Health
മങ്കിപോക്സ്; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ച് ഡബ്ല്യുഎച്ച്ഒ
മങ്കിപോക്സ് ഇനി മുതല്‍ അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ പ്രശ്നമല്ല.
ന്യൂഡല്‍ഹി| മങ്കിപോക്സ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). മങ്കിപോക്സ് ഇനി മുതല്‍ അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ പ്രശ്നമല്ല. അടിയന്തര സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചതായി ലോകാകോഗ്യ സംഘടന ഡയരക്ടറല്‍ ജനറല്‍ ടെഡ്രോസ് അധാനോം ഗെബ്രിയേസസ് വ്യക്തമാക്കി.
ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനിടെ, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് ഏകദേശം 90 ശതമാനം കുറവുണ്ടെന്ന് ഗെബ്രിയേസസ് പറഞ്ഞു. എന്നാല്‍ ആഫ്രിക്ക ഉള്‍പ്പെടെ എല്ലാ പ്രദേശങ്ങളിലെയും കമ്മ്യൂണിറ്റികളെ വൈറസ് ബാധിക്കുന്നത് തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ രാജ്യങ്ങളില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ 2022 ജൂലൈയിലാണ് മങ്കിപോക്‌സ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം മങ്കിപോക്‌സ് 111 രാജ്യങ്ങളില്‍ പടര്‍ന്ന് 87,000 കേസുകളും 140 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.