anil deshmukh arrest
കള്ളപ്പണം വെളുപ്പിക്കൽ; അനിൽ ദേശ്മുഖ് ആറ് വരെ ഇ ഡി കസ്റ്റഡിയിൽ
മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അറസ്റ്റിലായത് ഇന്നലെ
മുംബൈ | കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയും എൻ സി പി നേതാവുമായ അനിൽ ദേശ്മുഖിനെ മുംബൈ കോടതി ഈ മാസം ആറ് വരെ ഇ ഡി കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ മെയിൽ ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ ചൊവ്വാഴ്ച പുലർച്ചെയാണ് അനിൽ ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്.
സൗത്ത് മുംബൈയിലെ സർ ജെ ജെ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്. ഇ ഡിക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ അനിൽ സിംഗ് 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി നിരാകരിക്കുകയായിരുന്നു.
കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാടാണ് നടന്നതെന്നും സത്യം പൂർണമായും കണ്ടെത്താൻ കൂടുതൽ സമയം കസ്റ്റഡിയിൽ ആവശ്യമാണെന്നും കേസിൽ വിദേശ ബന്ധം തള്ളിക്കളയാനാകില്ലെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ വാദിച്ചു.
കേസിൽ സി ബി ഐ പ്രാഥമികാന്വേഷണം നടത്തി ഏപ്രിൽ 21ന് റിപ്പോർട്ട് സമർപ്പിക്കുകയും തുടർന്ന് കേസ് ഇ ഡി ഏറ്റെടുക്കുകയുമായിരുന്നു. മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിംഗ് ഉന്നയിച്ച ആരോപണങ്ങളിലാണ് സി ബി ഐ കേസെടുത്തത്. ഇ ഡി നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശ്മുഖ് സമർപ്പിച്ച ഹരജി മുംബൈ ഹൈക്കോടതി ഈ മാസം 29ന് തള്ളിയിരുന്നു.
മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയായിരിക്കെ അനിൽ ദേശ്മുഖ് സസ്‌പെൻഷനിലുള്ള അസ്സിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സച്ചിൻ വാസെ മുഖേന ബാർ, ഹോട്ടൽ ഉടമകളിൽ നിന്ന് അനധികൃതമായി 4.70 കോടി രൂപയോളം കൈപ്പറ്റിയതായി കണ്ടെത്തിയെന്ന് ഇ ഡി അവകാശപ്പെടുന്നു. സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടതോടെ ദേശ്മുഖ് മന്ത്രിപദം രാജിവെച്ചിരുന്നു.