monson mavunkal case
മോൻസൺ തട്ടിപ്പ്; താളിയോലകൾ സിനിമക്കായി ഉണ്ടാക്കിയതെന്ന് സംശയം
പുരാവസ്തുക്കളിൽ ഭൂരിഭാഗവും വ്യാജം
കൊച്ചി | പുരാവസ്തു വിൽപ്പനക്കാരനെന്ന പേരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ കൈവശമുള്ള പുരാവസ്തുക്കൾ ഭൂരിഭാഗവും വ്യാജമെന്ന് കണ്ടെത്തൽ. പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പുതിയ കണ്ടെത്തൽ. ഇതിൽ പലതിനും 50 വർഷത്തിൽ താഴെ പോലും കാലപ്പഴക്കമില്ലെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
മോൻസൺ സൂക്ഷിച്ച ചില സാധനങ്ങൾക്ക് 100 വർഷത്തോളം പഴക്കമുണ്ട്. എന്നാൽ ടിപ്പുവിന്റെ സിംഹാസനം, മോശയുടെ വടി തുടങ്ങിയവക്ക് വളരെ ചുരുങ്ങിയ വർഷത്തെ പഴക്കം മാത്രമേയുള്ളുവെന്നാണ് പുരാവസ്തു വകുപ്പിന്റെ കണ്ടെത്തൽ. മോൻസണിന് ശിൽപ്പങ്ങൾ നൽകിയ വ്യക്തിയേയും വീട്ടിലെത്തിച്ച് വിവരങ്ങൾ ആരാഞ്ഞു. കിളിമാനൂർ സ്വദേശിയായ സന്തോഷാണ് ഭൂരിഭാഗം സാധനങ്ങളും മോൻസണിന് നിർമിച്ച് നൽകിയതെന്ന് നേരത്തേ വെളിപ്പെടുത്തിയിരുന്നു.
മോശയുടെ അംശവടി എന്ന പേരിൽ മോൻസൺ പ്രചരിപ്പിച്ചിരുന്നത് ഒരു ഊന്നുവടിയാണ്. ഇത് 2,000 രൂപക്ക് മോൻസണിന് നൽകിയതാണെന്നാണ് സന്തോഷ് ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിട്ടുള്ളത്. ടിപ്പുവിന്റേതെന്ന് അവകാശപ്പെട്ട് പ്രചരിപ്പിച്ച സിംഹാസനത്തിന് പഴക്കം വെറും അഞ്ച് വർഷം മാത്രമാണെന്നാണ് പറയുന്നത്. വർഷങ്ങൾ പഴക്കമുണ്ടെന്ന് അവകാശപ്പെട്ട താളിയോലകളിൽ ഏറിയ പങ്കും വ്യാജമാണ്. ഇവ ഏതോ ചരിത്ര സിനിമക്കായി ഉപയോഗിച്ചതാണെന്നാണ് വിലയിരുത്തൽ. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും മോൻസണിന്റെ ശേഖരത്തിലുള്ള വസ്തുക്കൾ വിശദമായി പരിശോധിക്കും. വസ്തുക്കളുടെ കൃത്യമായ കാലപ്പഴക്കമടക്കം കണ്ടെത്താൻ ചിത്രങ്ങൾ പകർത്തി വിശദമായ പരിശോധനയും നടത്തും.