Kerala
മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട്; ജലനിരപ്പ് ഉയര്‍ന്നാല്‍ ഏതു സമയത്തും ഡാം തുറക്കും
ഡാമില്‍ നിന്ന് ജലം തുറന്നു വിടുന്നതു മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജലനിരപ്പ് നേരിയ നിലയില്‍ ഉയര്‍ന്നേക്കും.
പത്തനംതിട്ട | ശക്തമായ മഴയെ തുടര്‍ന്ന് കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ജലനിരപ്പ് ഉയരുന്നു. ഡാമിലെ ജലനിരപ്പ് ഇന്ന് വൈകീട്ട് 190 മീറ്ററിന് മുകളില്‍ എത്തിയതിനാല്‍ ജില്ലാ കലക്ടര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇത് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഏതു സമയത്തും ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വരുമെന്നും അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടുമെന്നും ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
ഡാമില്‍ നിന്ന് ജലം തുറന്നു വിടുന്നതു മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജലനിരപ്പ് നേരിയ നിലയില്‍ ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്.
കക്കാട്ടാറിന്റെ, പ്രത്യേകിച്ച് മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ അധികൃതര്‍ അറിയിച്ചു.