Connect with us

National

പഹൽഗാമിൽ പ്രതികരിച്ച് കൂടുതൽ രാജ്യങ്ങൾ; ഇന്ത്യക്ക് പിന്തുണയുമായി ലോകം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെട്ട് നേതാക്കൾ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ചു.

Published

|

Last Updated

കാൻബറ| ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ച് ലോകനേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെട്ട് നേതാക്കൾ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ചു. ആക്രമണത്തിൽ ശക്തമായി അപലപിക്കുന്നുവെന്ന് ആസ്ത്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് അറിയിച്ചു. നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തി. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് ആസ്ത്രേലിയ പൂർണ പിന്തുണ നൽകുമെന്ന് അൽബനീസ് വാഗ്‌ദാനം ചെയ്തു.

ഇന്ത്യയിലെ ജനങ്ങൾക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതായി മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീൻ രാംഗൂലം അറിയിച്ചു. ഭീകരാക്രമണത്തെ അദ്ദേഹം ശക്തമായി അപലപിച്ചു.

ക്രൂരമായ ഭീകരാക്രമണത്തിന്റെ കുറ്റവാളികളെ നീതിക്ക് മുന്നിൽ കൊണ്ടുവരണമെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി പറഞ്ഞു. യു കെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെൻ, ഗയാന പ്രസിഡന്റ് ഇർഫാൻ അലി, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരും പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചു.
വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ ജീവൻ വെടിഞ്ഞവർക്ക് അനുശോചനം അറിയിച്ച് കുവൈറ്റ് കിരീടാവകാശി സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹ്. പരുക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

എല്ലാത്തരം അക്രമങ്ങളെയും തീവ്രവാദത്തെയും സാധാരണക്കാരെ ലക്ഷ്യം വെക്കുന്നതിനെയും രാജ്യം എതിർക്കുന്നുവെന്ന് സഊദി അറേബ്യ അറിയിച്ചു. ഒരു കാരണവശാലും ഭീകരപ്രവർത്തനത്തിന് ന്യായീകരണമില്ലെന്നും അവർ പറഞ്ഞു. ഇത്തരം ക്രിമിനൽ പ്രവൃത്തികളെ ശക്തമായി അപലപിക്കുകയും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും എതിർക്കുകയും ചെയ്യുന്നുവെന്ന് യു എ ഇ അറിയിച്ചു.

കശ്മീരിലെ ഭീകരാക്രമണം മാനുഷികമായ ലോകത്തിന്റെ സൃഷ്ടിക്ക് ഗുരുതരമായ ഭീഷണിയും മനുഷ്യ നാഗരികതയുടെ ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവുമാണെന്ന് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ ഹസീന പറഞ്ഞു. തീവ്രവാദ ശക്തികൾക്കെതിരായ ആഗോള പോരാട്ടത്തിൽ ബംഗ്ലാദേശ് അവാമി ലീഗ് തുടർന്നും പൂർണ പിന്തുണ നൽകും. ഇത്തരം കിരാത ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അവർ പറഞ്ഞു.

Latest