Connect with us

editorial

ലഹരിയിൽ മുങ്ങി മോളിവുഡ്

സിനിമാ ലൊക്കേഷനുകളിലും അനുബന്ധ സ്ഥലങ്ങളിലും ലഹരി ഉപയോഗം വ്യാപകമാണെന്നും ലഹരിമാഫിയയുമായി മേഖലയിലെ പലർക്കും ബന്ധമുണ്ടെന്നുമുള്ള കാര്യം പരസ്യമാണ്. സിനിമാ സെറ്റിലെ മയക്കുമരുന്ന് ഉപയോഗം പലപ്പോഴും ഷൂട്ടിംഗിനെ ബാധിക്കുന്നതായി നിർമാതാക്കൾ തന്നെ പരാതിപ്പെട്ടിരുന്നു.

Published

|

Last Updated

സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിലെയും അനുബന്ധ സ്ഥലങ്ങളിലെയും ലഹരി ഉപയോഗത്തെക്കുറിച്ച് അന്വേഷണം നടത്തി റിപോർട്ട് സമർപ്പിക്കാനും ലഹരി ഉപയോഗം തടയുന്നതിന് നടപടി സ്വീകരിക്കാനും എസ് ഐ ടി (ഹേമ റിപോർട്ടിൽ തുടരന്വേഷണം നടത്തുന്ന പ്രത്യേക പോലീസ് സംഘം)യോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഹൈക്കോടതി. ഹേമ കമ്മിറ്റിയുടെ സമ്പൂർണ റിപോർട്ട് പരിശോധിച്ച ശേഷമാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, സി എസ് സുധ എന്നിവരങ്ങുന്ന ബഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹേമ കമ്മിറ്റി റിപോർട്ടിൽ ലൈംഗിക ചൂഷണത്തിന് പുറമെ സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും പറയുന്നുണ്ട്. യുവ താരങ്ങൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന് റിപോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം മേഖലയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് അന്വേഷിക്കാൻ മാത്രമാണ് പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുള്ളത്. ലഹരി പ്രശ്‌നത്തിൽ അന്വേഷണം പ്രഖ്യപിച്ചിട്ടില്ല.

സിനിമാ ലൊക്കേഷനുകളിലും അനുബന്ധ സ്ഥലങ്ങളിലും ലഹരി ഉപയോഗം വ്യാപകമാണെന്നും ലഹരി മാഫിയയുമായി മേഖലയിലെ പലർക്കും ബന്ധമുണ്ടെന്നുമുള്ള കാര്യം പരസ്യമാണ്. അഞ്ച് വർഷം മുമ്പ് സിനിമാ നിർമാതാക്കൾ തന്നെയാണ് ഇതുസംബന്ധിച്ച് അധികൃതരോട് പരാതിപ്പെട്ടത്. സിനിമാ സെറ്റിലെ മയക്കുമരുന്ന് ഉപയോഗം പലപ്പോഴും ഷൂട്ടിംഗിനെ ബാധിക്കുന്നതായും നിർമാതാക്കൾ പരാതിപ്പെട്ടിരുന്നു. കൊച്ചിയിൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പല പുതുമുഖ താരങ്ങളും പിടിയിലായത് ഈ ആരോപണത്തെ സാധൂകരിക്കുകയും ചെയ്യുന്നു. ആരോപണം ഉന്നയിച്ചവർ തെളിവ് നൽകിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് സാംസ്‌കാരിക- എക്‌സൈസ് വകുപ്പുകൾ അന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

നയതന്ത്ര സ്വർണക്കടത്ത്, ലഹരിമരുന്ന് കേസുകളിൽ എൻഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിനിടെ ബെംഗളൂരുവിൽ പിടിയിലായ റിജേഷ് രവീന്ദ്രൻ, അനൂപ് മുഹമ്മദ് എന്നിവരുടെ മൊഴികളിലും മലയാള സിനിമാ രംഗത്തെ ലഹരി ഇടപാടുകളെക്കുറിച്ച് വ്യക്തമായ വിവരങ്ങളുണ്ടായിരുന്നു. എങ്കിലും ഇന്നുവരെയും ഏതെങ്കിലുമൊരു ഷൂട്ടിംഗ് ലൊക്കേഷനിൽ റെയ്ഡ് നടത്തുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല. ആരോപണം ഉന്നയിച്ചവർ തെളിവ് നൽകാൻ മുന്നോട്ട് വന്നിട്ടില്ലെന്നതാണ് റെയ്ഡ് നടത്താത്തതിന് അധികൃതർ പറയുന്ന കാരണം. അതേസമയം റെയ്ഡ് നടത്തിയാൽ സിനിമാ മേഖലയിലെ പല പ്രമുഖരും പിടിയിലാകുകയും നിയമനടപടികൾക്ക് വിധേയമാകുകയും ചെയ്യുമെന്നതുകൊണ്ടാണ് ഉത്തരവാദപ്പെട്ടവർ അതിന് തുനിയാത്തതെന്നാണ് പിന്നാമ്പുറ സംസാരം. സിനിമാക്കാരുമായി അടുത്ത ബന്ധമുളളവരാണ് രാഷ്ട്രീയ- ഉദ്യോഗസ്ഥ മേഖലകളിലെ പല ഉന്നതരും.

