siraj editorial
മോന്‍സണിന്റെ ഉന്നത ബന്ധങ്ങള്‍ അന്വേഷിക്കണം
തട്ടിപ്പു സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിയമങ്ങളുണ്ടെങ്കിലും ഇവര്‍ക്ക് പോലീസ് മേധാവികളടക്കം ഉന്നതരുമായി ബന്ധമുള്ളതിനാല്‍ നിയമം കടലാസില്‍ ഒതുങ്ങുകയോ ഇഴഞ്ഞു നീങ്ങുകയോ ചെയ്യുന്നു. സമൂഹം സ്വയം ബോധവാന്മാരാകുക മാത്രമാണ് പരിഹാരം. അല്ലാത്ത കാലത്തോളം മോന്‍സണ്‍മാര്‍ നമുക്കിടയില്‍ വിഹരിച്ചുകൊണ്ടേയിരിക്കും
പ്രബുദ്ധരാണ് മലയാളികളെന്നാണ് പറയപ്പെടാറുള്ളത്. എന്നാല്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പിനും പറ്റിക്കലിനും ഇരയാകുന്നതും മലയാളികളാണോ? ഓറിയന്റല്‍ ഫൈനാന്‍സ് തട്ടിപ്പ് മുതല്‍ ആട് തേക്ക് മാഞ്ചിയം, ടോട്ടല്‍ ഫോര്‍ യു, ക്യൂനെറ്റ്, മോറിസ് കോയിന്‍, ബിറ്റ് കോയിലൂടെ കടന്നുവന്ന് മോന്‍സണ്‍ മാവുങ്കലില്‍ എത്തിനില്‍ക്കുന്ന തട്ടിപ്പുകളുടെയും വെട്ടിപ്പുകളുടെയും കഥകളാണ് സന്ദേഹത്തിനു കാരണം. പുരാവസ്തു വില്‍പ്പനയുടെ പേരില്‍ പലരില്‍ നിന്നും കോടികള്‍ അടിച്ചെടുത്ത ചേര്‍ത്തല മോന്‍സണ്‍ മാവുങ്കലിന്റെ സമര്‍ഥമായ തട്ടിപ്പിന്റെ കഥകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. യേശുവിനെ യൂദാസ് ഒറ്റിക്കൊടുത്തപ്പോള്‍ കിട്ടിയ വെള്ളി നാണയം, മോശയുടെ അംശവടി, ടിപ്പു സുല്‍ത്താന്റെ സിംഹാസനം തുടങ്ങി തന്റെ കൈവശമുള്ള “അത്യപൂര്‍വ’ പുരാവസ്തുക്കള്‍ മറയാക്കിയാണ് മോന്‍സണ്‍ പലരില്‍ നിന്നും വന്‍തുക തട്ടിയത്. ചില പുരാവസ്തു മാതൃകകള്‍ മോന്‍സണിന്റെ അധീനതയിലുണ്ടെന്നത് ശരിയാണ്. എല്ലാം നാടന്‍ ആശാരിമാരുടെയും ശില്‍പ്പികളുടെയും സഹായത്താല്‍ നിര്‍മിച്ച വ്യാജ പുരാവസ്തുക്കളാണെന്നു മാത്രം. ബ്രൂണൈ സുല്‍ത്താനുമായും യു ഇ എ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വില്‍പ്പന നടത്തിയതായും ഇടപാടില്‍ രണ്ട് ലക്ഷത്തി അറുപതിനായിരം കോടി കിട്ടിയെന്നുമൊക്കെ അവകാശപ്പെട്ടിരുന്നു ഇയാള്‍.
പുരാവസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ട് 10 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കോഴിക്കോട് സ്വദേശികളുടെ പരാതിയിലാണ് രണ്ട് ദിവസം മുമ്പ് പോലീസ് മോന്‍സണ്‍ മാവുങ്കലിനെ കസ്റ്റഡിയിലെടുത്തത്. ലോകത്തെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം തുടങ്ങാനുള്ള പദ്ധതിയിട്ടതായും അതില്‍ പങ്കാളിയാക്കാമെന്നും പറഞ്ഞാണത്രെ ഇവരില്‍ നിന്ന് പണം വാങ്ങിയത്. 2018 നവംബര്‍ 22ന് മോന്‍സണിന്റെ കലൂരിലുള്ള വീട്ടില്‍വെച്ച് കോണ്‍ഗ്രസ്സ് നേതാവ് കെ സുധാകരന്റെ സാന്നിധ്യത്തിലാണ് 25 ലക്ഷം രൂപ മോന്‍സണിന് നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. യഅ്ഖൂബ് എന്ന മറ്റൊരാള്‍ മോന്‍സണിന് 25 ലക്ഷം കൈമാറിയത് ഡി ഐ ജി സുരേന്ദ്രന്റെ സാന്നിധ്യത്തിലാണത്രെ. അതേസമയം, ഒരു ചികിത്സയുമായി ബന്ധപ്പെട്ട് മോന്‍സണിനെ കണ്ടതല്ലാതെ അയാളുമായി മറ്റൊരു ബന്ധവും തനിക്കില്ലെന്നാണ് സുധാകരന്‍ പറയുന്നത്.
ഏതെങ്കിലും വിധേന രാഷ്ട്രീയ, കലാ, സാംസ്‌കാരിക രംഗത്തെ ഉന്നതരുമായി ബന്ധം സ്ഥാപിച്ച ശേഷം അത് ഉപയോഗപ്പെടുത്തിയാണ് മോന്‍സണ്‍ ആളുകളുടെ വിശ്വാസം നേടിയെടുക്കുന്നതും വശത്താക്കുന്നതും. കെ സുധാകരനും ഡി ഐ ജി സുരേന്ദ്രനും പുറമെ മുന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ, മനോജ് എബ്രഹാം, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, നടന്‍ മോഹന്‍ലാല്‍, കോണ്‍ഗ്രസ്സ് നേതാവ് ലാലി വിന്‍സെന്റ്, ഐ ജി ലക്ഷ്മണ തുടങ്ങിയ പ്രമുഖരോടൊപ്പമെല്ലാം മോന്‍സണ്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അറസ്റ്റിനു തൊട്ടു മുമ്പ് ചേര്‍ത്തലയില്‍ നടന്ന മോന്‍സണിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പ്രമുഖരായ പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു.
മോന്‍സണ്‍ തട്ടിപ്പുകാരനാണെന്ന വിവരം പോലീസിന് ഒരു വര്‍ഷം മുമ്പേ ലഭിച്ചിരുന്നുവത്രെ. ഇന്റലിജന്‍സ് വിഭാഗം ഇയാളുടെ ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നു കാണിച്ച് ഡി ജി പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കാതെ ഡി ജി പി, എ ഡി ജി പി തുടങ്ങിയവര്‍ അയാളുമായുള്ള സൗഹൃദം തുടരുകയായിരുന്നു. സമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ആരില്‍ നിന്നും പരാതി ലഭിക്കാത്തതിനാല്‍ അന്വേഷിക്കേണ്ടതില്ലെന്നായിരുന്നു പോലീസ് മേധാവികളുടെ നിലപാട്. അടുത്തിടെ പരാതി ഉയര്‍ന്നപ്പോള്‍, അറസ്റ്റിലെത്തിക്കാതെ കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കൊച്ചിയില്‍ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് അറസ്റ്റിന് പോലീസ് നിര്‍ബന്ധിതമായത്.
