Kerala
മാസപ്പടി വിവാദം: തന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ടെന്ന് മാത്യു കുഴല്‍ നാടന്‍
അന്വേഷണം അവസാനം മുഖ്യമന്ത്രിയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന്

തിരുവനന്തപുരം | താന്‍ ആവര്‍ത്തിച്ച് പറഞ്ഞ കാര്യങ്ങളില്‍ അടിവരയിടുന്ന റിപ്പോര്‍ട്ടാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയുടേതെന്ന് മാസപ്പടി വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എം എല്‍ എ പറഞ്ഞു. കടലാസ് കമ്പനി വഴി കോടാനുകോടി കൈക്കൂലി വാങ്ങാനുള്ള അവസരം ഒരുക്കി. അവസാനം മുഖ്യമന്ത്രിയിലേക്കാണ് വിരല്‍ചൂണ്ടുകയെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണം താന്‍ ഉന്നയിച്ച ആരോപണങ്ങളിലേക്ക് എത്തുന്നു. ജനങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞ കാര്യങ്ങള്‍ ആധികാരിക തെളിവായി മാറുകയാണ്. ബി ജെ പിയും കേന്ദ്രസര്‍ക്കാരും ആഗ്രഹിച്ചാല്‍ മറച്ചു പിടിക്കാന്‍ പറ്റാത്ത തരത്തിലുള്ള തെളിവുകള്‍ പുറത്തുവന്നുവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പിണറായിയും കുടുംബവും കൊള്ളനടത്തുന്നുവെന്നത് നിഷേധിച്ച് സി പി എം സെക്രട്ടറിയറ്റാണ് രംഗത്തുവന്നത്. സി പി എം എത്രകാലം ജനങ്ങളെ കബളിപ്പിക്കുമെന്ന് കണ്ടറിയണം. നിയമപോരാട്ടം തുടരുമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.
ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയോ എന്ന് സംശയമുണ്ടെന്ന് എസ് എഫ് ഐഒ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സി എം ആര്‍ എല്‍ 184 കോടിയോളം രൂപയുടെ ഇടപ്പാട് എക്‌സാലോജിക്കുമായി നടത്തി. രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനാണോ പണം നല്‍കിയതെന്ന് അന്വേഷിക്കുന്നുവെന്ന് എസ് എഫ് ഐ ഒ അറിയിച്ചു. എക്‌സാലോജികുമായി ബന്ധമുള്ള പ്രമുഖ വ്യക്തിക്ക് ആണ് പണം നല്‍കിയത് എന്നു പറയുന്നതായും പണം കൈപ്പറ്റിയ പി വി എന്നത് പിണറായിവിജയനാണെന്ന് തന്റെ ആരോപണം ശരിവക്കുന്നതാണ് റിപ്പോര്‍ട്ടെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.