Business
മാസ ശമ്പളം 5.62 ലക്ഷം; സെബിയില്‍ ചെയര്‍മാൻ അപേക്ഷ ക്ഷണിച്ചു
പരമാവധി അഞ്ച് വര്‍ഷത്തേക്കാണ് നിയമനം.
മുംബൈ|കേന്ദ്ര സർക്കാരിന്‍റെ ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർമാൻ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍. ധനകാര്യ മന്ത്രാലയമാണ് അപേക്ഷ ക്ഷണിച്ചത്. മുംബൈ ആസ്ഥാനമായിരിക്കും ജോലി. പരമാവധി അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. വ്യക്തിക്ക് 65 വയസ് ആകുകയോ, അഞ്ച് വര്‍ഷം പൂര്‍ത്തിയാകുകയോ, ഏതാണ് ആദ്യം പൂര്‍ത്തിയാകുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാകും നിയമന കാലയളവ്.
പ്രതിമാസം 5.62 ലക്ഷം രൂപയായിരിക്കും ശമ്പളം. വീടോ, വാഹനമോ പോലുള്ള ആനുകൂല്യങ്ങൾ ഉൾപ്പെടാതെയാണിത്. എംബിഎ, മേഖലയിലെ തൊഴില്‍ പരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത. തസ്‌തികയിലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ധനകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലെ സാമ്പത്തിക കാര്യ വകുപ്പിന് കീഴിലുള്ള വിശദമായ അറിയിപ്പ് പരിശോധിക്കാം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 17 ആണ്.
നിലവിലെ സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിയുടെ കാലാവധി 2025 ഫെബ്രുവരി 28 ന് അവസാനിക്കും. ഈ ഒഴിവിലാണ് പുതിയ ചെയർമാനെ നിയമിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കായിരുന്നു മാധബിയെ നിയമിച്ചിരുന്നത്. സെബി ചെയർപേഴ്‌സൺ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയായിരുന്നു ഇവര്‍. ചെയർപേഴ്‌സൺ ആയിരിക്കെ അദാനി കമ്പനികളുമായി ബന്ധപ്പെട്ട് ബുച്ചിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.