Kerala
കള്ളപ്പണം: കുഞ്ഞാലിക്കുട്ടിയെ ഇ ഡി ചോദ്യം ചെയ്യുമെന്ന് കെ ടി ജലീല്‍
ഇ ഡി നോട്ടീസ് നല്‍കി വിളിപ്പിച്ചത് പ്രകാരമാണ് താന്‍ തെളിവുകള്‍ ഹാജരാക്കിയതെന്നും കെ ടി ജലീല്‍.
കൊച്ചി | മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ കള്ളപ്പണ വിഷയത്തില്‍ തെളിവുകള്‍ ഹാജരാക്കി കെ ടി ജലീല്‍ എം എല്‍ എ. കുഞ്ഞിലാക്കുട്ടിയെ ഇ ഡി വിളിപ്പിച്ചെന്നും നാളെ ചോദ്യം ചെയ്യുമെന്നും മകൻ കെ ടി ആശിഖിനെ ഈ മാസം ഏഴാം തീയതി ചോദ്യം ചെയ്യുമെന്നും കെ ടി ജലീല്‍ പറഞ്ഞു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നോട്ടീസ് നല്‍കി വിളിപ്പിച്ചത് പ്രകാരമാണ് താന്‍ തെളിവുകള്‍ ഹാജരാക്കിയതെന്നും മുസ്ലിം ലീഗ് മുഖപത്രത്തെ മറയാക്കി നടന്ന കള്ളപ്പണ ഇടപാട് ആരോപണത്തിലാണ് കുഞ്ഞാലിക്കുട്ടിക്കും മകന്‍ ആശിഖിനുമെതിരെ തെളിവുകള്‍ നല്‍കിയതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുഖപത്രത്തിന്റെ മറവിൽ കോഴിക്കോട് നഗരത്തിൽ കണ്ടൽക്കാടും തണ്ണീർത്തടവും അടങ്ങുന്ന ഏക്കർ കണക്കിന് ഭൂമി വാങ്ങിയെന്നും ഇതിൽ കണ്ടൽക്കാട് അടങ്ങുന്ന ഭൂമി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു. ഈ ഭൂമിയിലെ നിർമാണം നടത്താവുന്ന ഭൂമി മറ്റ് ചിലരുടെ പേരിലാണ് രജിസ്റ്റർ ചെയ്തത്. സംസ്ഥാന ഭരണം ലഭിച്ചാൽ അധികാരമുപയോഗിച്ച് ഇവിടെ നിർമാണം നടത്താനായിരുന്നു പദ്ധതിയെന്നും കെ ടി ജലീൽ ആരോപിച്ചു.