cover story
തിങ്കൾക്കല തളിരണിയുന്നു
ചന്ദ്രനില്‍ തന്നെ സമീപ ഭാവിയില്‍ ഭക്ഷണം കിട്ടാന്‍ വഴിയൊരുക്കണം. അതിനുള്ള കണ്ടെത്തലാണ് ചന്ദ്രനിലെ സമ്പൂർണ കൃഷി യാഥാർഥ്യമാക്കൽ. ശ്രമം തുടങ്ങി, വിജയത്തിന്റെ പാതയിലാണ്. അരാബിഡോപ്സിസ് താലിയാന എന്ന തരം ചെടിയാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ഫ്ലോറിഡ യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരുടെ ഒരു സംഘമാണ് പരീക്ഷണം നടത്തിയത്. യുറേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ചെടിയാണ് അരാബി ഡോപ്‌സിസ് താലിയാന.
ചന്ദ്രനിൽ അങ്ങനെയൊന്നും പോകാനൊക്കില്ല. ഇതെന്താ ദുബൈയാണോ? എല്ലാ ചാന്ദ്രദിനത്തിലും ചിലർ ഉറക്കെ പറയുന്നതാണിത്. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടില്ലായെന്നും അത് കെട്ടുകഥയാണെന്നും ലോകം മുഴുവനുമുള്ള ചിലർ മാത്രം വിളിച്ചു പറയുന്നുമുണ്ട്. മനുഷ്യൻ ചന്ദ്രനിലിറങ്ങിയെന്നു പറയുന്നതാണത്രെ ഏറ്റവും വലിയ അന്ധവിശ്വാസം!
എന്തായാലും ശാസ്ത്രബോധം ഉണ്ടെങ്കിലേ ഒരാൾക്ക് പുതിയ കാഴ്ചപ്പാടിലേക്കും പുതിയ കണ്ടുപിടിത്തത്തിലേക്കും എത്താനാകൂ എന്ന് ഈ ചന്ദ്രനെത്തന്നെ സാക്ഷിയാക്കി നമുക്ക് പറയാനാകും. അങ്ങനെയൊരു സംഭവവും അടുത്തിടെ നടന്നു.അധികമൊന്നുമായിട്ടില്ല നടന്നിട്ട്. ഏതെന്നോ? ചന്ദ്രനിൽ മനുഷ്യന് കൃഷി ചെയ്യാനാകുമെന്ന കണ്ടെത്തൽ നടന്നിട്ട് തന്നെ. അപ്പോൾ അതിനെ ക്കുറിച്ച് ഇങ്ങനെ പറയാം. അതായത് മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതു മുതൽക്കുള്ള ഒരു ചരിത്രത്തെ പിടിച്ചുകൊണ്ടാണിത് വരുന്നത്.
അമ്പത് വര്‍ഷം മുമ്പ്, അന്ന് ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക് പോയവർ ചന്ദ്രന്റെ മണ്ണ് കൊണ്ടുവന്നിരുന്നു. ഈ മണ്ണു കൊണ്ട് ശാസ്ത്രജ്ഞര്‍ ഒരു പരീക്ഷണം നടത്തി. അവർ ആദ്യമായി നട്ടു. അത് വളര്‍ത്തിയുമെടുത്തു.
മനുഷ്യര്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങുകയും അവിടേക്ക് യാത്രക്കായി പല പദ്ധതിയിടുകയും ചെയ്യുകയാണല്ലോ. മാത്രമല്ല, ചൈനയും റഷ്യയും ഒന്നിച്ച് ചന്ദ്രനില്‍ ഒരു സ്ഥിരം നിലയം നിര്‍മിക്കാനുള്ള പദ്ധതികളിലുമാണ്. അപ്പോൾ ഇവിടെ താമസിക്കുന്നവർക്കും വിസിറ്റേഴ്സിനും ആഹാരം വേണമല്ലോ. ഈ വിദൂര ലോകത്തേക്ക് എവിടുന്ന് ഭക്ഷണം കൊണ്ടുവരും. അതും എത്ര ദിവസത്തേക്ക്…
അപ്പോൾ, ചന്ദ്രനില്‍ തന്നെ സമീപ ഭാവിയില്‍ ഭക്ഷണം കിട്ടാന്‍ വഴിയൊരുക്കണം. അതിനുള്ള കണ്ടെത്തലാണ് ചന്ദ്രനിലെ സമ്പൂർണ കൃഷി യാഥാർഥ്യമാക്കൽ. ശ്രമം തുടങ്ങി, വിജയത്തിന്റെ പാതയിലാണ്.
ഇതാണാ കൃഷി മാഹാത്മ്യം!
അരാബിഡോപ്സിസ് താലിയാന എന്ന തരം ചെടിയാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ഫ്ലോറിഡ യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരുടെ ഒരു സംഘമാണ് പരീക്ഷണം നടത്തിയത്. യുറേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ചെടിയാണ് അരാബിഡോപ്‌സിസ് താലിയാന.
