Connect with us

First Gear

കാലവര്‍ഷം: ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്കും ദുരന്തബാധിതര്‍ക്കും സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം | കാലവര്‍ഷത്തിലും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും ജീവന്‍ നഷ്ടപ്പെട്ടവരുടെ അനന്തരാവകാശികള്‍ക്കും ദുരന്തബാധിതര്‍ക്കും ദുരിതാശ്വാസ സഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. പ്രളയത്തിന്റെ തീവ്രതയും ദുരിതത്തിന്റെ കാഠിന്യവും കണക്കിലെടുത്ത് അര്‍ഹമായ വില്ലേജുകളെ പ്രളയബാധിത പ്രദേശങ്ങളായി ദുരന്തനിവാരണ നിയമ പ്രകാരം നിശ്ചയിച്ച് വിജ്ഞാപനം സമയബന്ധിതമായി പുറപ്പെടുവിക്കും. വില്ലേജുകളുടെ പട്ടിക നല്‍കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നിര്‍ദേശം നല്‍കും.

പ്രകൃതിക്ഷോഭത്തില്‍ 15 ശതമാനത്തില്‍ അധികം തകര്‍ച്ച നേരിട്ട് പുറംപോക്ക് സ്ഥലത്ത് ഉള്‍പ്പെടെയുള്ള വീടുകളില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ ദുരന്തബാധിത കുടുംബമായി പരിഗണിക്കും. ഭാഗികമായോ പൂര്‍ണമായോ നാശനഷ്ടം സംഭവിച്ച വീടുകള്‍ക്കും സ്ഥലത്തിനും സഹായധനം നല്‍കുന്നതിന് 2019 ലെ പ്രകൃതി ക്ഷോഭത്തില്‍ സ്വീകരിച്ച രീതി തുടരും. നിലവിലെ അതിതീവ്ര മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ജീവഹാനി സംഭവിച്ചവരുടെ അവകാശികള്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് നാല് ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷവും ചേര്‍ത്ത് അഞ്ച് ലക്ഷം രൂപ അനുവദിക്കും.

പുറംപോക്ക് ഭൂമിയില്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന വീടും സ്ഥലവും നഷ്ടപ്പെട്ട ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ നല്‍കും. 218 ആഗസ്റ്റിലുണ്ടായ പ്രളയത്തിലും 2019, 2021 പ്രളയങ്ങളിലും നഷ്ടപ്പെട്ടുപോവുകയോ നശിച്ചുപോവുകയോ ചെയ്ത ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ക്ക് മുദ്രവിലയും ഫീസും ഒഴിവാക്കിയ ഉത്തരവിന്റെ കാലാവധി, ഉത്തരവ് തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ച് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

 

 

Latest