monkey pox
കൊവിഡിനു പിന്നാലെ കുരങ്ങു വസൂരി
കുരങ്ങ് വസൂരിയുടെ കാര്യത്തിൽ കേരളീയർ ജാഗ്രതയും കരുതലും പാലിക്കേണ്ടതുണ്ട്. കൊവിഡിനെ പോലെ, വായുവിലൂടെ മാത്രം പകരുന്ന അസുഖമല്ലാത്തതിനാൽ മാസ്‌ക് ധരിക്കുന്നതിന് പുറമേ മറ്റുളളവരുമായുള്ള സമ്പർക്കവും ഒഴിവാക്കേണ്ടതുണ്ട്.
വിവിധ രാജ്യങ്ങളിൽ കുരങ്ങു വസൂരി സ്ഥിരീകരിച്ചതോടെ ലോകം വീണ്ടും ആശങ്കയിലായിരിക്കുകയാണ്. കൊറോണ വൈറസിനെ പോലെ ലോകം മുഴുവൻ വ്യാപിക്കുന്ന മഹാമാരിയായി ഇത് മാറുമോ എന്ന ഭീതിയിലാണ് ആഗോള സമൂഹം. അമേരിക്ക, ബ്രിട്ടൻ, ഇസ്‌റാഈൽ, കാനഡ, ബെൽജിയം, ഫ്രാൻസ്, ജർമനി, ഇറ്റലി, പോർച്ചുഗൽ, സ്‌പെയിൻ, സ്വീഡൻ, ആസ്‌ത്രേലിയ, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിലും ചുരുക്കം പേരിൽ രോഗം കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ച മുമ്പത്തെ കണക്കനുസരിച്ച് 70 രാജ്യങ്ങളിലായി ഏകദേശം 21,000ത്തോളം കേസുകളാണ് റിപോർട്ട് ചെയ്യപ്പെട്ടത്. അമേരിക്കയിലും സ്‌പെയിനിലും രോഗബാധിതരുടെ എണ്ണം വൻതോതിൽ ഉയരുകയാണ്. അമേരിക്കയിൽ 4,600 പേരിലും സ്‌പെയിനിൽ 4,300 പേരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സാൻഫ്രാൻസിസ്‌കോയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. താമസിയാതെ 80 രാജ്യങ്ങളിൽ 27,000 കേസുകളായി കുരങ്ങു വസൂരി വർധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം. ഈ രോഗവ്യാപനം സംബന്ധിച്ചു പ്രവചനങ്ങൾ പ്രയാസകരമാണെന്നും വരും മാസങ്ങളിൽ രോഗം വർധിക്കാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
1958ൽ ആദ്യമായി കുരങ്ങുകളിൽ സ്ഥിരീകരിച്ച കുരങ്ങ് വസൂരി 1970ൽ ആഫ്രിക്കയിലാണ് മനുഷ്യരിൽ ആദ്യമായി കണ്ടെത്തിയത്. 1970 മുതൽ പതിനൊന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ സ്ഥിരീകരിച്ച രോഗം ഇതിന് മുമ്പ് നൈജീരിയയിലാണ് (2017) ഏറ്റവും അവസാനമായി റിപോർട്ട് ചെയ്തത്. ഇക്കാലമത്രയും ആഫ്രിക്കക്കു പുറത്ത് ഈ രോഗം സ്ഥിരീകരിക്കാത്തതിനാൽ ലോക സമൂഹവും ആരോഗ്യ വിദഗ്ധരും ഇതൊരു ആഫ്രിക്കൻ രോഗമായി കണക്കാക്കിയിരുന്നു. മൂന്ന് മാസത്തിനു മുമ്പ് മറ്റു രാജ്യങ്ങളിലും രോഗം സ്ഥിരീകരിക്കപ്പെട്ടതോടെയാണ് ആഗോള രാജ്യങ്ങളും ലോകാരോഗ്യ സംഘടനയും രോഗ വിഷയത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനും ഗഹനമായ പഠനങ്ങൾക്കു വിധേയമാക്കാനും തുടങ്ങിയത്. ഭൂമുഖത്ത് നിന്ന് നാല് പതിറ്റാണ്ട് മുമ്പ് ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട വസൂരിയോട് സാദൃശ്യമുള്ള രോഗമാണ് കുരങ്ങ് വസൂരി. പനി, തലവേദന, പേശിവേദന, ക്ഷീണം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നാലെ ചിക്കൻ പോക്‌സിന് സമാനമായ രീതിയിൽ മുഖത്തും ശരീരത്തിലും കുമിളകൾ പ്രത്യക്ഷപ്പെടും. അണുബാധയുടെ അഞ്ച് മുതൽ 21 ദിവസങ്ങൾക്കിടയിലാണ് സാധാരണയായി ഗോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങുന്നത്. ലക്ഷണങ്ങൾ രണ്ടാഴ്ച വരെ നീണ്ടു നിന്നേക്കാം. സങ്കീർണമായാൽ അണുബാധ, ന്യുമോണിയ, സെപ്‌സിസ,് കാഴ്ചശക്തി നഷ്ടപ്പെടൽ തുടങ്ങിയേക്കും സാധ്യതയുണ്ട്.