നമ്മുടെ കടുക്, ബ്രോക്കോളി, കോളിഫ്ലവര്‍, ബ്രസ്സല്‍സ് മുളകള്‍ തുടങ്ങിയ പച്ചക്കറികളുടെ കുടുംബത്തില്‍ പെടുന്ന സസ്യം. പക്ഷേ, ചെടി നന്നായിട്ട് കാര്യമില്ലല്ലോ മണ്ണും നന്നാവണ്ടേ?
ഭൂമിയിലെ മണ്ണു പോലെ ചന്ദ്രനിലെ മണ്ണ് വളക്കൂറുള്ളതാണെന്ന് തെറ്റിദ്ധരിച്ചാൽ പ്രശ്നമാണ്. പോഷകങ്ങള്‍ നന്നായി കുറവുള്ള മണ്ണാണ് ചാന്ദ്ര മണ്ണായ റെഗോലിത്ത്. അപ്പോളോ 11 ഉം 12 ഉം 17 ഉം ദൗത്യങ്ങള്‍ പൂർത്തിയാക്കി ഭൂമിയിലേക്ക് മടങ്ങിയെത്തുമ്പോൾ കൊണ്ടുവന്ന മണ്ണാണ് ശാസ്ത്രജ്ഞര്‍ പരീക്ഷണ കൃഷിക്ക് ഉപയോഗിച്ചത്.
ഓരോ പ്ലാന്റിലും ഒരു ഗ്രാം റെഗോലിത്ത് മാത്രം ചേർത്താണ് കൃഷി തുടങ്ങുന്നത്. സാമ്പിളുകളില്‍ ജലവും വിത്തും ചേര്‍ത്തതിനുശേഷം ട്രേകള്‍, ടെറേറിയം ബോക്‌സുകളില്‍ ഒരു ക്ലീന്‍ റൂമില്‍ ഇട്ടു. എന്നിട്ട് ദിവസവും പോഷകങ്ങള്‍ ചേര്‍ത്തു.
ചെടികളെല്ലാം വേഗം വളർന്നു പൊങ്ങിയോ?
അതിനു മുന്പേ പറയാം. വളർച്ച താരതമ്യം നടത്താനായി മറ്റു മണ്ണിനങ്ങളിലും ഇതേ ചെടിയുടെ വിത്തുകള്‍ ഇട്ടിരുന്നു. ഏതാണ്ടെല്ലാ വിത്തുകളും മുളച്ചുപൊങ്ങി. ഇത് അപ്രതീക്ഷിതമായിരുന്നു. ചാന്ദ്ര മണ്ണിൽ വളർന്നവ ഭൂമിയിലെ മണ്ണിൽ വളർന്നവരെ അപേക്ഷിച്ച് വലിപ്പം കുറവും വളർച്ചക്കുറവും ഉള്ളവയായിരുന്നെന്ന് പഠനം നടത്തിയവരിൽ ഒരാളായ പ്രൊഫ. അന്ന ലിസ പോൾ പറഞ്ഞു.
ചന്ദ്രൻ മാറുമോ?
സസ്യങ്ങൾ വളർത്താനായാൽ അത് ചന്ദ്രന്റെ ഉപരിതലത്തെ മാറ്റിമറിക്കും. വളരെ വരണ്ട ചാന്ദ്ര മണ്ണിൽ ജലാംശം എത്തിയാൽ ആ മണ്ണിന്റെ സ്വഭാവം മാറും; വളക്കൂറുള്ളതായേക്കാം. എല്ലാം കാത്തിരുന്നു കാണാൻ ഡോ. സ്റ്റീഫൻ എർലാഡോയും പറയുന്നു.
പുതിയ കണ്ടെത്തലുകൾ
ഇരുപത് ദിവസത്തിനുശേഷം, ഈ ചെടി പുഷ്പിക്കുന്നതിനുമുമ്പ് മുറിച്ചെടുത്ത് അവയുടെ ആർ എൻ എ പഠനവിധേയമാക്കുകയുണ്ടായി. ഡി എൻ എയിൽ നിന്ന് ജീനുകൾ മെസഞ്ചർ ആർ എൻ എ ആയി പകർത്തുകയും ഇതുപയോഗിച്ച് പ്രോട്ടീൻ നിർമാണം നടക്കുകയുമാണ് ചെയ്യുന്നത്. ഈ പ്രോട്ടീനുകളാണ് പല ജീവപ്രവർത്തനങ്ങൾക്കും അടിസ്ഥാനം. ആർ എൻ എ അനുക്രമ നിർണയത്തിൽനിന്ന് ചാന്ദ്ര മണ്ണിൽ അരാബിഡോപ്സിസ് ചെടികൾ വളർന്നപ്പോൾ പ്രകടമായ ജീനുകൾ ഏതൊക്കെയെന്നും ഗവേഷകർ തിരിച്ചറിഞ്ഞുകഴിഞ്ഞു. ചാന്ദ്ര മണ്ണിലെ അതിജീവന വെല്ലുവിളികൾ ചുരുൾ നിവർത്താനും ഗവേഷകർക്കായി.
