feature
മനോബലത്തിന്റെ വിജയവഴി
ഇച്ഛാശക്തിയുണ്ടെങ്കിൽ എവിടെയും വിജയത്തിന്റെ വെന്നിക്കൊടി പാറിക്കാൻ സാധിക്കുമെന്നാണ് ദീജയെപ്പോലുള്ളവരുടെ ജീവിതം നൽകുന്ന മഹത്തായ സന്ദേശം.
പ്രതിസന്ധികളെ ഇച്ഛാശക്തികൊണ്ട് മറികടക്കുകയാണ് കിളിമാനൂർ നിലമേൽ സ്വദേശിനി ദീജ സതീശൻ. ചെറുപ്രായത്തിൽ പോളിയോ ബാധിച്ച് നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കാതെ, എല്ലാ പ്രതിസന്ധികളെയും മറികടന്ന് വിജയം കൈയിലൊതുക്കുകയാണ് ദീജ.
പാലവിള പുത്തൻ വീട്ടിൽ സതീശന്റെയും സുധർമണിയുടെയും രണ്ട് പെൺമക്കളിൽ രണ്ടാമത്തവളായാണ് ബിന്ദോൾ എന്ന് വിളിക്കുന്ന ദീജയുടെ ജനനം. ദീജക്ക് മൂന്നര വയസ്സിൽ പനി വന്ന് ശരീരത്തിന്റെ മുക്കാൽ ഭാഗവും തളരുകയായിരുന്നു.
സാമ്പത്തിക പരാധീനതകൾക്കിടയിലും കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന അമ്മയും പാചകത്തൊഴിലാളിയായിരുന്ന അച്ഛനും തങ്ങളാൽ കഴിയുന്ന വിധം മകളെ പതിമൂന്ന് വയസ്സ് വരെ പലവിധ മരുന്നുകൾ കൊണ്ട് ചികിത്സിപ്പിച്ചു. ഒന്നിലും ഫലമില്ലാതെ വന്നപ്പോൾ അവളുടെ ലോകം വീടകം മാത്രമായി. പിന്നീട് കടന്നുവന്ന വഴികൾ ഓരോന്നും വേദനയുടെയും നിസ്സഹായതയുടെയും മാത്രമായിരുന്നു. ജീവിതം തന്നെ നിശ്ചലമായ അവസ്ഥ.
ഇതിനിടയിൽ വിദ്യാഭ്യാസം എന്നത് ചോദ്യ ചിഹ്നമായി അവശേഷിച്ചു.ചേച്ചി വീട്ടിലിരുന്ന് പഠിക്കുമ്പോള്‍ കൂടെപ്പോയിരിക്കും. അവിടുന്ന് കിട്ടിയ അറിവു മാത്രമായിരുന്നു സമ്പാദ്യം. അക്ഷരങ്ങള്‍ കൂട്ടുകാരായപ്പോള്‍ വായനശീലം തുടങ്ങി. കൂടുതൽ വായനയിൽ നിന്നാണ് പത്താം ക്ലാസ് പഠിക്കണം എന്ന ആഗ്രഹമുണ്ടായത്. അതിന് വേണ്ടി അടുത്തുള്ള ട്യൂട്ടോറിയൽ കോളജിൽ ചേർന്നു. പക്ഷേ പോക്കുവരവിലെ പ്രയാസവും ചിലരുടെ അവഗണനയും പഠിക്കാനുള്ള ആവേശത്തെ തളർത്തി. പഠനം നിലച്ചു. അത് പിന്നെ അവളിൽ വാശിയായിത്തീരുകയായിരുന്നു. അറിവ് നേടുന്നതിനായി സർട്ടിഫിക്കറ്റുകൾ അത്യാവശ്യമായിരുന്നില്ല; അവൾക്ക് വേണ്ടത് മറ്റുള്ളവരിൽ നിന്നും കേട്ടും അറിഞ്ഞും മനസ്സിലാക്കി. ഇതിനിടയിലാണ് പരിമിതികൾക്കൊപ്പം കടക്കെണിയിലായതോടെ സ്വന്തം വീട് വിട്ട്, മറ്റൊരു വാടക വീട്ടിലേക്ക് ജീവിതം പറിച്ചു നടേണ്ടി വന്നത്.
