National
ചോദ്യം ചോദിക്കാൻ പണം; മഹുവ മൊയ്ത്രക്ക് എതിരായ പരാതി ലോക്സഭാ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു
ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്നും എല്ലാ അന്വേഷണങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും മഹുവ
ന്യൂഡൽഹി | തൃണമൂൽ കോൺഗ്രസിന്റെ ലോക്സഭാ അംഗം മഹുവാ മൊയ്ത്രക്കെതിരെ ബിജെപി നൽകിയ പരാതി ലോക്സഭാ സ്പീക്കർ ഓം ബിർള എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കുവാൻ മഹുവ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ബിജെപി എം പി നിഷികാന്ത് ദുബെയാണ് പരാതി നൽകിയത്. ബി ജെ പി അംഗം വിനോദ് കുമാർ സോങ്കറാണ് ലോക്സഭയുടെ എത്തിക്സ് കമ്മറ്റി അധ്യക്ഷൻ.
ലോക്സഭയിൽ ചോദ്യം ചോദിക്കാൻ പ്രമുഖ വ്യവസായി, ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ബിജെപി എം പി ദുബെ കേന്ദ്ര ഐ ടി മന്ത്രി അശ്വിനി വൈഷ്ണവിനും സഹമന്ത്രി രാജീവ് ചന്ദ്രശേഖരനും പരാതി നൽകിയിരുന്നു. പരാതി അന്വേഷിക്കാൻ സമിതി രൂപീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ടിഎംസി എംപിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദുബെ ലോക്‌സഭാ സ്പീക്കർക്കും കത്ത് നൽകിയിരുന്നു.
ഹിരാനന്ദാനി ഗ്രൂപ്പിന്റെ സിഇഒ ദർശൻ ഹിരാനന്ദാനി മോയിത്രക്ക് കൈക്കൂലി നൽകിയതിന് തെളിവുകളുണ്ടെന്ന സുപ്രീംകോടതി അഭിഭാഷകന്റെ വെളിപ്പെടുത്തലിന്റെ പിൻബലത്തിലാണ് ദുബെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ലോക്സഭയിൽ മൊയ്ത്ര ഉന്നയിച്ച 50 ഓളം ചോദ്യങ്ങൾ അദാനി ഗ്രൂപ്പിനെ ചുറ്റിപ്പറ്റിയായിരുന്നു. ഇത് മറ്റു പ്രാഥമിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനുള്ള മറ്റ് അംഗങ്ങളുടെ അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റം ആണെന്നും പാർലമെന്ററി ധാർമികത മഹുവാ ലംഘിച്ചുവെന്നും ദുബെ ആരോപിച്ചു.
അതേസമയം, തനിക്കെതിരായ ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്നും എല്ലാ അന്വേഷണങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും ദുബെക്ക് മറുപടിയായി മഹുവാ ട്വീറ്റ് ചെയ്തു.