National
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: നവാബ് മാലിക്കിന്റെ ഇടക്കാല ജാമ്യം മൂന്ന് മാസത്തേക്ക് കൂടി നീട്ടി
ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് നവാബ് മാലിക്ക് ജാമ്യാപേക്ഷ നല്‍കിയത്.
ന്യൂഡല്‍ഹി| കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്കിന്റെ ഇടക്കാല ജാമ്യം മൂന്ന് മാസത്തേക്ക് കൂടി നീട്ടി സുപ്രീംകോടതി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 23 നാണ് നവാബ് അറസ്റ്റിലായത്. തുടര്‍ന്ന് നവാബ് നല്‍കിയ ജാമ്യ ഹരജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.
ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് നവാബ് മാലിക്ക് ജാമ്യാപേക്ഷ നല്‍കിയത്. ചികിത്സയുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തേക്ക് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. നവാബ് മാലിക്കിന് വൃക്ക സംബന്ധമായ അസുഖമുണ്ടെന്നും, ഇടക്കാല ജാമ്യം അനുവദിച്ചതിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നും ജസ്റ്റിസുമാരായ ബേല എം ത്രിവേദി, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ചികിത്സക്കായി ഇടക്കാല ജാമ്യം നീട്ടി നല്‍കുന്നതിനെ ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു എതിര്‍ത്തില്ല.