Connect with us

monson mavunkal case

മോൻസൺ തട്ടിപ്പ്; പുരാവസ്തുക്കളിൽ ശാസ്ത്രീയ പരിശോധന നടത്തും

ശംഖുകൾ സൂക്ഷിച്ചതിന് കേസെടുക്കും. വ്യാജ പുരാവസ്തുക്കൾ നൽകിയയാൾ ഹാജരായി

Published

|

Last Updated

കൊച്ചി | പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ അപൂർവ ഇനം ശംഖുകൾ സൂക്ഷിച്ചതിന് വനം വകുപ്പ് കേസെടുക്കും. കഴിഞ്ഞ ദിവസം മോൻസണിന്റെ വീട്ടിൽ വനം വകുപ്പ് നടത്തിയ റെയ്ഡിൽ 15 ശംഖുകൾ പിടിച്ചെടുത്തിരുന്നു. പ്രാഥമിക പരിശോധനയിൽ ഈ ശംഖുകൾ സംരക്ഷിത പട്ടികയിൽപ്പെടുന്നവയാണെന്ന് വ്യക്തമായതായി വനം വകുപ്പ് പറയുന്നു.
വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്ന്, രണ്ട്, മൂന്ന് പട്ടികയിൽപെടുന്നവയാണ് ഇവ.

ഫോറൻസിക് പരിശോധനക്ക് ശേഷം കേസെടുക്കാനാണ് നീക്കം. മോൻസണിനെതിരായ അന്വേഷണത്തിൽ ക്രൈം ബ്രാഞ്ച് ആർക്കിയോളജി വകുപ്പിന്റെ സഹായം തേടി.

മോൻസണിന്റെ കൈവശമുള്ള പുരാവസ്തുക്കൾ ശാസ്ത്രീയമായി പരിശോധിക്കും. ഇതിനായി അടുത്ത ദിവസം പുരാവസ്തു വകുപ്പിന് ക്രൈം ബ്രാഞ്ച് അപേക്ഷ നൽകും.

ശബരിമലയുമായി ബന്ധപ്പെട്ട വിവാദ ചെമ്പോലയും പരിശോധിക്കും. പുരാവസ്തുക്കളുടെ മറവിലെ സാമ്പത്തിക തട്ടിപ്പ് തെളിയിക്കാൻ കൂടിയാണ് പുരാവസ്തു വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കുന്നത്. പുരാവസ്തു വിദഗ്ധർ കഴിഞ്ഞ ദിവസം മോൻസണിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. അതിനിടെ മോൻസണിന് വ്യാജ പുരാവസ്തുക്കൾ നൽകിയ സന്തോഷ് ഇന്നലെ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായി.

മോൻസൺ അറസ്റ്റിലായ ശേഷം ഇയാൾ ഒളിവിലായിരുന്നു. അമൂല്യമെന്ന് മോൻസൺ പ്രചരിപ്പിച്ച പുരാവസ്തുക്കൾ കേവലം ആയിരവും രണ്ടായിരവും രൂപക്ക് താൻ വാങ്ങിക്കൊടുത്തതാണെന്ന് ഇയാൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പുരാവസ്തു ഇടപാടിലെ ഇടനിലക്കാരനായ ഇയാളെ ക്രൈം ബ്രാഞ്ച് വിശദമായി ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. മോൻസണിന്റെ മുൻ ഡ്രൈവർ അജി, പരാതിക്കാരൻ ഷമീർ എന്നിവരും ഇന്നലെ ക്രൈം ബ്രാഞ്ച് മുമ്പാകെ മൊഴി നൽകാനെത്തി.