National
കള്ളപ്പണം വെളുപ്പിക്കല്‍; പേടിഎമ്മിനെതിരെ ഇ ഡി അന്വേഷണം
വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചതായുള്ള ആരോപണവും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും

ന്യൂഡല്‍ഹി | ഡിജിറ്റല്‍ പണമിടപാട് പ്ലാറ്റ്ഫോമായ പേടിഎം പേയ്മെന്റ്സ് ബേങ്കിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം .കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചതായുള്ള ആരോപണവും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. അതേസമയം ആരോപണങ്ങള്‍ പേടിഎം നിഷേധിച്ചു.
ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞമാസം അവസാനമാണ് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്നും ക്രെഡിറ്റ് ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും പേടിഎമ്മിനെ റിസര്‍വ് ബേങ്ക് നിരോധമേര്‍പ്പെടുത്തിയത്. മാര്‍ച്ച് ഒന്നുമുതല്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കരുതെന്നാണ് ആര്‍ബിഐയുടെ ഉത്തരവില്‍ പറയുന്നത്. പേടിഎം വ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിച്ചെന്ന് കാട്ടിയാണ് ആര്‍ബിഐയുടെ നടപടി.
കൃത്യമായി തിരിച്ചറിയല്‍ നടപടികള്‍ സ്വീകരിക്കാതെ നൂറ് കണക്കിന് അക്കൗണ്ടുകള്‍ തുടങ്ങാന്‍ അനുവദിച്ചതാണ് പേടിഎമ്മിനെതിരെയുള്ള ആര്‍ബിഐ നടപടിക്ക് പ്രധാന കാരണം. കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാതെ കോടികളുടെ ഇടപാടുകള്‍ നടത്തിയെന്നും കണ്ടെത്തിയിരുന്നു