Connect with us

Kerala

ദുരന്ത ബാധിതരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം, കാര്‍ഷിക വായ്പകള്‍ക്ക് അഞ്ച് വര്‍ഷത്തെ സാവകാശം; തീരുമാനം എസ് എല്‍ ബി സി യോഗത്തില്‍

ദുരന്തത്തില്‍ എല്ലാവരും മരിച്ച കുടുംബങ്ങള്‍, ഗൃഹനാഥനും ഗൃഹനാഥയും മരിച്ച കുടുംബങ്ങള്‍ എന്നിവരുടെ വായ്പ എഴുതിത്തള്ളണമെന്ന് ബേങ്കുകളോട് എസ്എല്‍ബിസി ശിപാര്‍ശ ചെയ്തു.

Published

|

Last Updated

തിരുവനന്തപുരം |  വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. കാര്‍ഷിക വായ്പകള്‍ക്ക് അഞ്ച് വര്‍ഷത്തെ സാവകാശം അനുവദിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാനതല ബേങ്കേഴ്‌സ് സമിതി യോഗത്തിലാണ് തീരുമാനം. വായ്പ പൂര്‍ണമായും എഴുതി തള്ളുന്നതില്‍ അതാത് ബേങ്കുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എസ്എല്‍ബിസിക്ക് അധികാരമില്ലെന്നും യോഗത്തിനുശേഷം ബേങ്കേഴ്‌സ് സമിതി വ്യക്തമാക്കി.

ദുരന്തത്തില്‍ എല്ലാവരും മരിച്ച കുടുംബങ്ങള്‍, ഗൃഹനാഥനും ഗൃഹനാഥയും മരിച്ച കുടുംബങ്ങള്‍ എന്നിവരുടെ വായ്പ എഴുതിത്തള്ളണമെന്ന് ബേങ്കുകളോട് എസ്എല്‍ബിസി ശിപാര്‍ശ ചെയ്തു. എല്ലാവരും മരിച്ച കുടുംബങ്ങളുടെ കണക്ക് അതാത് ബേങ്കുകളില്‍ നിന്ന് എടുക്കും. വായ്പ പൂര്‍ണമായി എഴുതി തള്ളുന്നതില്‍ അതാത് ബേങ്കുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. കൃഷിയിടവും കൃഷിയും നശിച്ചവരുടെ വായ്പ എഴുതി തള്ളാന്‍ ബേങ്കുകളോട് യോഗം നിര്‍ദ്ദേശിച്ചു.

കാര്‍ഷിക വായ്പകള്‍ക്ക് അഞ്ച് വര്‍ഷത്തെ സാവകാശം അനുവദിക്കും. ആദ്യ ഒരു വര്‍ഷം മൊറോട്ടോറിയം ഉണ്ടാകും. അത് ചെറുകിട സംരംഭകര്‍ക്ക് കൂടി ബാധകമാക്കാനും ബേങ്കേഴ്‌സ് സമിതി ശിപാര്‍ശ നല്‍കും. ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ 12 ബേങ്കുകളാണ് വായ്പ നല്‍കിയത്. ലോണ്‍ എടുത്തവരുടെ എണ്ണം 3220 ആണ്. 35.32 കോടിയാണ് ആകെ വായ്പ. കൃഷി വായ്പയായി 19.81 കോടി എടുത്തത് 2460 പേരാണ്. പ്രൈവറ്റ് ബേങ്കിന്റെ കാര്യം എസ്എല്‍ബിസി പരിധിയില്‍ വരുന്നതല്ല.

Latest