മോന്‍സണിന്റെ പോലീസ് മേധാവികളുമായുള്ള വഴിവിട്ട ബന്ധത്തിലേക്കു വെളിച്ചം വീശുന്നതാണ് ആറര കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പന്തളം സ്വദേശി മോന്‍സണിനെതിരെ ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയില്‍ ഐ ജി ലക്ഷ്മണയുടെ ഇടപെടല്‍. തങ്ങള്‍ക്കു ലഭിച്ച പരാതി ചേര്‍ത്തല സ്റ്റേഷന്‍ അധികൃതര്‍ ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഹരജി റഫര്‍ ചെയ്ത നടപടി റദ്ദാക്കി ചേര്‍ത്തല സി ഐക്കു തന്നെ കൈമാറാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ പേരില്‍ ട്രാഫിക് ഐ ജിയായ ജി ലക്ഷ്മണ ഉത്തരവിറക്കി. അദ്ദേഹത്തിന്റെ അധികാര പരിധിക്കു പുറത്താണ് ഈ ഇടപെടല്‍. ഇതില്‍ വിശദീകരണം തേടി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 16ന് ലക്ഷ്മണക്ക് എ ഡി ജി പി മനോജ് എബ്രഹാം നോട്ടീസ് നല്‍കുകയുണ്ടായി. കേസന്വേഷണത്തില്‍ ഇടപെട്ട് ലക്ഷ്മണ അയച്ച ഇമെയില്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. മോന്‍സണിന്റെ തട്ടിപ്പ് കേസ് അന്വേഷണത്തില്‍ അയാളും ഉന്നതോദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും ഇവര്‍ തമ്മില്‍ നിയമവിരുദ്ധമായ ഇടപാടുകളുണ്ടോ എന്ന കാര്യങ്ങളും ഉള്‍പ്പെടുത്തേണ്ടതുണ്ട്.
അടുത്ത കാലത്തായി നിരവധി തട്ടിപ്പു കേസുകളാണ് കേരളത്തില്‍ അരങ്ങേറിയത്. ഓരോ സംഭവത്തിലും നൂറുകണക്കിനാളുകളുടെ കോടികള്‍ നഷ്ടപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നു. സ്വര്‍ണാഭരണങ്ങള്‍ വിറ്റും വീടിന്റെ ആധാരം പണയം വെച്ചുമൊക്കെയാണ് പലരും ഇത്തരം കമ്പനികളില്‍ പണം നിക്ഷേപിച്ചത്. പണം നിക്ഷേപിക്കുമ്പോള്‍ സ്ഥാപനത്തിന് അംഗീകാരമുണ്ടോ ഇല്ലയോ എന്നന്വേഷിക്കാറില്ല. തട്ടിപ്പില്‍ കുടുങ്ങിയ മിക്കവരുടെയും പക്കല്‍ പണം കൈമാറിയതിന്റെ രേഖകളുമില്ല. തങ്ങളുടെ അശ്രദ്ധ കൊണ്ടാണ് വഞ്ചിതരായതെന്നതിനാല്‍ നിയമ നടപടിക്കും മടിക്കുന്നു പലരും. എല്ലാം നഷ്ടപ്പെട്ട് ആത്മഹത്യാ മുനമ്പില്‍ എത്തിപ്പെടുന്നവരുമുണ്ട് കൂട്ടത്തില്‍. നിരന്തരം ഇത്തരം തട്ടിപ്പുകളുടെ കഥ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടും പുതിയൊരു തട്ടിപ്പു കമ്പനി മോഹന വാഗ്ദാനങ്ങളുമായി രംഗത്തു വരുമ്പോള്‍ പിന്നെയും അതില്‍ ചേരാനും ആളുകള്‍ മുന്നോട്ടു വരുന്നു. തട്ടിപ്പു സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിയമങ്ങളുണ്ടെങ്കിലും ഇവര്‍ക്ക് പോലീസ് മേധാവികളടക്കം ഉന്നതരുമായി ബന്ധമുള്ളതിനാല്‍ നിയമം കടലാസില്‍ ഒതുങ്ങുകയോ ഇഴഞ്ഞു നീങ്ങുകയോ ചെയ്യുന്നു. സമൂഹം സ്വയം ബോധവാന്മാരാകുക മാത്രമാണ് പരിഹാരം. അല്ലാത്ത കാലത്തോളം മോന്‍സണ്‍മാര്‍ നമുക്കിടയില്‍ വിഹരിച്ചുകൊണ്ടേയിരിക്കും.