തോൽപ്പിക്കാൻ ശ്രമിക്കുന്നവരുടെ ഇടയിൽ, ആരോടും തോറ്റു കൊടുക്കാൻ മനസ്സില്ലാതെ സ്വയം പഠിച്ചുണ്ടാക്കിയ അറിവിൽ നിന്നും കൊച്ചു കുട്ടികൾക്ക് ട്യുഷൻ എടുത്തു കൊടുത്തിട്ടുണ്ട്. ശാരീരികാവശതകളെ പഴിച്ചിരിക്കുന്നതിന് പകരം ജീവിതത്തിന്റെ സാധ്യതകൾ തേടിയിറങ്ങുകയായിരുന്നു ദീജ. സാമ്പത്തിക ബാധ്യതകൾ ദിനംപ്രതി കൂടി വന്നതോടെ നിസ്സഹായതക്കപ്പുറം അതിജീവനത്തെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി. അങ്ങനെയാണ് ആഭരണങ്ങൾ നിർമിച്ചു കൊടുക്കാൻ തുടങ്ങിയത്. അതിൽ നിന്നൊന്നും കടമില്ലാതെ ഒരു ദിവസം പോലും മുന്നോട്ട് നീങ്ങാനുള്ള മാർഗങ്ങൾ എളുപ്പമായിരുന്നില്ല.
ഇനി എന്ത് എന്ന പ്രതിസന്ധിയിൽ പകച്ചു നിൽക്കുമ്പോഴാണ് 2017ൽ അച്ചാർ നിർമാണം എന്ന ആശയത്തിലേക്ക് എത്തിപ്പെടുന്നത്. പലരും സഹായിച്ചു. പാചകം തൊഴിലാക്കിയിരുന്ന അച്ഛന്റെ കൂടെ സഹായികളായി ദീജയും അമ്മയും ചേച്ചിയും. ഗുണവും തനതായ രുചിയും മേന്മയുമുള്ള അച്ചാർ വീട്ടിൽ ഉണ്ടാക്കാൻ തുടങ്ങി. അങ്ങനെ മനോബലത്തിന്റെ കരുത്തിൽ അഞ്ച് കിലോ മുതൽ നിർമാണം തുടങ്ങിയ നവ സംരംഭമാണ് നൈമിത്ര എന്ന പേരിലറിയപ്പെട്ടു തുടങ്ങിയത്. സോഷ്യൽ മീഡിയ വഴി വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ദീജക്ക്, ഫെയ്‌സ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയുമായിരുന്നു ആളുകളുടെ അച്ചാറുകൾക്കായുള്ള ആവശ്യങ്ങൾ വന്നിരുന്നത്.
സഹതാപത്തിന്റെ ദയനീയ ചിത്രമായി ആരുടെ മുമ്പിലും കൈ നീട്ടാതിരിക്കാനാണ് ദീജ തനിക്കാവുന്ന തരത്തിലുള്ള ഒരു കച്ചവടം തുടങ്ങിയത്. ജീവിതം വഴിമുട്ടാതെ മുന്നോട്ടുള്ള പ്രയാണത്തിന് തന്റെ സാധ്യതയിൽ ഒതുങ്ങുന്ന ഒരു ഉപജീവന മാർഗം മാത്രം. ബാധ്യതകളില്ലാതെ ഒരു വീട് വെക്കണം എന്നതാണ് ആകെയുള്ള സ്വപ്നം. കാലുകളുടെ തളർച്ച ഒരു പരാജയമായി അനുഭവപ്പെട്ടിട്ടില്ലയെന്നും ഭിന്നശേഷിക്കാർക്ക് താങ്ങാവുന്ന സംരംഭമായി തങ്ങളുടെ ഉത്പന്നം മാറണമെന്നാണ് ആഗ്രഹമെന്നും ദീജ പറയുന്നു. ഇച്ഛാശക്തിയുണ്ടെങ്കിൽ എവിടെയും വിജയത്തിന്റെ വെന്നിക്കൊടി പാറിക്കാൻ സാധിക്കുമെന്നാണ് ദീജയെപ്പോലുള്ളവരുടെ ജീവിതം നൽകുന്ന മഹത്തായ സന്ദേശം.