Connect with us

International

മധ്യ പൗരസ്ത്യ മേഖലയില്‍ സമാധാനത്തിന് ആക്കം; യു എസ്-ഇന്ത്യ-യു എ ഇ അച്ചുതണ്ടിന് അംഗീകാരം

യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അമേരിക്ക സന്ദര്‍ശിച്ചത് മധ്യ പൗരസ്ത്യ മേഖലയില്‍ സമാധാന ശ്രമത്തിന് ആക്കം കൂട്ടി. ഗസ്സയില്‍ വെടിനിര്‍ത്താന്‍ യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടു.

Published

|

Last Updated

ദുബൈ | യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അമേരിക്ക സന്ദര്‍ശിച്ചത് മധ്യ പൗരസ്ത്യ മേഖലയില്‍ സമാധാന ശ്രമത്തിന് ആക്കം കൂട്ടി. ഗസ്സയില്‍ വെടിനിര്‍ത്താന്‍ യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടു. വൈറ്റ് ഹൗസില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. യു എ ഇയും യു എസും വിവിധ മേഖലകളില്‍ ആഴത്തിലുള്ള ബന്ധം പ്രഖ്യാപിക്കുകയും ചെയ്തു. രണ്ട് നേതാക്കളും ഗസ്സയില്‍ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്ന കരാറിനും പിന്തുണ അറിയിച്ചു. നൂതന സാങ്കേതികവിദ്യയിലും നിക്ഷേപങ്ങളിലും പരസ്പര സഹകരണം ഇരു രാജ്യങ്ങളും ഉറപ്പിച്ചു.

ഇന്ത്യയ്ക്കൊപ്പം രണ്ട് പ്രധാന പ്രതിരോധ പങ്കാളികളില്‍ ഒന്നായി യു എ ഇയെ വാഷിംഗ്ടണ്‍ അംഗീകരിച്ചു. പുതിയ പദവി കൂടുതല്‍ പ്രതിരോധ സഹകരണത്തിനു വഴിവെക്കും. മധ്യ പൗരസ്ത്യ ദേശം, കിഴക്കന്‍ ആഫ്രിക്ക, ഇന്ത്യന്‍ മഹാസമുദ്ര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കും. ‘മേഖലയില്‍ സ്ഥിരത വര്‍ധിപ്പിക്കുന്നതിന് തീരുമാനമായതായി യു എ ഇ വാര്‍ത്താ ഏജന്‍സി ‘വാം’ റിപോര്‍ട്ട് ചെയ്തു. 1971-ല്‍ യു എ ഇ സ്ഥാപിതമായതിനു ശേഷം അമേരിക്കന്‍ മണ്ണില്‍ ഇരു രാജ്യങ്ങളിലെ പ്രസിഡന്റുമാരുടെ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണ് നടന്നത്. ശൈഖ് മുഹമ്മദിനെ വൈറ്റ് ഹൗസിലേക്ക് ബൈഡന്‍ സ്വാഗതം ചെയ്തു. തൊട്ടുപിന്നാലെയാണ് സമാധാനത്തിനുള്ള ആഹ്വാനം. യു എസുമായുള്ള ബന്ധത്തില്‍ രാജ്യത്തിന്റെ ‘അചഞ്ചലമായ പ്രതിബദ്ധത’ ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ചര്‍ച്ചയില്‍ പങ്കാളിത്തത്തിന്റെ ശക്തിയെക്കുറിച്ച് സംസാരിച്ചു. മറ്റു രാജ്യങ്ങള്‍ തമ്മില്‍ യോജിപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. രാജ്യങ്ങളെ ഒന്നിപ്പിക്കുന്ന തന്ത്രപരവും ശാശ്വതവുമായ പങ്കാളിത്തം അചഞ്ചലമാണ്. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, നിര്‍മിത ബുദ്ധി, ബഹിരാകാശ ഗവേഷണം, കാലാവസ്ഥാ പ്രവര്‍ത്തനം എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ ചരിത്രപരമായ ബന്ധങ്ങള്‍ കൂടുതല്‍ കെട്ടിപ്പടുക്കുന്നതിനുള്ള വഴികള്‍ ഞങ്ങള്‍ പര്യവേഷണം ചെയ്തു’- ശൈഖ് മുഹമ്മദ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. രാജ്യങ്ങള്‍ ഒരുമിച്ച് ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് സ്ഥിരതയും സമൃദ്ധിയും വര്‍ധിപ്പിക്കുന്നത് തുടരും.
കൂടിക്കാഴ്ചയില്‍, ഇസ്‌റാഈലിലെയും ലബനാനിലെയും ഏറ്റവും പുതിയ സ്ഥിതിഗതികള്‍ വിലയിരുത്തപ്പെട്ടുവെന്നും ബൈഡന്‍ പറഞ്ഞു.

ഗസ്സയില്‍ ശാശ്വത വെടിനിര്‍ത്തലിന് യു എസ്, ഈജിപ്ത്, ഖത്വര്‍ എന്നിവയുടെ മധ്യസ്ഥ ശ്രമങ്ങളുണ്ട് . ദ്വിരാഷ്ട്ര പരിഹാരം അടിസ്ഥാനമാക്കി സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള പ്രതിബദ്ധത ഇരുവരും അംഗീകരിച്ചു.

അബൂദബി ഉപ ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂന്‍ ബിന്‍ സായിദ്, ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ്, എക്സിക്യൂട്ടീവ് അഫയേഴ്‌സ് അതോറിറ്റി ചെയര്‍മാന്‍ ഖല്‍ദൂന്‍ അല്‍ മുബാറക് എന്നിവര്‍ ശൈഖ് മുഹമ്മദിനെ അനുഗമിച്ചു.

നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡന്റെ പിന്‍ഗാമിയാകാന്‍ ലക്ഷ്യമിടുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും യു എസ് വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ് ശൈഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി.

 

Latest