സിനിമാ മേഖലയിലെ ലഹരിമരുന്ന് ഉപയോഗം നിയന്ത്രിക്കാൻ പോലീസ് ഇടപെടാത്തതെന്തു കൊണ്ടെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഒരു മുതിർന്ന സംവിധായകന്റെ മറുപടി ഇങ്ങനെയായിരുന്നു: “പോലീസുകാരുടെ കുത്തൊഴുക്കാണിപ്പോൾ സിനിമയിലേക്ക്. ത്രില്ലർ സിനിമകളുടെ സംവിധായകരായും തിരക്കഥാകൃത്തുക്കളായും സിനിമയിലേക്ക് പ്രവേശനം കൊതിച്ചു നടക്കുന്ന ധാരാളം പേരുണ്ട് പോലീസിൽ. അഭിനേതാക്കളായി മാറിയവരും കുറവല്ല. പോലീസും സിനിമയും തമ്മിൽ ബന്ധം രൂപപ്പെട്ടുകഴിഞ്ഞു. ഇപ്പോൾ സിനിമയുടെ ഭാഗമായി മാറിയിരിക്കുന്നു പോലീസ്. സെറ്റിൽ പ്രധാന നടന്മാർക്ക് കഞ്ചാവ് തെറുത്തുകൊടുക്കുന്ന പോലീസുകാർ വരെ ഉണ്ടത്രെ’.

കഴിഞ്ഞ വർഷം വീണ്ടും ഉയർന്നുവന്നിരുന്നു സിനിമാ സെറ്റിലെയും കാരവനിലെയും ലഹരി ഉപയോഗത്തെക്കുറിച്ച് മേഖലയിൽ നിന്നു തന്നെ പരാതി. നിർമാതാവ് ജി സുരേഷ് കുമാർ ഉൾപ്പെടെയുള്ള ചിലരാണ് അന്ന് പരാതി ഉന്നയിച്ചത്. കൊച്ചിയിലെ ഫ്ലാറ്റുകളിൽ താമസിക്കുന്ന സിനിമയുമായി ബന്ധപ്പെട്ട പലരും ലഹരി തലക്കുപിടിച്ച് അയൽവാസികൾക്ക് ശല്യമായി തുടങ്ങിയതോടെ സിനിമക്കാർക്ക് ഫ്ലാറ്റ് നൽകാൻ ഉടമകൾ വിസമ്മതം പ്രകടിപ്പിക്കുന്നതായി മാധ്യമങ്ങൾ റിപോർട്ട് ചെയ്തിരുന്നു. ഈ വിഷയത്തിൽ അന്വേഷണവും പരിശോധനയും നടത്തുമെന്നും ലൊക്കേഷനിൽ ഷാഡോ പോലീസിന്റെ സാന്നിധ്യമുണ്ടാകുമെന്നും അന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഉറപ്പ് നൽകിയിരുന്നതുമാണ്. ലഹരി ഉപയോഗം, ലഹരിമരുന്നുകൾ കടന്നുവരുന്ന വഴികൾ തുടങ്ങിയ കാര്യങ്ങൾ വിശദമായി അന്വേഷിക്കുമെന്നും കമ്മീഷണർ പറഞ്ഞിരുന്നു. ആ ഉറപ്പും “കുറുപ്പിന്റെ ഉറപ്പാ’യി.

ലഹരിമാഫിയ മാത്രമല്ല ഗുണ്ട, ക്വട്ടേഷൻ, റിയൽ എസ്റ്റേറ്റ് മാഫിയകളും വാഴുന്നുണ്ട് മലയാള സിനിമാ ലോകത്ത്. കേരള കോൺഗ്രസ്സ് (ബി) നേതാവും സിനിമാ നടനും കൂടിയായ ഗണേഷ് കുമാറാണ് ഇത് പറഞ്ഞത്. ബോളിവുഡിലെ മാഫിയാ സാന്നിധ്യവും അധോലോക കഥകളും മുമ്പ് അമ്പരപ്പോടെയാണ് മലയാളികൾ കേട്ടിരുന്നതെങ്കിൽ ഇന്ന് മോളിവുഡിലും ഇതെല്ലാം പതിവ് സംഭവങ്ങളായി മാറിയിരിക്കുന്നു. ലഹരി ഉപയോഗം വർധിച്ചതോടെയാണ് ഗുണ്ടാസംഘങ്ങൾ സിനിമയിൽ പിടിമുറുക്കിയത്. ലൊക്കേഷനുകളിൽ കാണികളുടെ തിരക്ക് നിയന്ത്രിക്കുക, ചില നടന്മാരുടെ സിനിമ കൂവിത്തോൽപ്പിക്കാൻ ക്വട്ടേഷൻ നൽകുക, ജൂനിയേഴ്‌സിനെ ഒതുക്കുക, ഫാൻസ് ക്ലബ് നടത്തിപ്പ് തുടങ്ങിയ ജോലികൾ ഏൽപ്പിക്കുന്നത് ഗുണ്ടകളെയാണ്. ഇതുകൊണ്ടു തന്നെ ഇവർക്ക് മേഖലയിൽ വലിയ സ്വാധീനവുമുണ്ട്. സിനിമാ രംഗത്തായതു കൊണ്ട് ഉത്തരവാദപ്പെട്ടവർ ഇവരെക്കുറിച്ച് അന്വേഷിക്കുകയോ ഓപറേഷൻ ആഗിൽ പോലീസ് ഉദ്യോഗസ്ഥർ ഈ മേഖലയിലേക്ക് കടന്നുചെല്ലുകയോ ചെയ്യാറില്ല. ലഹരി, ഗുണ്ടാ മാഫിയയുടെ പിടിയിൽ നിന്ന് സിനിമാ മേഖലയെ മോചിപ്പിക്കേണ്ടതും രംഗം ശുദ്ധീകരിക്കേണ്ടതും അനിവാര്യമാണ്. ഹേമ റിപോർട്ടിൽ ഇക്കാര്യം നിർദേശിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലഹരി വ്യാപനത്തെക്കുറിച്ച് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടത്. സ്വാഗതാർഹമാണ് കോടതി നിലപാട്.

Latest