Kerala
മാസപ്പടിക്കേസ് പിണറായിയെ അപമാനിക്കാനുള്ള ഗൂഢാലോചന; മാത്യു കുഴല്‍നാടന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം: എകെ ബാലന്‍
വേഷപ്രച്ഛന്നനായാണ് തിരുവനന്തപുരം കോടതിയില്‍ മറ്റൊരാളെ കൊണ്ട് കേസ് കൊടുപ്പിച്ചത്.

തിരുവനന്തപുരം | മാസപ്പടി കേസ് ലാവലിന്‍ കേസ് പോലെ മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിക്കാന്‍ വേണ്ടിയുള്ള ഗൂഢാലോചനയെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ കെ ബാലന്‍. മാത്യു കുഴല്‍നാടന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാത്യു കുഴല്‍ നാടന്‍ ഗൂഢാലോചനയില്‍ പെട്ടുപോയതാണെന്നും പ്രതിപക്ഷ നേതാവിന്റെ നിലപാട് അപഹാസ്യമാണെന്നും എകെ ബാലന്‍ പറഞ്ഞു.
മാത്യു കുഴല്‍നാടന് മൂന്ന് തവണയായി ജുഡീഷ്യറിയില്‍ നിന്ന് അടി കിട്ടുന്നു. വേഷപ്രച്ഛന്നനായാണ് തിരുവനന്തപുരം കോടതിയില്‍ മറ്റൊരാളെ കൊണ്ട് കേസ് കൊടുപ്പിച്ചത്. ഇപ്പോള്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാപ്പ് അല്ല പറയേണ്ടത്. മാത്യു കുഴല്‍നാടന്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് രാജി വെക്കുകയാണ് വേണ്ടതെന്നും എംകെ ബാലന്‍ പറഞ്ഞു. വിഡി സതീശന്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് ഒഴിയണമെന്നും അദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര ഏജന്‍സികളെ സ്വാധീനിച്ച് വഴിവിട്ട മാര്‍ഗം ഉപയോഗിച്ച് ഒരു നല്ല മനുഷ്യനായ ഭരണാധികാരിയെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്ന് എകെ ബാലന്‍ പറഞ്ഞു. കേസ് കുപ്പത്തൊട്ടിയില്‍ ഇടുമെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞതാണെന്നും അദേഹം പറഞ്ഞു. ബി ഗോപാലകൃഷ്ണന്‍ ശ്രീമതി ടീച്ചറോട് ക്ഷമാപണം നടത്തിയതുപോലെ പ്രതിപക്ഷ നേതാവ് പിണറായിയോട് ക്ഷമാപണം നടത്തണമെന്ന് അദേഹം ആവശ്യപ്പെട്ടു.
മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള പുനപരിശോധനാ ഹര്‍ജി തള്ളിയതിനോട് പ്രതികരിക്കുകയായിരുന്നു എ കെ ബാലന്‍