Kerala
മോന്‍സന്‍ ഭൂമി തട്ടിപ്പ് കേസിലും പ്രതി; പാല സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത് 1.72 കോടി
കൊച്ചി | പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ ഭൂമി തട്ടിപ്പും നടത്തിയതായി കണ്ടെത്തല്‍. വയനാട് ബീനാച്ചി എസ്റ്റേറ്റില്‍ ഭൂമി നല്‍കാമെന്ന് പറഞ്ഞ് പാല സ്വദേശി രാജീവ് ശ്രീധരനില്‍ നിന്ന് 1.72 കോടി രൂപയാണ് മോന്‍സന്‍ തട്ടിയെടുത്തത്. ഈ കേസിലും ക്രൈം ബ്രാഞ്ച് മോന്‍സനിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ആദ്യ ഘട്ടത്തില്‍ പല തവണയായി 26 ലക്ഷം രൂപയാണ് മോന്‍സന്‍ വാങ്ങിയതെന്ന് രാജീവ് ശ്രീധരന്‍ പറയുന്നു. പിന്നീട് ഡല്‍ഹിയിലെ ആവശ്യത്തിനെന്ന് പറഞ്ഞ് വീണ്ടും പണം വാങ്ങി. വീണ്ടും പല ആവശ്യങ്ങള്‍ പറഞ്ഞ് പണം കൈക്കലാക്കി. ആദ്യം നല്‍കിയ 26 ലക്ഷം രൂപ തിരികെ ലഭിക്കാന്‍ വീണ്ടും പണം നല്‍കി എന്നും രാജീവ് ശ്രീധരന്‍ പറയുന്നു. ബീനാച്ചി എസ്റ്റേസ്റ്റിലെ ഭൂമി പാട്ടത്തിനെടുത്ത് നല്‍കാമെന്ന് പറഞ്ഞ് വാഗ്ദാനം ചെയ്താണ് മോന്‍സന്‍ പണം തട്ടിയത്. മധ്യപ്രദേശ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നതും കേരള സര്‍ക്കാറുമായി പലതവണ നിയമയുദ്ധം നടന്നിട്ടുള്ളതുമായ സ്ഥലമാണ് ഇത്. അടുത്തിടെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ഇത് കേരളത്തിനു വിട്ടുനല്‍കിയത്.