From the print
സുഗന്ധഗിരി മരംമുറിയില്‍ കൂടുതല്‍ നടപടി; ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
കല്‍പ്പറ്റ ഫ്‌ളയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ എം പി സജീവിനെ വടകര സോഷ്യല്‍ ഫോറസ്ട്രി റേഞ്ചിലേക്ക് മാറ്റി.
കല്‍പ്പറ്റ | സുഗന്ധഗിരി മരംമുറിക്കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി സര്‍ക്കാര്‍. സൗത്ത് വയനാട് ഡി എഫ് ഒയെ സ്ഥലംമാറ്റിയതിന് പിന്നാലെ കല്‍പ്പറ്റ ഫ്‌ളയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ എം പി സജീവിനെ വടകര സോഷ്യല്‍ ഫോറസ്ട്രി റേഞ്ചിലേക്ക് മാറ്റി. രഹസ്യ വിവര ശേഖരണത്തില്‍ വീഴ്ച വരുത്തിയെന്ന് വനം വിജിലന്‍സ് കണ്ടെത്തിയിരുന്നു. കെ പി ജില്‍ജിത്താണ് പുതിയ റേഞ്ച് ഓഫീസര്‍.
മരംമുറിയുമായി ബന്ധപ്പെട്ട് സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ എ ഷജ്‌നയെ കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയിരുന്നു. കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി അസി. കണ്‍സര്‍വേറ്റര്‍ സ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. സൗത്ത് വയനാട് ഡിവിഷനിലെ കല്‍പ്പറ്റ റെഞ്ചില്‍ സുഗന്ധഗിരി കാര്‍ഡമം പ്രൊജക്ടിനായി കൈമാറിയ നിക്ഷിപ്ത വനഭൂമിയിലെ താമസക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയായി നിന്ന 20 മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് നല്‍കിയ അനുമതിയുടെ മറവില്‍ 107 മരങ്ങള്‍ അനധികൃതമായി മുറിച്ചു മാറ്റുകയായിരുന്നു.
അനധികൃത മരംമുറി യഥാസമയം കണ്ടെത്തിയില്ല, വളരെ വൈകി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, ജാഗ്രതയോടെ കേസ് അന്വേഷിച്ചില്ല, 91 മരങ്ങള്‍ അനധികൃതമായി മുറിച്ചുകടത്താന്‍ ഇടയാക്കി എന്നിവ റെയിഞ്ചറുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്നായിരുന്നു വിജിലന്‍സ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. മരം മുറിച്ചു കടത്തിയ വയനാട്, കോഴിക്കോട് സ്വദേശികളായ ഒമ്പത് പേരെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.