Kerala
മാസപ്പടിക്കേസ്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
രാഷ്ടീയ പ്രേരിതമായ ആരോപണമാണെന്നും വിജിലന്‍സ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു.
കൊച്ചി| മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രാഷ്ടീയ പ്രേരിതമായ ആരോപണമാണിതെന്നും വിജിലന്‍സ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. സിഎംആര്‍ല്ലും എക്‌സാലോജിക്കും തമ്മിലുളള കരാര്‍ ഇടപാടില്‍ ഇരുകമ്പനികള്‍ക്കും പരാതിയില്ല. മുഖ്യമന്ത്രിയെ ഇതുമായി ബന്ധപ്പെടുത്താനുളള ആസൂത്രിത നീക്കമാണ് ഹരജിക്ക് പിന്നിലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
അതേസമയം, മാസപ്പടിക്കേസില്‍ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹരജിയില്‍ ആദായനികുതി വകുപ്പിനടക്കം മറുപടി സമര്‍പ്പിക്കാന്‍ കോടതി നേരത്തെ സമയം അനുവദിച്ചിരുന്നു. ഹരജിയില്‍ വിശദമായി വാദം കേള്‍ക്കുന്നതിനായാണ് ഇന്നത്തേക്ക് മാറ്റിയത്. കേസില്‍ കക്ഷി ചേരാന്‍ ഷോണ്‍ ജോര്‍ജ് നല്‍കിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.