സ്വവർഗാനുരാഗികളിലാണ് രോഗം കൂടുതലായി സ്ഥിരീകരിച്ചതെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു എച്ച് ഒ) യൂറോപ്പിന്റെ ഡയറക്ടർ ഡോ. ഹാൻസ് ക്ലൂയുടെ നിരീക്ഷണമനുസരിച്ച് കുരങ്ങു വസൂരി സ്ഥിരീകരിച്ചവരിൽ 99 ശതമാനം പേരും സ്വവർഗാനുരാഗികളായ പുരുഷന്മാരാണ്. ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനവും പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർക്കാണ് കൂടുതലും രോഗബാധയുണ്ടാകുന്നതെന്ന് വ്യക്തമാക്കുന്നു. സ്‌പെയിനിൽ രോഗം ബാധിച്ച 4,300 പേരിൽ 3,500 പേരും സ്വവർഗ ബന്ധങ്ങളിൽ ഏർപ്പെടുന്നവരാണ.് കോണ്ടം ഉപയോഗിച്ചത് കൊണ്ട് രോഗം തടയാൻ സാധിക്കില്ലെന്നും സ്വവർഗ രതിക്കാരായ പുരുഷൻമാർ അത്തരം ബന്ധങ്ങൾ നിയന്ത്രിക്കണമെന്നുമാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടെ ആരോഗ്യ വിദഗ്ധർ ആവശ്യപ്പെടുന്നത്. വഴിവിട്ട ജീവിതവും സദാചാരത്തകർച്ചയുമാണ് എയ്ഡ്‌സ് പോലുള്ള മറ്റു പല മാരകരോഗങ്ങൾക്കും കാരണമാകുന്നതെന്ന് കണ്ടെത്തിയതാണല്ലോ. കൊവിഡിനെ പോലെ ഈ രോഗവും ഇന്ത്യയിൽ ആദ്യമായി കാണപ്പെട്ടത് കേരളത്തിലാണ്. യു എ ഇയിൽ നിന്നെത്തിയ കൊല്ലം ജില്ലക്കാരനായിരുന്നു ആദ്യ രോഗി. അയാൾ താമസിയാതെ രോഗവിമുക്തനാകുകയും ചെയ്തു. പിന്നീട് തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിലും രോഗം സ്ഥിരീകരിച്ചു. ആരും ആശങ്കാകുലരാകേണ്ടതില്ലെന്നും സംസ്ഥാനത്ത് കുരങ്ങ് വസൂരി ബാധിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുടെയും സാമ്പിളുകൾ നെഗറ്റീവാണെന്നുമാണ് ആരോഗ്യമന്ത്രി വീണാ ജോർജ് ഒരാഴ്ച മുമ്പ് അറിയിച്ചത്. അതേസമയം രോഗം ബാധിച്ചു തൃശൂരിൽ ഒരു യുവാവ് കഴിഞ്ഞ ദിവസം മരിച്ചത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. യു എ ഇയിൽ നിന്നു രോഗം സ്ഥിരീകരിക്കപ്പെട്ട ശേഷമാണ് ഇയാൾ കഴിഞ്ഞ മാസം 21ന് നാട്ടിലെത്തിയത്. രോഗം മൂർഛിച്ചു ഞായറാഴ്ച രാവിലെ മരിക്കുകയായിരുന്നു.. നാട്ടിലെത്തി ആറ് ദിവസം കുടുംബത്തോടൊപ്പം താമസച്ച ശേഷം 27നാണ് ചികിത്സ തേടി ആശുപത്രിയിലെത്തുന്നത്.
സംസ്ഥാനത്ത് റിപോർട്ട് ചെയ്യപ്പെട്ട വൈറസിന് തീവ്രവ്യാപന ശേഷിയില്ലെന്നും ആശങ്ക വേണ്ടെന്നുമാണ് ഡൽഹിയിലെ ജിനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് വിദഗ്ധരുടെ പക്ഷം. കൊവിഡിന്റെ തുടക്കത്തിലും അത്ര ആശങ്ക വേണ്ടെന്നായിരുന്നു ബന്ധപ്പെട്ടവർ പറഞ്ഞിരുന്നത്. താമസിയാതെ രോഗവ്യാപനത്തിനു തീവ്രതയേറുകയും ലക്ഷക്കണക്കിനാളുകളിലേക്ക് പകരുകയും ചെയ്തു. അതുകൊണ്ട് കുരങ്ങു വസൂരിയുടെ കാര്യത്തിൽ കേരളീയർ ജാഗ്രതയും കരുതലും പാലിക്കേണ്ടതുണ്ട്. കൊവിഡിനെ പോലെ, വായുവിലൂടെ മാത്രം പകരുന്ന അസുഖമല്ലാത്തതിനാൽ മാസ്‌ക് ധരിക്കുന്നതിനു പുറമേ മറ്റുളളവരുമായുള്ള സമ്പർക്കവും ഒഴിവാക്കേണ്ടതുണ്ട്. രോഗം പിടിപെട്ടവർ ഉപയോഗിച്ച പുതപ്പ്, തുണികൾ തുടങ്ങിയവ ഉപയോഗിച്ചാലും പകരാൻ സാധ്യതയുണ്ട്. വസൂരിക്കുള്ള വാക്‌സീൻ കുരങ്ങു വസൂരിക്കും ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇന്ത്യയിൽ പുതിയ വാക്‌സീൻ വികസിപ്പിക്കാനായി മരുന്നു കമ്പനികളുമായി ചർച്ച നടത്തി വരുന്നുണ്ട് ഐ സി എം ആർ.