International
ചന്ദ്രനിൽ വെള്ളമുണ്ടെന്നതിന് കൂടുതൽ തെളിവുകൾ! നിർണായക കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞർ
2020-ൽ ചന്ദ്രനിൽ ഇറങ്ങിയ ചൈനയുടെ ചാങ്ഇ-5 ദൗത്യത്തിൽ നിന്നുള്ള സാമ്പിളുകൾ ഗവേഷകർ പരിശോധിച്ചത്. യു എൽ എം-1 എന്ന ചെറിയ, സുതാര്യമായ ക്രിസ്റ്റൽ അവർ ഈ സാമ്പിളിൽ കണ്ടെത്തി.
പ്രതീകാത്മക ചിത്രം
ബീജിംഗ് | ചന്ദ്രനിലെ ജല സാന്നിധ്യത്തെ കുറിച്ചുള്ള സംശയങ്ങളും ചർച്ചകളും ഇത് ആദ്യമായല്ല. നാസയും ഇന്ത്യൻ ദൗത്യങ്ങളും ഇതിൻ്റെ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. എന്നിരുന്നാലും, ജലം ഏത് രൂപത്തിലാണ് ചാന്ദോപരിതലത്തിലുള്ളത് എന്ന കാര്യത്തില്‍ വ്യക്തതക്കുറവുമുണ്ടായിരുന്നു. പക്ഷേ ഇക്കാര്യം ഉറപ്പിക്കുന്നതിന് ഒരു നിർണായക തെളിവ് കണ്ടെത്തിയിരിക്കുകയാണ് ചൈനയിലെ ശാസ്ത്രജ്ഞർ.
ചൈനീസ് ശാസ്ത്രജ്ഞർ ചന്ദ്രോപരിതലത്തിൽ തന്മാത്രയിൽ നിന്നാണ് ജല സാന്നിധ്യം തിരിച്ചറിഞ്ഞത്. ഫിസിക്കൽ സാമ്പിളുകളിൽ മോളിക്യുലാർ വാട്ടർ (H2O) തിരിച്ചറിയുന്നത് ഇതാദ്യമാണ്. ജലം ഇല്ലെന്ന് മുമ്പ് വിശ്വസിച്ചിരുന്ന ഒരു ചാന്ദ്ര മേഖലയിൽ നിന്നാണ് ഇത് കണ്ടെടുത്തത് .
2020-ൽ ചന്ദ്രനിൽ ഇറങ്ങിയ ചൈനയുടെ ചാങ്ഇ-5 ദൗത്യത്തിൽ നിന്നുള്ള സാമ്പിളുകൾ ഗവേഷകർ പരിശോധിച്ചത്. യു എൽ എം-1 എന്ന ചെറിയ, സുതാര്യമായ ക്രിസ്റ്റൽ അവർ ഈ സാമ്പിളിൽ കണ്ടെത്തി. കഴിഞ്ഞ മാസം 16 ന് നേച്ചർ അസ്ട്രോണമിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ആണ് ശാസ്ത്രജ്ഞർ ഈ കാര്യം വിശദീകരിക്കുന്നത്.
ചന്ദ്രന്‍റെ മധ്യ ലാറ്റിറ്റ്യൂഡ് പ്രദേശത്ത് നിന്നാണ് ചാങ്ഇ-5 പേടകം മണ്ണിന്‍റെ സാംപിള്‍ ശേഖരിച്ചത്. ചന്ദ്രനില്‍ ജലത്തിന്‍റെ സാന്നിധ്യമുള്ളതായി നാസയുടെ സോഫിയ ടെലസ്കോപ് 2020ല്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ചൂടുപിടിച്ച ചന്ദ്രോപരിതലത്തില്‍ എങ്ങനെയാണ് ജലമുള്ളതെന്ന് ഭൗതിക തെളിവുകളോടെ നാസയ്ക്ക് സ്ഥാപിക്കാനായിരുന്നില്ല. ഈ വെല്ലുവിളിയാണ് ചാങ്ഇ-5 പേടകം മറികടന്നിരിക്കുന്നത്.
തന്‍മാത്രാ രൂപത്തിലുള്ള വെള്ളത്തിന് പുറമെ ധാതുവിന്‍റെയും അമോണിയയുടേയും സാന്നിധ്യം മണ്ണിന്‍റെ സാംപിളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. നിഗൂഢമായ ഈ ധാതുവിന് യു എൽ എം-1 എന്നാണ് പേര് നല്‍കിയിരിക്കുന്നത് എന്ന് നേച്ചര്‍ ആസ്ട്രോണമി ജേണല്‍ 2024 ജൂലൈ 16ന് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.