ഉയർന്ന ലവണാംശമോ ഉയർന്ന ഘനലോഹാംശമോ ഉള്ള മണ്ണിലെന്നപോലെയാണ് ചാന്ദ്ര മണ്ണിൽ ചെടികൾ പെരുമാറിയത്. കാലങ്ങളോളം കോസ്മിക് വികിരണങ്ങളും സൗരവാതങ്ങളുമൊക്കെയേറ്റ, ചാന്ദ്ര മണ്ണ് സസ്യവളർച്ച സാധാരണഗതിയിലാക്കാൻ കടമ്പകളേറെ ഇനിയും കടക്കണമെന്നു സാരം. എന്നാലും വലിയൊരു പ്രതീക്ഷയാണ് അത് തരുന്നത്.
രസകരമായ മറ്റൊന്ന്, ഭൂമിയിൽ തികച്ചും പ്രതികൂല സാഹചര്യങ്ങളിൽ കൃഷി മെച്ചപ്പെടുത്താനുള്ള സാധ്യതകളിലേക്കുകൂടി വഴി തെളിയിക്കുകയാണ് ഈ ജനിതക പഠനങ്ങൾ. അപ്പോളോ നെക്സ്റ്റ് ജനറേഷൻ സാമ്പിൾ അനാലിസിസ് പ്രോഗ്രാമിന്റെ (ANGSA) ഭാഗമാണ് ഈ ഗവേഷണം.
2025 ഓടെ ചന്ദ്രനിൽ സസ്യങ്ങൾ വളരും!
ഭക്ഷണം, മരുന്ന്, ഓക്സിജൻ ഉത്പാദനം എന്നിവക്കായി സസ്യങ്ങൾ കൂടിയേ തീരു. അതിനുള്ള ആദ്യപടിയാണ് ചെടി നടുന്ന ഈ പദ്ധതി. ചന്ദ്രനിൽ മനുഷ്യജീവിതം സാധ്യമാക്കുന്നതിന് ഏറ്റവും നിർണായകമാണിതെന്ന് ഗവേഷകർ പറഞ്ഞു. ഭാവിയിൽ ഭൂമിയുടെ ഒരു കോളനിയായി ചന്ദ്രൻ മാറുന്നതിനായി വഴിയൊരുക്കാൻ ഇത് സഹായിക്കുമെന്നും അവർ പറഞ്ഞു.
ഒരു സ്വകാര്യ ഇസ്റാഈലി ചാന്ദ്ര ദൗത്യം ആയ ബെറെഷീറ്റ് 2 ബഹിരാകാശ പേടകം വഴിയാണ് വിത്തുകൾ ചന്ദ്രനിൽ എത്തിക്കുകയെന്ന് ക്വീൻസ്‌ലാൻഡ് യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിൽ നിന്നുള്ള സസ്യ ജീവശാസ്ത്രജ്ഞനായ ബ്രെറ്റ് വില്യംസ് പറഞ്ഞു.
ലാൻഡിംഗിന് ശേഷം സീൽ ചെയ്ത ചേംബറിനുള്ളിൽ അവ നനയ്ക്കുകയും, മുളയ്ക്കുന്നതിന്റെയും വളർച്ചയുടെയും ലക്ഷണങ്ങൾ നിരീക്ഷിക്കുകയും ചെയ്യും. ദുഷ്കരമായ സാഹചര്യങ്ങളെ എത്ര നന്നായി നേരിടുന്നു, എത്ര വേഗത്തിൽ മുളയ്ക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ചെടികൾ ഇനി തിരഞ്ഞെടുക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആസ്‌ത്രേലിയൻ റിസറക്്ഷൻ ഗ്രാസ് ആണ് നട്ടുപിടിപ്പിക്കാൻ ഏറ്റവും നല്ലതെന്നും പറയുന്നു. കാരണം ഈ സസ്യത്തിന് എത്ര ദുർഘടമായ സാഹചര്യത്തെയും അതിജീവിക്കാനുള്ള കഴിവുണ്ട്. മാസങ്ങളോളം വെള്ളം ലഭിച്ചില്ലെങ്കിലും വളരും. ആസ്ത്രേലിയയിലെയും ഇസ്റാഈലിലെയും ശാസ്ത്രജ്ഞർ ഉൾപ്പെടുന്ന പദ്ധതി, ലൂണേറിയ വൺ ഓർഗനൈസേഷനാണ് നടത്തുന്നത്.