറ്റ് സെക്യൂരിറ്റി ചേംബര്‍ നാല് പ്രതികളെ ശിക്ഷിച്ചു.
തീവ്രവാദ ഉദ്ദേശത്തോടെ മനഃപൂര്‍വം നടത്തിയ കൊലപാതകത്തിന് മൂന്ന് പ്രതികള്‍ക്ക് വധശിക്ഷയും സഹായിയായി പ്രവര്‍ത്തിച്ച നാലാമത്തെ പ്രതിക്ക് ആജീവനാന്ത തടവും വിധിച്ചു. കേസില്‍ 2025 ജനുവരിയില്‍ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സൈഫ് അല്‍ ശംസി വേഗത്തിലുള്ള വിചാരണക്ക് നിര്‍ദേശിച്ചിരുന്നു.നവംബറിലാണ് സ്വി കോഗന്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി യു എ ഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നത്.
സ്റ്റേറ്റ് സെക്യൂരിറ്റി പ്രോസിക്യൂഷന്‍ അന്വേഷണത്തെ തുടര്‍ന്ന് ശക്തമായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി.കൊലപാതകത്തിന്റെയും തട്ടിക്കൊണ്ടുപോകലിന്റെയും വിശദമായ കുറ്റസമ്മതം, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, മരണാനന്തര പരിശോധനാ ഫലങ്ങള്‍, കുറ്റകൃത്യത്തില്‍ ഉപയോഗിച്ച ഉപകരണങ്ങളുടെ വിവരങ്ങള്‍, സാക്ഷി മൊഴികള്‍ എന്നിവ ഉള്‍പ്പെടുന്നു.
ഈ വിധി യു എ ഇയുടെ തീവ്രവാദത്തിനെതിരായ ഉറച്ച നിലപാടിനെയും നീതി, ന്യായമായ വിചാരണ, നിയമവാഴ്ച എന്നിവയോടുള്ള പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു.യു എ ഇ സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും ആഗോള മാതൃകയാണെന്നും മതമോ വംശീയതയോ പരിഗണിക്കാതെ എല്ലാ താമസക്കാരുടെയും സുരക്ഷയും ദേശീയ സ്ഥിരതയും ഉറപ്പാക്കുന്ന നിയമങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.യു എ ഇ നിയമപ്രകാരം, മരണശിക്ഷാ കേസുകള്‍ ഫെഡറല്‍ സുപ്രീം കോടതിയുടെ ക്രിമിനല്‍ ഡിവിഷന് അവലോകനത്തിനായി അയക്കും.